
കവിത
ഒറ്റപ്പെട്ടുപോയവന്റെ ചിന്തഗതികളെന്നും
എന്നെ വേട്ടയാടിയിരുന്നു…
ജീവിതത്തിൽ തനിച്ചാക്കപ്പെട്ടവർക്ക്
ആൾക്കൂട്ടങ്ങളെക്കുറിച്ചാവും കൂടുതൽ ചിന്ത…
അതോടൊപ്പം ഭയവും.
കൂട്ടം തെറ്റിയ കുഞ്ഞാടിനെപ്പോലെ…
ആശ്രയങ്ങൾ നഷ്ടപ്പെടുമ്പോൾ,
ആവലാതികളുടെ കനൽക്കാഴ്ചകൾ ഉള്ളിൽ
നെരിപ്പോട് തീർക്കുമ്പോൾ
നഷ്ടബാല്യങ്ങളുടെ കുറിമാനങ്ങളിൽ
പിച്ചിച്ചീന്തി തെരുവിലെറിയപ്പെട്ട ഒരു പെണ്ണിന്റെ നിലവിളി വല്ലാതെ ഉയരുന്നുണ്ട്…..
പണ്ടെപ്പോഴോ പറഞ്ഞുപോയ പഴമ കഥകളിൽ
അമ്മയുടെ വാക്കുകൾ ഇടറിയതും എന്തിനാവാം…
തെരുവിലേയ്ക്ക് എറിയപ്പെട്ട പെണ്മയുടെ
പ്രതിരൂപം അമ്മയുടെ മുഖത്തിൽ മിന്നിമായുന്നുവോ…?
നഷ്ടബോധങ്ങളുടെയും
അനാഥമാക്കപ്പെട്ടതിന്റെയും
പിടച്ചിൽ
അമ്മയുടെ വാക്കുകളിൽനിന്നും
മുമ്പേ അറിഞ്ഞിരുന്നു…
കപടസ്നേഹത്തിന്റെയും ചതിയുടെയും നേർച്ചിത്രങ്ങൾ
പണ്ടേ അമ്മ മനസ്സിൽ കോറിയിട്ടിരുന്നല്ലോ….
ഒന്നും മനസ്സിൽ ഒളിപ്പിച്ചുവയ്ക്കാതെ
പച്ചയായ ജീവിതക്കാഴ്ചകൾ….
അമ്മ… വേറെ ആരോട് പറയാൻ….
ഓർമ്മകളെ വെറുതേയൊന്നു ഞാൻ പുറകോട്ടു പായിച്ചതാണ്…
വഴിയരുകിൽ അമ്മയുടെ കൈയിൽ പിടിച്ചു നടക്കുമ്പോൾ
ചീറിപ്പാഞ്ഞുവരുന്ന ചില വാഹനങ്ങളിലെ മാന്യൻമാരുടെ എത്തി നോട്ടം
അമ്മയുടെ കണ്ണുകളിൽ ഭീതി നിറയ്ക്കുന്നതെന്തിനാവാം….?
ഉത്തരങ്ങൾ തേടാൻ വേറെയാരോടും എനിക്ക് ചോദിക്കേണ്ടല്ലോ…
എത്രയൊ കാലങ്ങളായുള്ള
അനുഭവങ്ങളുടെ ഉള്ളടരുകൾ….
പ്രതികരിക്കുവാൻ കഴിയാത്തവന്റെ ചുട്ടുനീറ്റൽ….
നാനാത്വത്തിൽ ഏകത്ത്വവും സനാതനത്തിന്റെ മൂല്യചുതിയും
സമൂഹത്തിന്റെ വളർച്ചയും വിളർച്ചയുമെല്ലാം
നാൽക്കവലകളിലെ പ്രസംഗവേദികളിൽ
ഘോഷിക്കുന്നവന്നവന്റെ ചുളിവ് മാറാത്ത കുപ്പായത്തിനുള്ളിലെ
കുറുക്കന്റെ കൗശലക്കാരനെ ഇപ്പോൾ ഞാൻ കാണുന്നുണ്ട്….
പഴംതുണിക്കെട്ടുപോലെ അമ്മയെ തെരുവിലെറിഞ്ഞവന്റെ
പ്രത്യയശാസ്ത്ര ജല്പനങ്ങൾ…..
എവിടെനിന്നോ കിട്ടിയ ഊർജ്ജമാവാം….
അമ്മയുടെ കണ്ണീരു കണ്ട് ഉള്ളിൽ ഉരുവപ്പെട്ട വേദനയാവാം,
കൈയിൽ കിട്ടിയ കരിങ്കൽച്ചീൾ അവന്റെ നേരെ ചീറിപാഞ്ഞത്…
ലക്ഷ്യം തെറ്റിയില്ല… അവന്റെ തിരുനെറ്റിയിൽതന്നെ പതിഞ്ഞു…
പൊട്ടിയ മുറിവിൽനിന്നും ചോര കുത്തിയൊഴുകുന്നുണ്ട്….
ആ ശപിക്കപ്പെട്ടവൻ തറയിലേയ്ക്ക് വീഴുമ്പോൾ,
ആരവങ്ങൾ ഉയരുമ്പോൾ,
അമ്മയുടെ കൈ വിടുവിച്ചുകൊണ്ട് മറുവശം നിന്നിരുന്ന ആൾക്കൂട്ടത്തിലേക്ക് മെല്ലെ ഞാൻ ഊളിയിട്ടു….
തിരിഞ്ഞുനോക്കുമ്പോൾ അമ്മയുടെ ചുണ്ടിൽ നേർത്ത ചിരി പടരുന്നത് കാണാമായിരുന്നു….
തനിക്ക് കഴിയാത്തത് തന്റെ മകൻ ചെയ്ത ചാരിതാർത്ഥ്യം…
അപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ താൻ തനിച്ചായിരുന്നു…
അമ്മമനസ്സിന്റെ ചൂരുമാത്രം സ്വന്തം…

No Comment.