
കഥ
വീടിന്റെ ചുവരുകളിൽ ചിതൽ പെരുകി.പതിയെ പതിയെ ഭിത്തി നിറഞ്ഞു. ചുവരുകളിലൂടെയവ മുകളിലോട്ട് യാത്ര തുടരുകയാണ്. ചിതലരിച്ച മുറിയിൽ ചിന്തയിൽ മുഴുകിയിരിക്കുകയാണ് ബാബുരാജ്. തന്റെ ജീവിതവും ഈ ചുവരുകൾ പോലെ ചിതലരിച്ചു കഴിഞ്ഞു. ഇവിടെ ഈ മുറിയിൽ തനിച്ച് എത്ര നാളായി?അറിയില്ല.. ഒന്നോ രണ്ടോ വർഷം.. അതെ അത്രെയും ആയിക്കാണും.. കഴിഞ്ഞ മുന്നര വർഷം മാനസികരോഗ്യ കേന്ദ്രത്തിൽ ഒറ്റപ്പെട്ടതിന് സമമാണിവിടെയും.. ഒരുപക്ഷെ അവിടെത്തെകളും കൂടുതൽ ഒറ്റപ്പെടൽ ഇവിടെ ബാബുവിന് തോന്നിതുടങ്ങി.
ഈ കഴിഞ്ഞകാലമത്രെയും തന്നെ തേടിയാരും വന്നിട്ടില്ല.. ഈ അഞ്ചരവർഷകാലവും.
“എന്റെ തെറ്റാണ്. എന്റെ മാത്രം തെറ്റ്. കാട് കയറിയ ചിന്തകളായിരുന്നു നാശത്തിന്റെ ആരംഭം. പലതും ബോധ്യപ്പെടനായി ഏറെകാലം വേണ്ടിവന്നു.”
തന്നിൽ നിന്നും അകലം പാലിച്ചവരാരും ഇനി തന്റെ അടുത്തേക്ക് വരില്ല.ബാബുവിന് അത് നന്നായിയറിയാം.
“എല്ലാത്തിനും ഞാൻ മാത്രമാണ് കാരണം. ഏതോ നിമിഷത്തിലറിയാതെയെ എവിടെ നിന്നോ കയറികൂടിയ ചിന്തകൾ. ചിതലുകൾ പെരുകുന്നതിനെക്കാൾ വേഗത്തിൽ ചിന്തകൾ പെറ്റ് കൂട്ടി.”
ബാബുവിന്റെ ചിന്തകൾ ഭയത്തിനും ജന്മം നൽകിയിരുന്നു. ബാബു പോലുമറിയാതെ ഭയം വളർന്നു, തന്നെകാൾ. എല്ലാരും ഒരുപോലെ സ്വാർത്ഥരാണെന്നു അയാൾ കരുതി. ഒരുപക്ഷെ ഭാര്യയുടെ ചിലവിൽ കഴിയുന്ന തൊഴിൽരഹിതനായ ഭർത്താവിന് ഇത്തരത്തിൽ ചിന്തകൾ വരുമായിരിക്കും.പലപ്പോഴും വൈകിവരുന്ന ഭാര്യയെ കാണുമ്പോൾ.. ഒപ്പം തന്നെക്കാൾ മികച്ച പുരുഷന്മാർ ജോലിചെയ്യുമ്പോൾ അവരിൽ ആരോടെലും ഒരിഷ്ടം തോന്നാം.
ജീവിതം പച്ചപിടിപ്പിക്കാൻ രണ്ട് പെണ്മക്കളെ വളർത്താൻ, തൊഴിൽരഹിതനായ ഭർത്താവിന്റെ കാര്യങ്ങൾ കൃത്യമായി നടക്കാൻ കഷ്ടപ്പെടുന്ന ഒരുവളെ അയാൾ ഓർക്കുന്നില്ല. മനസ്സിൽ കയറികൂടിയ ചിന്തകൾ.. അവയാണ് ശരിയും തെറ്റും തിരിച്ചറിയാനുള്ള സെൻസർ ഡിയാക്ടിവേറ്റ് ചെയ്തത്.
തന്റെ ഭാര്യ തനിക്ക് വിഷം നൽകി കൊല്ലുമെന്ന് അയാൾ ഉറച്ച് വിശ്വസിച്ചു. തന്റെ വിശ്വാസത്തെ ഉറപ്പിക്കും വിധം അയാളുടെ കാതുകളിൽ ആരോ പറയുന്നു. നിരന്തരമായി.
“നീ സൂക്ഷിക്കണം. നീ അപകടത്തിലാണ്.നിന്നെയവൾ കൊല്ലും.”
ഓരോ ദിവസവും ബാബുവിന്റെ ചിന്തകൾ അതിരുകടന്നു. തന്റെ ഭാര്യ പറയുന്നതിനൊക്കെ മറ്റൊരു രീതിയിൽ അർത്ഥം കണ്ടെത്തി തുടങ്ങി. ഒരു ചെറു മൂളൽ പോലും പല രീതിയിലും വ്യാഖ്യനിച്ചുതുടങ്ങി.
ഒപ്പം കിടക്കുമ്പോഴും അയാൾ മുൻകരുതലെടുത്തിരുന്നു. ഓരോ രാത്രിയിലും ഉറങ്ങാതെ അയാൾ ഉണർന്ന് കിടന്നു. ദിവസങ്ങൾ പോകെ ഭയവും സംശയവും മലപോലെ വളർന്നു തുടങ്ങി..
ഒരു നിമിഷം, ചിന്തകൾ ആകാശം തൊട്ട ഒരു നിമിഷം.
ബാബു ചിന്തയിൽ നിന്നും ഉണർന്നു.. കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ അയാളെ ഈ നിമിഷം അലട്ടുന്നു. ഹോസ്പിറ്റൽ.. പോലീസ് സ്റ്റേഷൻ.. കോടതി…. ജീവൻ മാത്രം ബാക്കിയായ ഭാര്യയെ അവളുടെ കുടുംബം ഒപ്പം കൂട്ടി.. മക്കളും ഒന്നും മിണ്ടാതെ പടിയിറങ്ങി.
ഭ്രാന്തന് ജയിൽവാസം കിട്ടിയില്ല.. കൊലപാതകശ്രമം… മാനസിക വിഭ്രാന്തിമൂലം. ഡോക്ടർ തനിക്ക് ഒരു പേര് നൽകി.. പേര് തനിക്കല്ല തന്റെ രോഗത്തിന്.
“സ്ക്രീസൊഫീനിയ “
ചിതൽ മൂടിയ ചെറുമുറിയിൽ നിന്നും ബാബു പുറത്തേക്കിറങ്ങി. പുതിയ ലോകത്തിന്റെ പ്രകാശത്തേക്ക്.
പക്ഷെ സമൂഹം അവനെയിന്നും ഈ നേരവും ഭ്രാന്തനായി തന്നെ കണ്ടു..
ചിലർ കല്ലെറിഞ്ഞു.. ഇരുളുമ്പോൾ അല്ലാതെ പുറത്തേക്കിറങ്ങാതെ മുറിയിൽ അടച്ചിരുന്ന ബാബു ഒരു പകലിൽ പുറത്തിറങ്ങിയപ്പോൾ അയാളെ കല്ലെറിയാൻ ഒത്തിരിപേരുണ്ടായിരുന്നു.
“എനിക്ക് ഇപ്പോൾ പ്രശ്നം ഒന്നുമില്ല. “
ബാബു നിരന്തരം പറഞ്ഞു
ഒരു ഭ്രാന്തന്റെ വാക്കുകൾ മാത്രമായിയത് ഒതുങ്ങി.
വർഷങ്ങൾക്ക് മുൻപ് കാതിൽ തുടർച്ചയായി കേട്ട ശബ്ദം വീണ്ടും ബാബുവിന്റെ കാതിൽ തുളച്ചുകയറി.
നിഥിൻകുമാർ ജെ പത്തനാപുരം
7994766150


No Comment.