
മുല്ലപ്പെരിയാർ പൊട്ടുമൊന്നും പറഞ്ഞു വാർത്തകൾ പ്രചരിപ്പിച്ച മഴക്കാലത്ത് സിനിമാലോകത്തെ കുറ്റകൃത്യങ്ങൾ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോർട്ട് പൊട്ടിത്തെറിച്ചു. സിനിമാലോകത്ത് പുതിയ പ്രതിസന്ധി ഉടലെടുത്തു. സിനിമയ്ക്ക് പിന്നിലെ സിനിമകൾ പലതും റീലീസായി,സ്ത്രീപീഡനങ്ങൾ,സ്ത്രീവിരുദ്ധകൾ,ചൂഷണങ്ങൾതുടങ്ങി പുരുഷപീഡനങ്ങൾ വരെ വാർത്തകളായി നിറഞ്ഞു.ചാനലുകളുടെ സ്കോറും റേറ്റും കുത്തനെ ഉയർന്നു.കിട്ടിയ വാർത്തകൾ തീർന്നപ്പോൾ ചില ചാനലുകൾ തന്നെ സ്വന്തമായി വാർത്തകൾ ഉണ്ടാക്കിത്തുടങ്ങി. വാടിത്തളർന്നു കിടന്ന യൂറ്റൂബർമാർ ഉഷാറായി, അവർ ചാടിയെണീറ്റ് തങ്ങളുടെ പണി തുടങ്ങി.എരിവും പുളിയും കളറും തേച്ചുപിടിപ്പിച്ച ഗോസിപ്പുകളുടെ പെരുമഴക്കാലം തന്നെ അവർ തീർത്തു.
സിനിമയിലെ തലവന്മാർ പലരും നിന്ന നിൽപ്പിൽ മുങ്ങി.പെണ്ണ് ഒരുമ്പെട്ടിറങ്ങിയപ്പോൾ “ഇന്ന് ഞാൻ നാളെ നീ’ എന്നപോലെ ആയി നടമാരുടെ കാര്യം. സിനിമാ സംഘടന പ്രതികരിക്കണം. ആരൊക്കെയോ വിച്ചുപറഞ്ഞു. പ്രമുഖ നടൻ ഉസ്മാൻ രംഗത്തെത്തി.ചാനലുകൾക്ക് മുമ്പിൽ അയാൾ പകച്ചു നിന്നപ്പോൾ ആരോ അയാളുടെ വായിലേക്ക് ഒരു മൈക്ക് കുത്തിത്തിരുകി.ഞെട്ടിപ്പോയ നടൻ ഉസ്മാൻ വായ് തുറന്നു. എന്താണ് സിനിമയിലെ പുതിയ പ്രശ്നങ്ങൾ എന്നറിയില്ല.കാര്യങ്ങൾ പഠിച്ചിട്ട് പറയാം. ഒരുവിധം പറഞ്ഞൊപ്പിച്ചു. ഹാവൂ… കേട്ടവർക്കും ഒരു ആശ്വാസമായി.
ഒരു പകലിന്റെ നിമിഷങ്ങൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു. ആരൊക്കെയോ തലയിൽ മുണ്ടിട്ട് എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടിരിക്കുന്നു. ചില നടന്മാരൊക്കെ അമേരിക്കയിലും ഉഗാണ്ടയിലുമൊക്കെ ആയിരുന്നതിനാൽ കാര്യങ്ങൾ എന്താണെന്നുപോലും അവർക്കറിയില്ല. ദോഷം പറയരുതല്ലോ പാവങ്ങളാണവർ. ഏതായാലും എങ്ങോട്ടും പോകുവാൻ കഴിയാതിരുന്ന പ്രമുഖ നടൻ ഉസ്മാൻ പ്രതികരണമൊക്കെ കഴിഞ്ഞു കാര്യങ്ങൾ പഠിക്കും വരെ വീട്ടിൽത്തന്നെ കഴിഞ്ഞു കൂടാമെന്നു കരുതി. ഒരു ചായ കുടിച്ചുകൊണ്ടിരുന്ന അയാൾ സായാഹ്നവാർത്തകൾക്കായി ടി വി ഓണാക്കി.വെട്ടിയിട്ട വാഴപോലെ നടൻ പുറകോട്ടുമലർന്നടിച്ചുവീണു. ശബ്ദം കേട്ട് സ്ത്രീകളും കുട്ടികളും ഓടിയെത്തി.ടി വി യിലേക്ക് നോക്കിയ അവരും ഞെട്ടിപ്പോയി. പ്രമുഖ നടൻ ഉസ്മാനെതിരെ നടി രംഗത്ത്. കുറ്റം ബലാത്സംഗം. ബ്രേക്കിങ് ന്യൂസിന്റെ വലിയ അക്ഷരങ്ങൾ ഓടിവരികയും ഓടി മറയുകയും ചെയ്തുകൊണ്ടിരുന്നു.

No Comment.