വാൽപ്പാറ അപകടത്തിൽ അധ്യാപകർ കൂട്ടത്തോടെ മരണപ്പെട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലായ പാങ്ങ് ജി.എൽ.പി സ്കൂളിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ ഇന്ന് കലക്ടറേറ്റിൽ അടിയന്തര യോഗം ചേരും.
ഉച്ചയ്ക്ക് 12.30-ന് ചേരുന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, അത് തടസ്സമാകാതെ സ്കൂളിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിന് പ്രത്യേക അനുമതി നൽകാൻ കലക്ടറോട് ആവശ്യപ്പെടും.
സ്കൂളിലെ അഞ്ച് അധ്യാപകരും ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ പത്തുപേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. ഈ വലിയ ആഘാതത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനായി കൗൺസിലിങ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പുരോഗതി ശിശുക്ഷേമ സമിതി യോഗത്തിൽ അറിയിക്കും.
സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്കൂൾ സന്ദർശിക്കും. നിലവിൽ പാങ്ങ് ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. അഹമ്മദ് കുട്ടി മാസ്റ്റർക്കാണ് സ്കൂളിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
അതേസമയം, അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വിനോദയാത്രയ്ക്ക് പോയ 13 പേരിൽ പത്തുപേർ മരണപ്പെട്ടത് നാടിനാകെ നികത്താനാവാത്ത ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
No Comment.