
കവിത
അളക്കുവാൻ
കഴിയീല നിഴൽദൂരങ്ങൾ…
അകലങ്ങളിൽ,
അടുപ്പങ്ങളിൽ,
ഇടയിലായ് കാണും
വെയിൽക്കാഴ്ചയിൽ…
നിഴൽമൂടി നിൽക്കും
വൃക്ഷങ്ങളിൽ,
കൂടുകൂട്ടീടുവാൻ
തർക്കങ്ങൾ കൂട്ടും
പക്ഷിജാലങ്ങളിൽ….
തോളത്തു കയ്യിട്ട്
ഒരുമിച്ചിടുമ്പോൾ
കള്ളക്കണക്കിൻ
കൗശലം കൂട്ടി
തെറ്റിപിരിഞ്ഞീടും സൗഹൃദങ്ങൾ….
അവിടെയും
കണ്ടുഞാൻ
അർത്ഥങ്ങളില്ലാത്ത
നിഴൽദൂരങ്ങൾ….
അച്ഛനിൽനിന്നും
അമ്മയിലേക്കും
അമ്മയിൽ നിന്നും
മക്കളിലേക്കും
കാണാച്ചരടിന്റെ
അഗ്രങ്ങൾ തേടും
വ്യക്തതയില്ലാത്ത
നിഴൽദൂരങ്ങൾ….
ഒടുവിലായറിയുന്നു
കാലങ്ങളോളം
തേടിനടന്നോരു
നിഴൽദൂരങ്ങൾതൻ
അർത്ഥവും വ്യാപ്തിയും…
സ്വത്വബോധത്തിൻ
നിഴൽപ്പാടുകൾ
കർമ്മകാണ്ഡങ്ങൾ
പകർത്തിവയ്ക്കുമ്പോൾ,
ഒന്നിനോടൊന്നു
ചേർത്തുവയ്ക്കും
ജീവിതസത്യമീ
നിഴൽദൂരങ്ങൾ….

No Comment.