അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ ജനുവരി ഒന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുല്ലക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2023ലെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ജനുവരി ഒന്നു മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹജ്ജ് കര്‍മ്മത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് വഴിയും ആപ് വഴിയും അപേക്ഷിക്കണം. കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അപേക്ഷകര്‍ കുറവായിരുന്നു. കൊറോണ കാരണം ഹജ്ജ് നടക്കുമോയെന്ന ആശങ്കയാണ് അപേക്ഷ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ക്വാട്ടയില്‍ നൂറുശതമാനം ഹാജിമാരെയും 2022ല്‍ ഹജ്ജിനയക്കാന്‍ കഴിഞ്ഞു. 57,635 പേരാണ് പോയത്.
ഒരു ഹാജിക്ക് 3,80,000 രൂപയാണ് ചെലവ് വന്നത്. 2023 ല്‍ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തോളമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ഒൻപത് മുതല്‍ 12 വരെ ജിദ്ദയില്‍ സഊദി ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സംഘം എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ടെന്നും എപി അബ്ദുല്ലക്കുട്ടി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എംബാര്‍ക്കേഷന്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ ഒരു കേന്ദ്രം കൂടി ഉണ്ടാവാനുള്ള ശ്രമം ഉണ്ടാവും. കോഴിക്കോടും കണ്ണൂരും ഇതിനായി ശ്രമിക്കുന്നുണ്ട്. കണ്ണൂര്‍ എംബോര്‍ക്കേഷന് പറ്റിയ ഇടമാണെന്ന വിലയിരുത്തലുണ്ട്. റണ്‍വേ സൗകര്യം കൂടുതലുള്ളതുകൊണ്ട് വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനുള്ള സൗകര്യമുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

No Comment.