കവിത

കൊച്ചിലെ താലോലിച്ചു വളർത്തിയ
അപ്പൂപ്പന്റെ കൈകൾകൊണ്ടുള്ള തലോടൽ
ഇന്നും മറക്കാത്ത ഓർമ്മകൾ നൽകുന്നു..
കല്ലുളി പിടിച്ചു ശില്പങ്ങൾ മെനയുന്ന അപ്പൂപ്പന്റെ കൈയ്യിലെ തഴമ്പിൽ തടവാൻ
പ്രത്യേക സുഖമുണ്ടായിരുന്നു..
കൈവെള്ളകളിൽ കൊച്ചു വെള്ളാരം കല്ലുകളും കുന്നിക്കുരുവും ഒട്ടിച്ചുവച്ചതുപോലെ..
പാറക്കൂട്ടങ്ങളിൽ ഇടക്ക് വെടിച്ചുകീറിയ പാടുകൾപോലെ ചില കറുത്ത രേഖകളും..
കരിങ്കല്ലിനോട് മല്ലിട്ട ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ…
കുടുംബത്തിന്റെ അത്താണിയായി വെയിലത്തും മഴയത്തും കാലഭേദങ്ങളുടെ
ഗതിവിഗതികളിൽ പതറാതെ
പാറമടകളിൽനിന്നും പൊട്ടിച്ചു മാറ്റിയ കൃഷ്ണശിലകളിൽ
പല ദൈവങ്ങളുടെ രൂപങ്ങളും ഒളിച്ചിരിപ്പുണ്ടായിരുന്നു…
ശില്പിയുടെ കയ്യിലെ ഉളി പായുമ്പോൾ
രൂപങ്ങൾകൊണ്ടു പുറത്തുവരാൻ അവർ കൊതിച്ചിരുന്നു…
കഥകൾ പറയുമ്പോൾ പലപ്പോഴും അപ്പൂപ്പൻ
മുണ്ടിന്റെ കോന്താലകൊണ്ടു കണ്ണു തുടയ്ക്കുമായിരുന്നു..
എന്തുപറ്റിയെന്നുള്ള
എന്റെ ചോദ്യങ്ങൾക്ക് ചെറുചിരിയോടെ അപ്പൂപ്പൻ ഉത്തരം നൽകി
കണ്ണിൽ കരട് പോയതാണത്രേ…
പക്ഷേ..
പിന്നീടാണറിഞ്ഞത് നോവോർമ്മകളുടെ ബാക്കിപത്രമായിരുന്നു
ഇടയ്ക്കിടെ കണ്ണുകൾ നിറച്ചതെന്ന്..
അപ്പോഴും അപ്പൂപ്പന്റെ കൈകളിലെ തഴമ്പുകളിൽ ഞാൻ മുഖംചേർത്തുപിടിച്ചിരുന്നു..
കഥകളുടെയും പാട്ടുകളുടെയും
അതിലേറെ അനുഭവങ്ങളുടെ ചൂരും
പകർന്നുതന്ന ജീവിതത്താളുകളിൽ
അപ്പൂപ്പന്റെ സ്നേഹമുദ്രകളുണ്ടായിരുന്നു..
അപ്പൂപ്പന്റെ തഴമ്പുള്ള കൈകളിൽപിടിച്ചു നടക്കാൻ പഠിച്ചപ്പോൾ
കരുതലിന്റെ മുറുക്കമുണ്ടായിരുന്നു..
ഇന്നും രാവിന്റെ അന്ത്യയാമങ്ങളിൽ
സ്വപ്നങ്ങളിലെത്തുന്ന
അപ്പൂപ്പൻ
മുഖത്തുമെല്ലെ തഴുകുമ്പോൾ
തഴമ്പുകൾ നിറഞ്ഞ കൈത്തലത്തെ ചേർത്തുപിടിക്കാനൊരുകൊതി…
വെറുതെ… വെറുതെ…
അപ്പൂപ്പനോർമ്മകളിൽ
ചേർത്തുവെയ്ക്കുന്ന
കരുതലിന്റെ ഓർമ്മകൾ പകരുന്ന തഴമ്പുള്ള കരതലത്തിന്റെ തഴുകലിനും ഒരു സുഖം..
മരണമില്ലാത്ത ഓർമ്മകളുടെ സുഖം…


No Comment.