സ്വപ്നങ്ങള്‍ അവസാനിച്ചു ; നാലുപേരും മണ്ണിലേക്ക് മടങ്ങി
പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് വിദ്യാർത്ഥിനികളുടെയും ഖബറടക്കം നടന്നു. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം രാവിലെ ആറ് മണിയോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിച്ചു. തുടർന്ന് രണ്ട് മണിക്കൂർനേരം ഇവിടെ പൊതുദർശനത്തിന് ശേഷം തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം കബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദർശനം ഉണ്ടായില്ല. ഇന്ന് വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്-സജ്ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്, സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം, നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം, ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇവർ. ക്രിസ്മസ് പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപ്രതീക്ഷിത ദുരന്തം. ഒരു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
No Comment.