2023 | ജൂൺ 18|ഞായർ |
സംസ്ഥാനത്തെ പോക്സോ കോടതികളിലെ പ്രോസിക്യൂട്ടർമാർക്കും ജീവനക്കാർക്കും മൂന്ന് മാസമായി ശമ്പളമില്ല. കോടതികളുടെ പ്രവർത്തന ചെലവിൻറെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകേണ്ടത്.കോടതികള്‍ പ്രവർത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും വാടക നൽകുന്നില്ല. പണമില്ലാത്തതിനാൽ പോക്സോ കോടതികളുടെ പ്രവർത്തനം താളം തെറ്റുന്നു.
കോടതികളുടെ പ്രവർത്തനം തുടങ്ങിയപ്പോഴുണ്ടായ ആവേശം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് ഇപ്പോഴില്ല. മൂന്നു മാസമായി പ്രോസിക്യൂട്ടർമാർക്കും താത്കാലിക ജീവനക്കാർക്കും ശമ്പളം കൊടുക്കാതെയായിട്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു. കെട്ടിട വാടകയും നൽകുന്നില്ല. കേന്ദ്ര ഫണ്ട് എത്തിയില്ലെന്നാണ് ഇതിന് സംസ്ഥാന സർക്കാരിന്റെ വാദം.
രാജ്യത്ത് പോക്സോ കേസുകളുടെ വിചാരണയും ശിക്ഷയും വൈകുന്നത് കൂടിയപ്പോഴാണ് താത്കാലിക പോക്സോ കോടതികള്‍ തുടങ്ങാൻ തീരുമാനിച്ചത്. കേരളത്തിന് അനുവദിച്ച 56 കോടതികളിൽ 53 എണ്ണമാണ് പ്രവർത്തിക്കുന്നത്. കോടതികളിലേക്ക് താത്കാലിക പ്രോസിക്യൂട്ടർമാരെയും ജീവനക്കാരെയും നിയമിച്ചു. ഈ കോടതികള്‍ മിക്കതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്.
ഒൻപത് കോടി കേന്ദ്ര സർക്കാർ വിഹിതം ഒരാഴ്ച മുൻപ് എത്തി. ഇനി സംസ്ഥാന വിഹിതമായി 3 കോടി കൂടി അനുവദിക്കണം. എന്നാൽ അതും വൈകുകയാണ്. സംസ്ഥാനം കൂടി കനഞ്ഞാലെ ഇനി കോടതികളിലേക്ക് പണമെത്തൂ. ഒരു മാസം 15 കേസുകള്‍ തീർപ്പാക്കണമെന്നാണ് പ്രോസിക്യൂട്ടർമാർക്കുള്ള നിർദ്ദേശം. സാക്ഷി വിസ്താരവും വിചാരണയും തെളിവെടുപ്പും അടക്കം നിർണായക ചുമതലകളാണ് പ്രോസിക്യൂട്ടർമാർക്ക് മുന്നിലുള്ളത്. ജോലി ചെയ്യുന്ന അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമാണ് ശമ്പളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നത്. വിചാരണയിലുണ്ടാകുന്ന കാലതാമസം പോക്സോ കേസില്‍ ഇരകളുടെ കൂറുമാറ്റത്തിന് അടക്കം കാരണമാകുമ്പോഴാണ് ഏറെ ജാഗ്രത പുലർത്തേണ്ട കോടതികളോടുള്ള അനാസ്ഥ.
No Comment.