
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ’ പുരസ്കാരത്തിന് (സാഹിത്യം- യാത്രാവിവരണം), എഴുത്തുകാരിയായ ശ്രീമതി മിനി മോഹനനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മയുടെ പേരിലുള്ള ഈ അവാർഡ്. ‘യൂറോപ്പ് – ഒരു മായാമോഹിനി’ എന്ന യാത്രാവിവരണത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
മിനി മോഹനൻ (മിനി തങ്കച്ചി. എസ്സ്) ഇടുക്കി ജില്ലയിലെ കാഞ്ചിയാർ സ്വദേശിയാണ്. ശോഭനാലയത്തിൽ ശ്രീ തൃക്കൊടിത്താനം പീതാംബരന്റെയും ശ്രീമതി ശോഭനയുടെയും പുത്രിയാണ്. അച്ഛൻ സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു. വിദ്യാഭ്യാസവകുപ്പിൽനിന്നു വിരമിച്ച ശ്രീമതി ശൈലജ തങ്കച്ചിയും അതെ വകുപ്പിലെത്തന്നെ ഉദ്യോഗസ്ഥയായ രശ്മി തങ്കച്ചിയുമാണ് സഹോദരങ്ങൾ. സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ഡി മോഹനാണ് ഭർത്താവ്. ഏകപുത്രൻ മുരുകേശ് മോഹനനും പുത്രഭാര്യ ദീപികയും ജപ്പാനിൽ ഉദ്യോഗസ്ഥരാണ്.
32 വർഷം മഹാരാഷ്ട്രയിലെ കല്യാൺ (മുംബൈ) നിവാസിയായിരുന്നെങ്കിലും നാട്ടിൽ മടങ്ങിയെത്തിയിട്ട് ഒരുവർഷത്തിലധികമായി. മുംബൈ സാഹിത്യക്കൂട്ടായ്മകളിലെയും സാഹിത്യപ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു.
സാഹിത്യപ്രസിദ്ധീകരണങ്ങളിലെ രചനകൾ കൂടാതെ ആറുപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രകൾ ജീവിതത്തിന്റെ ഒരു ഭാഗമാക്കിയിരിക്കുന്നതിനാൽ നാലെണ്ണവും യാത്രാവിവരണങ്ങൾതന്നെ. അവിസ്മരണീയ യാത്രകൾ(അമർനാഥ് , കഴമീർ, ഭൂട്ടാൻ യാത്രകൾ), ഉത്സകുഷി നിഹോൺ(ജപ്പാൻ യാത്രകൾ), യൂറോപ്പ്- ഒരു മായാമോഹിനി, ഇത്തിരി യാത്രകൾ – ഒത്തിരി വിസ്മയങ്ങൾ(ഭാരതത്തിന്റെ വിവിഷഭാഗങ്ങളിലെ യാത്രകൾ) എന്നിവയാണ് അവ. കൂടാതെ ‘തൊട്ടാവാടിപ്പൂക്കൾ’ എന്നൊരു കവിതാസമാഹാരവും ‘ആകാശം കാണുന്ന വീട്’ എന്നൊരു കഥാസമാഹാരവും ആണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. ഏഴാമതായി ‘മണൽക്കാടിന്റെ സ്പന്ദനങ്ങൾ’ എന്നൊരു യാത്രാവിവരണവും പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. സാഹിത്യക്കൂട്ടായ്മകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട 20 ലധികം കഥാ- കവിതാ സമാഹാരങ്ങളിലും രചനകളിലൂടെ പങ്കാളിത്തം നൽകിയിട്ടുണ്ട്. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും എഴുതിവരുന്നു. വിവിധസാഹിത്യമത്സരങ്ങളിലായി നൂറിലധികം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

No Comment.