Skip to content

chithrodayamflashnews.com

Asnap 1409

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിക്കൊടുക്കും ; നാലു പേരെ പോലീസ് പിടികൂടി ; ഒരാള്‍ക്ക് വാങ്ങിയിരുന്നത് ഏഴുലക്ഷം രൂപ; തലവന്‍ എയിംസ് വിദ്യാര്‍ത്ഥി

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയിരുന്ന ഗ്യാംഗ് അറസ്റ്റിലായി. നീറ്റ് പരീക്ഷയ്ക്ക് പണം വാങ്ങി പരീക്ഷയെഴുതിയിരുന്ന സംഘത്തിലെ നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. എയിംസിലെ ഒരു വിദ്യാര്‍ത്ഥിയും ഈ കേസില്‍ അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഡല്‍ഹി പോലീസിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ മേയ് 7 നു നടന്ന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താന്‍ 7 ലക്ഷം രൂപ വരെ ഇവര്‍ പ്രതിഫലം വാങ്ങിയതായി പോലീസ് പറഞ്ഞു. രണ്ടാം വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരിയാണു എയിംസിലെ വിദ്യാര്‍ത്ഥി. ഇയാളെ കൂടാതെ സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നരേഷ് ബിഷോരിയാണ് സംഘത്തിന്റെ ബുദ്ധികേന്ദ്രം.

മറ്റൊരു വിദ്യാര്‍ഥിയ്ക്ക് വേണ്ടി പരീക്ഷയെഴുതാനെത്തി ഹരിയാനയില്‍ സഞ്ജു പിടിയിലായതോടെയാണ് സംഘത്തിന്റെ വിവരം പുറത്തായത്. ഇയാളെ ചോദ്യം ചെയ്ത പോലീസ് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറിനെയും ജിതേന്ദ്രയേയും കുടുക്കി. ഒടുവിലായി നരേഷ് ബിഷോരിയെയും പോലീസ് പൊക്കി. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പരീക്ഷയ്ക്ക് ഒരാളില്‍ നിന്നും 7 ലക്ഷം രൂപ വരെയാണ് നരേഷും സംഘവും വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയെഴുതാന്‍ അഡ്വാന്‍സായി ഒരു ലക്ഷം രൂപ ആദ്യം വാങ്ങും. പിടിക്കപ്പെടാതെ പരീക്ഷ എഴുതിക്കഴിയുമ്പോള്‍ ബാക്കി 6 ലക്ഷം കൂടി വാങ്ങും. വന്‍ പ്രതിഫലം നല്‍കിയാണ് നരേഷ് എയിംസിലെ സഹപാഠികളെ സംഘത്തില്‍ ചേര്‍ത്തിരുന്നത്.

സംഘത്തില്‍ എയിംസിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തില്‍ പെട്ട എയിംസിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ 8 പേരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6