
പുലരി പൂത്ത കിഴക്കിനഴകായ് ഭൂമി മലയാളം
നദിയരഞ്ഞാണം ചാർത്തി മിഴിവോടഴകായി
കേരവൃക്ഷസമൃദ്ധി തന്നുടെ കേരളനാടേ
സഹ്യചാരുത നൽകുമുടലിൻ ഭാവസൗന്ദര്യം.
കടലു ചുറ്റിക്കുളിരു നൽകും കാവ്യ സൗഭാഗ്യം
ദൈവനാടിത് മൈത്രി തന്നുടെ
ഓമനപ്പെരുമ
കാടു പൂത്തു കഥ കുറിക്കാൻ കർണ്ണികാരങ്ങൾ
വഞ്ചി തുഴയും കുട്ടനാടിൻ വമ്പു
കണ്ടീടാം.
ഭാഷ പലതുണ്ടിവിടെയഖിലം ഹൃദയസായൂജ്യം
പാട്ടരങ്ങും കൂത്തരങ്ങും പാർവണദ്യുതി പോൽ
നാട്ടുപാട്ടതിനീണമേകാൻ കാട്ടരങ്ങുണ്ടേ
രാവിലിരുളുകളെഴുതി വെച്ച നിറവു കണ്ടീടാം.
പൈതൃകപ്പഞ്ചാമൃതത്താൽ നാവു നുണയുമ്പോൾ
ഉത്സവത്തുടിമേളമിട്ടൊരു പൂവസന്തങ്ങൾ
ശൈത്യസുന്ദരചാരുതയ്ക്കൊരു പുലരി വിരിയുമ്പോൾ
തേൻവരിക്കക്കായ്കൾ കണ്ടു കൊതി നുണഞ്ഞീടാം.
വിശ്വമാനവഹൃത്തടത്തിൽ സ്നേഹമൂട്ടീടും
പച്ച ചുറ്റിപ്പട്ടുടുത്തൊരു കൈരളിപ്പെണ്ണ്
കളകളാരവഗീതിയുതിരും കാട്ടുപുഴയോരം
ചില്ല മേൽ ചെറുപക്ഷി പാടും ഭാഷ മലയാളം.

No Comment.