
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ കാക്കനാടൻ സ്മാരക പുരസ്കാരത്തിന് സാഹിത്യകാരൻ ശ്രീ. രാസിത്ത് അശോകനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരനായ ജോർജ്ജ് വർഗീസ് കാക്കനാടന്റെ പേരിൽ, മലയാളത്തിലെ മികച്ച അനുഭവകഥയ്ക്ക് നൽകിവരുന്നത്.രാസിത്ത് അശോകന്റെ നന്ദി, ഗില്ലൻ-ബാരി സിൻഡ്രോം എന്ന പ്രചോദനാത്മകമായ അനുഭവകഥയാണ് അവാർഡിനായി തിരഞ്ഞെടുത്തത്..
2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ, മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ
രാസിത്ത് അശോകന്, പാതിരിപ്പറ്റ നെല്ലോളി അശോകന്റെയും നടുക്കണ്ടി
വസന്തയുടെയും ഇളയ മകനാണ്.കൊമേഴ്സ് ബിരുദവും, എന്‍ഐഐടി കമ്പ്യൂട്ടര്‍ ഗ്രാജ്വേഷനും നേടി ബാംഗ്ലൂര്‍ ഗോകുലം ഫിനാന്‍സില്‍ ഡെപ്യൂട്ടി
മാനേജര്‍ അഡ്മിന് ആയി ജോലി ചെയ്തു.
ലോകത്തിൽ തന്നെ 10 ലക്ഷത്തിൽ ഒരാൾക്ക് എന്ന രീതിയിലും, യുഎസിലും യുകെയിലും കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗില്ലൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ച് ജീവിതം മുഴുവനായും തകർന്നു പോയിട്ടും, അവിടെ നിന്നും മരുന്നിന്റെയും മനഃശക്തിയുടെയും പിൻബലത്തിൽ ജീവിതത്തിലേക്ക് നടന്നു കയറിയ രാസിത്ത് അശോകന്റെ പ്രചോദനാത്മകമായ അനുഭവകഥയാണ് നന്ദി ഗില്ലൻ ബാരി സിൻഡ്രോം.കുറഞ്ഞ കാലം കൊണ്ട് 24 പതിപ്പുകൾ പിന്നിട്ട പുസ്തകത്തിന് 2015 16 ലെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.
സ്കൂൾ കാലം മുതൽ തുടങ്ങിയ എഴുത്തിന്റെ ലോകത്ത് കാലങ്കോട് കോളനി, ബൾജുറേഷിയിൽ വിരിയുന്ന ചെമ്പരത്തി പൂവുകൾ എന്നീ കഥാസമാഹാരങ്ങളും ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചുവരെഴുത്ത് എന്ന കവിതാസമാഹാരവും നിരവധി പതിപ്പുകൾ പിന്നിട്ട ശ്രദ്ധേയമായ കൃതികളാണ്.പി ജയചന്ദ്രനും, സുജാത മോഹനും, സിത്താര കൃഷ്ണകുമാറും, കെ കെ നിഷാദും അടക്കമുള്ള പിന്നണി ഗായകർ ആലപിച്ച അന്നു നിനക്കായ്, വയലറ്റ് പൂക്കൾ എന്നീ മലയാള ആൽബങ്ങളുടെ മുഴുവൻ വരികളും രാസിത്തിന്റെതാണ്.
മൊയ്സാമീ ദാസ് എന്ന കഥയ്ക്ക് വരം 2017 കഥാ പുരസ്ക്കാരവും, ബൾജുറേഷിയിൽ വിരിയുന്ന ചെമ്പരത്തി പൂവുകൾക്ക് വരം 2019 സാഹിത്യപുരസ്കാരവും ലഭിച്ചു. ഇങ്ക് ബുക്സ് പേരാമ്പ്ര പ്രസിദ്ധീകരിച്ച നന്ദി ഗില്ലൻ ബാരി സിൻഡ്രോം ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.ഷാർജ ഇന്റർ
നാഷണൽ ബുക്ക് ഫെയറിൽ തന്റെ അനുഭവകഥയോടൊപ്പം പല ഭാഷകളിലെ എഴുത്തുകാരോടൊപ്പം തന്റെ അനുഭവങ്ങൾ പങ്കു വെക്കുവാനും, കൈരളി ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയോടൊപ്പം വേദി പങ്കിടുവാനും അവസരം ലഭിച്ചു. ഫ്ളവേഴ്സ് ഒരു കോടിയിൽ പ്രചോദനാത്മക സംസാരത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.ഗില്ലൻ ബാരി സിൻഡ്രോം എന്ന അസുഖത്തെ കുറിച്ച് കൂടുതൽ അറിയുവാനായി തമിഴ്നാട് ആരോഗ്യവകുപ്പ് രാസിത്തിനെ അതിഥിയായി ക്ഷണിച്ചിരുന്നു.സംസ്ഥാനത്തെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ് രാസിത്ത്.പേരാമ്പ്ര സ്വദേശിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ശ്രീമതി ജിഷ കെ കെ യാണ് ഭാര്യ.

No Comment.