
അവസാനത്തെ അത്താഴത്തിൻനാൾ
കൂടെയിരിക്കുന്നവരിലൊരുവൻ
തനിക്ക്
ഒറ്റുകാരനാവുമെന്നു
തിരിച്ചറിയുമ്പോഴും
പറയുമ്പോഴും
ക്രിസ്തുവിന്റെ മനം നൊമ്പരപ്പെട്ടില്ല..
കാലനിയോഗങ്ങളെ മുമ്പേ അറിയുന്നവൻ
എന്തിനു ഭയക്കണം…?
വരാൻപോകുന്ന വിധിഹിതങ്ങളെ വാരിപ്പുണരുവാൻ ആഗ്രഹിച്ചവന്
പ്രിയ ശിഷ്യൻ യൂദാസ്സും ശ്രേഷ്ഠൻതന്നെ…
കർമ്മകാണ്ഡങ്ങളുടെ
തിരുവെഴുത്തിൽ
മാറ്റിവയ്ക്കുവാൻ എന്താണുള്ളത്..?
ചിലർ വേഷങ്ങളെല്ലാം മുൻപേ ആടിതീർത്ത്
അരങ്ങൊഴിയും…
മറ്റുചിലർ ജന്മാന്തരങ്ങളുടെ വേഷപകർച്ചകൾ പിന്നെയും ആടികൊണ്ടേയിരിക്കും..
മുപ്പതുവെള്ളിക്കാശിന് ഒറ്റുകൊടുത്തവന്റെ പ്രായ്ശ്ചിത്തത്തിന്റെ ഭ്രാന്തമായ് നിലവിളികൾ
പാപപങ്കിലമായ അക്കൽദാമയിൽ മുഴങ്ങുമ്പോഴും,
തനിക്കുള്ള മരക്കുരിശും
ശരീരത്തിൽ ഇരുമ്പാണികൾ ഏല്പിക്കുന്ന അഞ്ചുമുറിപ്പാടും
മനസ്സിലേൽക്കുന്ന ആറാം തിരുമുറിവും
പണ്ടേ തിരിച്ചറിവിന്റെ അകക്കാഴ്ചയായ് കണ്ട പരംപൊരുൾ…
ജീവാർപ്പണത്തിന്റെ ബലിധാനത്തിനായ്
വലിച്ചിഴക്കപ്പെടുമ്പോഴും
ചുണ്ടിൽ ഊറിക്കൂടിയ ചിരിയിൽ
കണ്ട സത്യം ഒന്നു മാത്രം….
തന്നെതന്നെ ഒരു സമൂഹത്തിനായ്,
ലോകനന്മക്കായ്,
സമർപ്പണം ചെയ്ത ചാരിതാർത്ഥ്യം..
അതു മാത്രം…..


No Comment.