Skip to content

chithrodayamflashnews.com

Asnap 1409

ദേവേന്ദ്ര ഫഡ്നാവിസ് മറാത്തയുടെ നായകൻ; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ദേവേന്ദ്ര ഫഡ്നാവിസ് മറാത്തയുടെ നായകൻ; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെസത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ നാളെ വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെയും വിജയ് രൂപാണിയുടെയും നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോ​ഗം ഐക്യകണ്ഠേന ഫഡ്നാവിസിനെ ഔദ്യോ​ഗികമായി തെരഞ്ഞെടുക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിൽ മഹാ വിജയമാണ് മഹായുതി നേടിയത്. ഇതിന് ചുക്കാൻ പിടിച്ചത് ദേവേന്ദ്ര ഫഡ്നാവിസ് എന്ന 54 കാരനാണ്. ശക്തമായ നേതൃത്വത്തിനും കാര്യക്ഷമമായ ഭരണത്തിനും പേരുകേട്ട ഫഡ്‌നാവിസ് ഏക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദമാണ് വഹിച്ചത്. 2014 മുതൽ 2019 വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിജെപി വാർഡ് പ്രസിഡന്റായാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. പിന്നീട് യുവമോർച്ചയുടെ നാ​ഗ്പൂർ ജില്ല പ്രസിഡന്റായി. 1997-ൽ, 27-ാം വയസ്സിൽ ഫഡ്‌നാവിസ് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. 1999 മുതൽ നിയമസഭയിൽ നാഗ്പൂരിനെ പ്രതിനിധീകരിക്കുകയാണ് ഫഡ്‌നാവിസ് .

‘മഹാരാഷ്‌ട്രയ്‌ക്ക് നാഗ്പൂരിന്റെ സമ്മാനം’ എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫഡ്നാവിസിനെ വിശേഷിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിലും പാർട്ടിയുടെ മനോവീര്യം കാത്തുസൂക്ഷിക്കാൻ ഫഡ്നാവിസ് അഹോരാത്രമാണ് പ്രവർത്തിച്ചത്. അഞ്ച് മാസത്തിനിടെ സംസ്ഥാനത്തെ 36 ജില്ലകളിലും 75 റാലികൾ അദ്ദേഹം നടത്തി. കഠിനാധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും കാര്യത്തിൽ, ഫഡ്‌നാവിസ് മാതൃകയെ വിമർശകർ പോലും വാഴ്‌ത്തുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6