
കഥ
“രണ്ട് വരികൾ കൂടി എഴുതിവെയ്ക്കണം, മരണത്തിന് മുൻപ് ജീവിച്ചിരുന്നു എന്നതിനൊരു തെളിവായി. സ്വന്തം ജീവിതം മറന്ന് തുടങ്ങിയ ഒരാളായിരുന്നു ഞാൻ.ഇനിയെന്റെ ജീവിതത്തെ തിരികെപിടിക്കാനും എനിക്കാവില്ല. സമയചക്രം എന്നെയും മറികടന്ന് വളരെ ദൂരം പോയി കഴിഞ്ഞിരിക്കുന്നു.”
എഴുപത്തിയെട്ട് വയസുള്ള ദേവദാസ് തന്റെ കാവികൈലിയുടെ തുമ്പിൽ പൊതിഞ്ഞ നാല് വിത്തുകൾ കൈവെള്ളയിൽ വെച്ച് ഒരു ആൽമരത്തിന്റെ ചുവട്ടിൽ ഇളം കാറ്റേറ്റ് ഇരിക്കുകയാണ്..തൊട്ടുമുൻപിൽ വളരെ വിശാലമായ ഒരു പാർക്കുണ്ട്. ആളൊഴിഞ്ഞ അരങ്ങുപോലെ… ശരീരം വളരെ ഉച്ചത്തിൽ പറയുന്നുണ്ട്.
“എനിക്ക് തീരെ വയ്യ… ഞാൻ ഇപ്പോ വീഴും… എന്നെ സഹായിക്കു.. സഹായിക്കു..”
അഭിമാനിയായ മനസ്സിന് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. നാൾ ഇതുവരെ ആരോടും സഹായം ചോദിച്ചതായി ദേവദാസ് ഓർക്കുന്നില്ല. ഓർമകുറവായിരിക്കാം. അരങ്ങിൽ നിന്ന് അരങ്ങിലേക്ക്… അണിയറയിൽ നിന്ന് അണിയറയിലേക്ക് എത്രയെത്ര തവണ മാറിയിരിക്കുന്നു. താൻ ജീവിതത്തിൽ അഭിനയിക്കുക മാത്രമല്ല… അണിയറയിൽ പലർക്കും വഴികാട്ടിയാകുകയും ചെയ്തേക്കുന്നു..
“ഞാൻ അഭിനയിച്ച.. ഞാൻ സംവിധാനം ചെയ്ത ജീവിത നാടകങ്ങളെല്ലാം വിജയിച്ചിരിന്നു… ഞാൻ ഒഴികെ!
പരാതിയില്ല.. പരിഭവവുമില്ല.. എന്നെ കൊണ്ടുവന്നവർക്ക് നഷ്ടമായിപോയെന്നാലും ഞാൻ കൊണ്ടുവന്നവരെല്ലാം വിജയിച്ചിരുന്നു.. വിജയം അവരെ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോയി.. കാണിയായി ഞാൻ താഴെ നോക്കി നിന്നു.. എന്നെയും ഒപ്പം ചേർക്കുമെന്ന് വെറുതെ ആശിച്ചു.. വെറുതെ….”
ഏറെ നേരമായി തന്റെ ജീവിതചിന്തയിൽ മുഴുകി അയാൾ ആൽത്തറയിലിരുന്നു.ഒടുവിൽ അയാൾ ഒന്നെഴുന്നേറ്റ് മുൻപിലെ പൂന്തോട്ടത്തിലേക്ക് നടന്നു.. നിറയെ നിറയെ പൂക്കൾ.. എങ്ങും സുഗന്ധം.. ഒരു തരം മെഡിറ്റേഷൻ പോലെ ദേവദാസിനു തോന്നി.. അയാളുടെ മുഖത്ത് പുഞ്ചിരി പടർന്നു.. ആരെയും ഒന്നും ബോധ്യപ്പെടുത്താനായിയില്ല… ആരും തന്നെ തിരഞ്ഞുവരാനുമില്ല.. ഉണ്ട്.. പക്ഷെ തിരക്കിൽ നിന്നും ദേവദാസിനായി അല്പസമയം മാറ്റിവെക്കാനില്ല പലർക്കും. അല്ലേൽ തന്നെ വേദിയൊഴിഞ്ഞ ഒരാളെ ആര് ശ്രദ്ധിക്കാൻ?
ഇനിയും ചിന്തിച്ചിരിക്കാൻ നേരമില്ല.. വൈകിയാൽ മരണവണ്ടിയും നിർത്താതെ തന്നെ കടന്ന് പോയെന്ന് വരും.. മറ്റൊരു അവസരം പിന്നീട്…….
എന്നും അങ്ങനെയായിരുന്നു.. അവസരങ്ങൾ മുന്നിലൂടെ കളിയാക്കിചിരിച്ചോണ്ട് വേഗം പോയ്കളയും…
ദേവദാസ് ജീവിച്ചെന്ന് കരുതിയ ഏഴ് പതിറ്റാണ്ടുകൾ ശരിക്കും എട്ട് പതിറ്റാണ്ടുകൾ… ഓർമയിൽ നിന്നും മായ്ച്ചുകളയാൻ നേരമായി…കൈയ്യിൽ കരുതിയ അവസാനത്തെ സമ്പത്ത് അഥവാ ആകെയുള്ളത് നാല് വിത്തുകൾ മാത്രം.
“ഭാവിയിൽ പലർക്കും തണലും മധുരവും ഇളം തണുത്ത കാറ്റും നൽകാൻ ഞാൻ കാരണമാകും… “
വിത്തുകൾ അയാൾ ഉദ്യാനത്തിലേക്ക് വീശിയെറിഞ്ഞു..
അവസാനമായി കുറിച്ചുവെയ്ക്കാൻ കൊതിച്ച രണ്ട് വരികളും അയാൾ മറന്നുപോയിരുന്നു…കറുത്ത മേഘങ്ങൾ താഴെക്കിറങ്ങി തുടങ്ങി.. കാഴ്ചകൾ മങ്ങി തുടങ്ങി.. അയാൾ തന്റെ പരാജയം സ്വയം അംഗീകരിച്ചുകഴിഞ്ഞിരുന്നു. ആദ്യമായി തന്നെയും കാത്ത് അവസാനത്തെ അവസരം കാത്ത് കിടന്നു.. ഇവിടെ ദേവദാസ് വിജയിക്കും..
മരണം!
നിഥിൻകുമാർ ജെ പത്തനാപുരം
7994766150


No Comment.