
കവിത
പരകോടി പുണ്യത്തിൻ
അമൃതവർഷം…
പാരിലീജന്മം
സ്നേഹവർഷം…
അമ്മേ നിൻ മകനായ്
പിറക്കാൻ കഴിഞ്ഞതും
അതിലേറെ നിറയുന്ന
കർമ്മപുണ്യം…
ഇനിയെത്ര ജന്മം
പിറവികൊണ്ടാലും
അവിടുത്തെ
മകനായ് പിറന്നിടേണം…
എത്ര പഠിച്ചാലും
തീരാത്ത പാഠം…
എത്ര തിരഞ്ഞാലും
അറിയാത്ത സ്നേഹം…
ഏതു ദുഃഖത്തിലും
ആശ്വാസമരുളുന്നു
അമ്മയ്ക്കു
പകരമായ്
ആരുണ്ട് ഭൂവിൽ….
അറിഞ്ഞും അറിയാതെ
എത്രയോ തെറ്റുകൾ….
എല്ലാം പൊറുത്തില്ലേ
നീയമ്മേ…
മക്കളെയെന്നും
സ്നേഹിച്ചോരമ്മേ…
മറ്റുള്ള സ്നേഹങ്ങൾ
ത്യജിച്ചോരമ്മേ…
മക്കൾക്കായെന്നും
കരുതലായ് നിന്നു നീ
അടുക്കളക്കരിപ്പുകയിൽ
ജീവിതം ഹോമിച്ചു…
അപ്പൊഴും നിൻചുണ്ടിൽ
മായാത്ത പുഞ്ചിരി…
ആത്മസമർപ്പണ
കടമതൻ പുഞ്ചിരി…
അറിയാതെ ഞാനും
ഹൃദയത്തിലേറ്റി…
ഇന്നെന്റെ പാതയിൽ
വഴിവിളക്കായ്
അമ്മേ നീ മുന്നിൽ
തന്നെയുണ്ടല്ലോ…
മറുലോകത്തിരുന്നമ്മ
നൽകുന്നോരനുഗ്രഹം
മതിയല്ലോ
എനിക്കെന്നുമേറെ
പുണ്യമായ്….
മാതൃദിനത്തിൻ
ഓർമ്മകൾ
പുൽകിയാ-
പാദാരവിന്ദങ്ങൾ
തൊട്ടുവന്ദിപ്പൂ…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
No Comment.