
മുടിയിഴകീറി ജാതകം പരിശോധിച്ച്,
നാൾപ്പൊരുത്തം നോക്കി,
പത്തിൽ പത്തുമൊത്തവരുടെ
വിവാഹത്തിന് പത്തരമാറ്റ് തിളക്കമുണ്ടായിരുന്നു..
പത്തുദേശത്തുനിന്നും
പങ്കെടുക്കുവാനെത്തിയവരുടെയെണ്ണം
പറഞ്ഞതിലുമേറെയായിരുന്നു..
പാതിവഴിയിൽ ആറ്റുപോയ ബന്ധങ്ങളെയും
കൂട്ടിച്ചേർക്കപ്പെട്ട മംഗളമുഹൂർത്തത്തിന്റെ ധന്യത..
പത്തു മുപ്പതിനു നടന്ന വിവാഹ മുഹൂർത്തത്തിനും
സമയനിഷ്ടയുടെ
പവൻമാറ്റ് തിളക്കമുണ്ടായിരുന്നു..
പത്തിലേറെ വിഭവങ്ങളുള്ള കല്യാണസദ്യയുണ്ട്,
ഏമ്പക്കം വിട്ട്, പുറത്തിറങ്ങിയവർ
നുണയുടെ മേമ്പൊടി ചേർത്ത്
വെടിവട്ടം തീർക്കുവാൻ
തെക്കേതൊടിയിൽ
പത്താം വർഷവും നിറയെ കായ്ച്ചു നിൽക്കുന്ന വരിയ്ക്കപ്ലാവിന്റെ ചുവട്ടിൽ അണിനിരന്നിട്ടുണ്ട്..
അസൂയയുടെയും നുണയുടേയും തമ്പുരാക്കന്മാർ മുടിയിഴകീറി പരിശോധന നടത്താൻ കച്ചകെട്ടുന്നുണ്ട്..
കാലം ബാക്കിവച്ച കരുക്കളിൽ
നേരിന്റെ നിഴലാട്ടം
ഇടയ്ക്കിടെ കാണുന്നുണ്ട്,
സത്യം ജീവിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ നൽകാൻ…
ഒടുവിൽ കിട്ടിയ
വാർത്ത…
പത്തുപൊരുത്തവും ഒത്തുചേർന്നു
നടന്ന വിവാഹം
പത്താംനാൾ ബന്ധം പിരിഞ്ഞുവത്രേ…
കാരണം മറ്റൊന്നുമല്ല
പതിനൊന്നാം പൊരുത്തം
ഒത്തുചേർന്നില്ലത്രേ..
അതിനു പേര്..
“മനപ്പൊരുത്തം “
എന്നാണത്രേ…
മുടിയിഴകീറിനോക്കാൻ
ഒരവസരംകൂടി..
വീടിന്റെ കട്ടളപടിയിലിരുന്ന്
ഒരു ഗൗളി വെറുതേ ചിലച്ചു…

No Comment.