കേരള മനസ്സാക്ഷിയെ നടുക്കിയ, ‘ദൃശ്യം’ സിനിമയെപ്പോലും വെല്ലുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭാര്യ രമ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വന്തം വീടിന്റെ കാർപോർച്ചിൽ കുഴിച്ചുമൂടി, ഒന്നരവർഷത്തോളം നാട്ടുകാരെയും പോലീസിനെയും സ്വന്തം മക്കളെപ്പോലും കബളിപ്പിച്ച് ജീവിച്ച എടവനക്കാട് സ്വദേശി സജീവന്റെ ക്രൂരതയുടെ കഥയാണിത്.
17 വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഫോൺ കോളുകളെച്ചൊല്ലിയുണ്ടായ സംശയത്തെ തുടർന്ന് ടെറസിൽ വെച്ച് കയർ ഉപയോഗിച്ച് രമ്യയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം താഴെയിറക്കി വീട്ടുപോർച്ചിൽ കുഴിച്ചുമൂടിയ ശേഷം ഇയാൾ മക്കളോടും നാട്ടുകാരോടും പറഞ്ഞത് അമ്മ മറ്റൊരാൾക്കൊപ്പം നാടുവിട്ടുപോയി എന്ന കള്ളക്കഥയായിരുന്നു!

സ്വന്തം ഭാര്യയുടെ മൃതദേഹത്തിന് മുകളിലൂടെ ദിനവും നടന്നുപോയി സാധാരണക്കാരനായി ജീവിച്ച ഇയാളുടെ കള്ളങ്ങൾ ഒടുവിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് തകർന്നടിഞ്ഞത്.
സ്നേഹവും വിശ്വാസവും ഇല്ലാതാകുന്നിടത്ത് മനുഷ്യൻ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഭീകരമായ നേർചിത്രമാണിത്.
No Comment.