
ബാല കഥ
“മനു നീ എന്ത് എടുക്കുവാ “
മനുവിന്റെയമ്മ വനജ വിളിച്ചു ചോദിച്ചു.
“ഇവിടെയുണ്ട് “
പുറത്തുനിന്നും മനു ഉറക്കെ വിളിച്ചു പറഞ്ഞു.
വനജ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുമ്പോൾ മനു ഒരു കൂട്ടം ഉറുമ്പിന്റെ പുറത്തായി കപ്പിൽ വെള്ളം നിറച്ചൊഴിക്കുന്നതാണ് കാണുന്നത്.
“മോനെ!”
വനജയുറക്കെ വിളിച്ചു.
അവൻ തിരിഞ്ഞു നോക്കി.
“നീയെന്താ ഈ ചെയ്യുന്നേ?”
“ഈ ഉറുമ്പ് എന്നെ കടിച്ചു.”
“അതിനാണോ നീ അത്രയും ഉറുമ്പിനെ വെള്ളമൊഴിച്ചു നശിപ്പിക്കുന്നെ.!”
“പിന്നെ എന്നെ കടിച്ചാൽ എന്ത് വേണം?”
“മോനെ.. നിന്നെ കടിച്ചത് ഒരു ഉറുമ്പല്ലേ.. അതിനെയങ്ങു തട്ടി മാറ്റിയാൽ പോരെ. അതങ്ങ് പോവാത്തില്ലെ…”
മനുവിന്റെ മുഖം കറുത്തു.അത് കണ്ട അമ്മ അടുത്തെത്തി വെള്ളം നിറച്ച പാത്രം പതിയെ വാങ്ങി.
“മോൻ വാ..”
മനുവിന്റെ ശിരസ്സിൽ തലോടി അവനെ വരാന്തയിലിരുത്തി.
“മോനെ നിയെന്നെ കേൾക്കുമോ.?”
“മ്മ് പറ “
“നമ്മൾ ആരുടെയും ജീവിതത്തിൽ വെറുതെ കേറരുത്. അതിന് നമ്മുക്ക് അവകാശമില്ല.”
“അപ്പൊ എന്നെ കടിച്ചതോ.?”
“അത് ഒരു ഉറുമ്പല്ലേ?നമ്മുക്ക് ഓരോ പ്രാണികളിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാനുണ്ട്. കൊതുകിൽ നിന്നും ഈച്ചയിൽ നിന്നും ഉറുമ്പിൽ നിന്നും അങ്ങനെ എല്ലാരിൽ നിന്നും. നീയൊന്നു നോക്കിക്കേ…. കുറച്ചു വെള്ളം ഒഴിച്ചപ്പോൾ ആയിരകണക്കിന് ഉറുമ്പുകളുടെ ജീവിതമല്ലേ നശിച്ചത്. എത്ര കഷ്ടപ്പെട്ടായിരിക്കും അതൊക്കെ അവർ ഉണ്ടാക്കിയത്.അവർക്ക് അത് അവരുടെ കൊട്ടാരമാണ്.”
“ഞാൻ ഒരു കപ്പ് വെള്ളമല്ലേ ഒഴിച്ചേ?”
“അതെ. പക്ഷെ.. അമ്മ പറയുന്നത് മോൻ കേൾക്ക്. മോനും എനിക്കും ഇതൊരു കപ്പ് വെള്ളമാണ്. പക്ഷെ നമ്മളെക്കാൾ എത്രയോ ചെറുതാണ് ഉറുമ്പുകൾ, അവർക്ക് അതൊരു കടലാണ്. നമ്മുക്ക് ചെറുതായി തോന്നുന്നതെല്ലാം മറ്റുള്ളവർക്കും അങ്ങനെയാവണമെന്നില്ല. മോന് മനസ്സിലായോ?”
“മ്മ് “
“മോൻ വാ.. അമ്മ ഒരു കൂട്ടം കാണിക്കാം.”
വനജ മകനുമായി പുറത്തേക്കിറങ്ങി
“ദേ നോക്കിയേ..”
മനു മണ്ണിലേക്ക് നോക്കി.
“ചിതറിയോടുന്ന ഉറുമ്പുകളെ മോൻ കണ്ടോ. അവയൊക്കെ ഭയന്ന് ഓടുവാ.. എന്നിട്ടും കൂട്ടത്തിൽ ഉള്ളവരെ സഹായിക്കുന്നത് കണ്ടോ.”
“ഉറുമ്പുകൾ പാവമാണോ അമ്മേ?”
“അതെ മോനെ.. ഉറുമ്പുകൾ മാത്രമല്ല എല്ലാരും. നമ്മളാണ് ആ പാവങ്ങളെ ദ്രോഹിക്കുന്നത്. അവരും ജീവിക്കട്ടെ. അല്പനേരം ഇവരെ മോൻ ശ്രദ്ധിച്ചാൽ ഒരുപാട് കാര്യങ്ങൾ നിനക്ക് മനസിലാകും.”
മനു അമ്മയെ നോക്കി.
“സാരല്യ.. മോൻ വാ. ന്തേലും കഴിക്കാം.ഇനി ഇങ്ങനെ ചെയ്യാതെയിരുന്നാൽ മതി.”
വനജ മകനുമായി അകത്തേക്ക് കയറി പോയി. അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് പാലും കേക്കും എടുത്ത് നൽകി.
“കഴിക്ക്.”
മനു കേക്കുമായി പുറത്തേക്ക് ഓടി.പിന്നാലെ അമ്മയും. അമ്മ നോക്കുമ്പോൾ. കേക്കിൽ നിന്നും കുറച്ചു മുറിച്ച് പൊടിയാക്കി ഉറുമ്പുകൾക്ക് ഇട്ട് നൽകുന്ന മനുവിനെയാണ് കാണുന്നത്.
അമ്മ സന്തോഷത്തോടെ അഭിമാനത്തോടെ മകനെ നോക്കി നിന്നു.
നിഥിൻകുമാർ ജെ പത്തനാപുരം

No Comment.