
വയനാട് ദുരന്തം കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഉരുൾപൊട്ടലാണ്.ഒരു ഗ്രാമം ആകെ ഒലിച്ചുപോയിരിക്കുന്നു.മരണം ഇതുവരെ 300റിലതികമായി.
1700പേരെ ഉടനടി രക്ഷിക്കുവാൻ കഴിഞ്ഞെങ്കിലും നിരവധി ആളുകൾ എവിടെയെന്നറിയാതെ ഇപ്പോഴും മണ്ണിനടിയിൽ കിടക്കുന്നു.ദുരന്തത്തിന്റെ വ്യാപ്തി അത്രയും വലുതാണ്.
എന്നിരുന്നാലും ഈ ദുരന്തമുഖത്തേക്ക് മറ്റ് ഏതെങ്കിലും വേർതിരിവുകൾ ഇല്ലാതെ ഓടിയെത്തി മനുഷ്യന് മനുഷ്യർ തന്നെ തുണയാകുന്ന കാഴ്ച്ചയാണ് ഇപ്പോൾ അവിടെ കാണുന്നത്.മാത്രമല്ല ഇത് നമ്മുടെ നാടിന്റെ തന്നെ വലിയ വേദനയായി മാറുന്ന കാഴ്ച്ചയും നമ്മൾ കണ്ടുകഴിഞ്ഞു.അതാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ പൊതുബോധം.
ഒരു ദുരന്തമുണ്ടായാൽ അവിടെ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ കേരളം ഒന്നിക്കുന്നു.
എന്നാൽ നമ്മുടെ ഈ ഐക്യബോധത്തെ തകർക്കുവാനും തുരങ്കം വെയ്ക്കുവാനും കേവലം രാഷ്ട്രീയാധികാര മോഹികളായ തല്പരകക്ഷികളും അവരുടെ പിണിയാളുകളും ഈ ദുരന്തത്തോടൊപ്പം ഇറങ്ങിക്കഴിഞ്ഞു.
അതിനവർ കണ്ടെത്തിയ മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കരുവാക്കുക എന്ന വഴിയാണ്.ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും അത് വകമാറ്റി ചിലവഴിക്കുകയാണെന്നുമൊക്കെ സ്ഥാപിച്ചുകൊണ്ടുള്ള ഓൺലൈൻ പോസ്റ്റുകളും കുറിപ്പുകളും വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി. ദുരന്തങ്ങൾക്കിടയിൽ യഥാർഥ ദുരന്തങ്ങളാകുകയാണ് അവർ. അവരെ തിരിച്ചറിയുകയാണ് ഇനി മലയാളത്തിന്റെ മനസാക്ഷി ചെയ്യേണ്ടത്.
ദുരിതാശ്വാസനിധിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെങ്കിൽപ്പോലും ഈ സംവിധാനത്തെക്കുറിച്ച് അറിയാത്ത നിരവധിപേർ അത് വിശ്വസിച്ചു പോയേക്കാം, അതുവഴി ഒരു സമൂഹത്തെ തന്നെ വഴിതെറ്റിക്കുവാനും ഈ അധികാരമോഹികൾക്ക് കഴിഞ്ഞേക്കാം. ഏതൊരു സർക്കാർ ആണെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആർക്കും ഒരു രൂപപോലും വഴിമാറ്റിചിലവഴിക്കുവാൻ കഴിയില്ല, CAG യുടെ (cndroller&Audit Genaral of india) ) ഓഡിറ്റിന് വിധേമായിരൂപപ്പെടുത്തി വെച്ചിരിക്കുന്ന ഒരു സംവിധാനമാണ് അത്. (C M D R E )
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം തിരികെ കിട്ടിയവരുടെ കണ്ണുനീരൊപ്പുവാനും അവരെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടക്കം മറ്റുസ്ഥാപനങ്ങളും പുനർനിർമ്മിക്കുന്നതിനും മറ്റുമായി അവരോടൊപ്പം നമുക്ക് ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. അതിനായി അയൽ സംസ്ഥാനങ്ങളിലെ അടക്കം എത്രയോ സുമനസ്സുകൾ തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ വരുന്ന രാഷ്ട്രീയഭിപ്രായഭിന്നതകൾ,മറ്റു ചർച്ചകൾ എല്ലാം നമുക്ക് തൽക്കാലം മാറ്റിവയ്ക്കാം,മനുഷ്യത്വമുള്ളവർ ചെയ്യേണ്ടതും അതാണ്.ആദ്യമായി ഈ മഹാദുരന്തത്തിൽ വിറങ്ങലിച്ചുപോയ വയനാടിന്റെ കണ്ണുനീരൊപ്പാൻ കൂടെനിൽക്കാം.ദുരന്തങ്ങൾകിടയിലും ദുരന്തങ്ങളാകുന്നവരെ അകറ്റിനിർത്താം. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.
(നമ്മിൽ നിന്നും വേർപെട്ടുപോയ വയനാട്ടിലെ സഹോദരീ സഹോദരങ്ങൾക്ക്
ആദരാഞ്ജലികളോടെ.)

No Comment.