കവിത

ഉണ്ടായിരുന്നു പണ്ടു പാടങ്ങളിൽ,
പുതുതായി പണിയുന്ന വീടുകൾക്കു മുന്നിൽ,
കോമാളി വേഷം കെട്ടിച്ച നോക്കുകുത്തി രൂപങ്ങൾ….
കൊന്നപ്പത്തലുകളേച്ചുകെട്ടി
പഴയ കരിക്കലത്തെ തലയാക്കി,
പിഞ്ചിത്തുടങ്ങിയ വസ്ത്രങ്ങൾ ഉടയാടയാക്കി
പലപല രൂപക്കോലങ്ങൾ…..
നോക്കുകുത്തികൾ….
ഇന്നുമുണ്ട് നോക്കുകുത്തികൾ
കണ്ണീരിൻ ഉറവകൾ വറ്റി
തണ്ണീരിൻ മാർഗ്ഗമില്ലാതെ,
വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും
സങ്കടങ്ങൾ പേറി,
പോയകാലത്തിന്റെ നെടുവീർപ്പുകൾ ഉള്ളിലേന്തി,
ചില വീടുകളിൽ… ഉമ്മറത്തിണ്ണകളിൽ…
വഴിയോരങ്ങളിൽ….
വൃദ്ധസദനങ്ങളിൽ….
നഷ്ടസ്വപ്നങ്ങളും പേറി ചില ജന്മങ്ങൾ….
ആദർശങ്ങളുടെ അപ്പോസ്തലൻമാർ തെരുവുകളിൽ
അച്ഛനമ്മമാരുടെ നന്മകൾ പ്രകീർത്തിക്കുമ്പോൾ,
അവർക്ക് ജന്മം നൽകിയവരിവർ….
ഇന്നിന്റെ നോക്കുകുത്തികൾ…
ജന്മശിഷ്ടങ്ങളുടെ കർമ്മബന്ധങ്ങളിൽ
ആയുസിന്റെ കണക്കുപുസ്തകത്തിൽ
ബാക്കിവച്ചുപോയ ജീവിതം തള്ളിനീക്കുന്ന
ഇന്നിന്റെ നോക്കുകുത്തികൾ….

No Comment.