വാഷിങ്ടൺ/ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഇറാനും യുഎസും തമ്മിൽ നടന്ന ചർച്ചകളിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു പ്രധാന തടസ്സമായിരുന്നതെന്ന് റിപ്പോർട്ട്. ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയിരിക്കെ ചർച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു പ്രധാന തർക്കമെന്നാണ് ഇരുരാജ്യത്തേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം20 വർഷത്തേക്ക് മരവിപ്പിക്കാൻ യുഎസ് നിർദ്ദേശിച്ചു. എന്നാൽ ഇറാൻ അഞ്ചു വർഷത്തേക്ക് മാത്രമേ ഇതിന് സമ്മതം അറിയിച്ചുള്ളൂ. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ഈ നിർദേശം തള്ളി. രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരേയും ഒരു യുഎസ് ഉദ്യോഗസ്ഥനേയും ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.
ശുദ്ധീകരിച്ച യുറേനിയം ദുർബലമാക്കാമെന്ന് ഇറാൻ പറഞ്ഞെങ്കിലും യുഎസ് അത് നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് അത് വീണ്ടും സമ്പുഷ്ടീകരിക്കാൻ സാധിക്കുമെന്നാണ് യുഎസ് ഇതിന് തടസ്സമായി പറഞ്ഞത്. അതേസമയം ചർച്ച തുടരാനുള്ള സാധ്യതയും യുഎസ് ഉദ്യോഗസ്ഥർ നൽകി.
ഇതിന് സ്ഥിരീകരണം നൽകി രണ്ടാം ഘട്ട ചർച്ചയ്ക്ക് പാകിസ്താൻ ഇരുരാജ്യങ്ങളേയും ക്ഷണിച്ചു.
No Comment.