Skip to content

chithrodayamflashnews.com

ഇന്നസെന്റിന്റെ 30-ലേറെ കഥാപാത്രങ്ങളുടെ മുഖം കല്ലറയില്‍ ആലേഖനം ചെയ്ത് കുടുംബം; അപൂര്‍വ കാഴ്ചയൊരുക്കാനുള്ള ആശയം പ്രിയനടന്റെ കൊച്ചുമക്കളുടേത്

2023 | ഏപ്രിൽ 02|ഞായർ |

അഞ്ച് പതിറ്റാണ്ട് മലയാളികളുടെ ജീവിതത്തില്‍ നര്‍മ്മവും സൗഹൃദവും നിറച്ച, മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നച്ചന്‍ വിടവാങ്ങിയതിന്റെ വേദനയിലാണ് കലാകേരളമിപ്പോഴും.

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളക്കരയുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്നത് ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ്. ഇന്നസെന്റിന്റെ ഏഴാം ഓര്‍മ്മദിനമാണ് ഇന്ന്.

ഇപ്പോഴിതാ ഒരുപാട് പ്രത്യേകതകളുമായി അദ്ദേഹത്തിന്റെ കല്ലറയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇന്നസെന്റ് അഭിനയിച്ച്‌ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30-ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കുടുംബമാണ് ആലേഖനം ചെയ്തത്. ഈ ആശയം അദ്ദേഹത്തിന്റെ കൊച്ചുമക്കളുടേതാണ്. കല്ലറ ഏറ്റവും മനോഹരമാക്കണമെന്നും അതില്‍ ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ച്‌ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിലുമുണ്ടാവണമെന്നായിരുന്നു ഇന്നസെന്റിന്റെ കൊച്ചുമക്കളുടെ ആഗ്രഹം.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 26-ന് രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ഒരാഴ്ചയോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയിലാണ് സിനിമയില്‍ എത്തിയത്.

പില്‍ക്കാലത്ത് ഹാസ്യനടനായും സ്വഭാവനടനായും ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്. 750-ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരുന്നു. പ്രിയപ്പെട്ട താരത്തിന്റെ വിയോഗ വേദനയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം ഉള്‍പ്പടെ ചലച്ചിത്രലോകം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി. രാഷ്‌ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ ഇന്നസെന്റിന് അന്ത്യാഞ്ജലി നേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6