Skip to content

chithrodayamflashnews.com

November 29, 2026 11:35 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നലെ അന്തരിച്ച ബീയാർ പ്രസാദിനെ കുറിച്ച്. ആദരാജ്ഞലികൾ

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 62 വയസായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. എഴുതിയ പാട്ടുകളിലൊതുങ്ങുന്നതല്ല ബീയാര്‍ പ്രസാദ് എന്ന കലാകാരന്‍റെ ജീവചരിത്രം. നാടകം വഴിവെട്ടിയ കലാജീവിതത്തില്‍ നടനായും തിരക്കഥാകൃത്തായും പ്രഭാഷകനായും പാട്ടുപോലെ ഒഴുകിയ കുട്ടനാട്ടുകാരന്‍. സ്വപ്നമായി താലോലിച്ച സിനിമ യാഥാര്‍ഥ്യമാക്കാനാകാതെയാണ് ബീയാര്‍ പ്രസാദ് എന്ന പ്രതിഭ പാതിവഴിയില്‍ മടങ്ങുന്നത്.

ബീയാർ പ്രസാദ് വരികൾ എഴുതിയ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലെ ഗാനം
ഒന്നാം കിളി പൊന്നാം കിളി…
ചിത്രം : കിളിച്ചുണ്ടൻ മാമ്പഴം
വരികൾ : ബീയാർ പ്രസാദ്
സംഗീതം : വിദ്യാസാഗർ
പാടിയത് : എം ജി ശ്രീകുമാർ, സുജാത

ഗാനരചയിതാവ്, നാടകരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടത്‌. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ്‌ ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്‌, ജലോത്സവം, വെട്ടം, സൽപ്പേര് രാമൻ കുട്ടി, തത്സമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനമെഴുതി. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ് സംഗീതം പകർന്ന കേരനിരകളാടും എന്ന ഗാനരചനയിലൂടെ മലയാളികളുടെ മനം കവർന്ന ഗാനരചയിതാവായി. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി പാട്ടുകൾ രചിച്ചു. നേർക്കുനേരെ എന്ന ചിത്രത്തിന്‌ കഥയെഴുതി. 1993ൽ സംഗീത്‌ ശിവന്റെ സംവിധാനത്തിൽ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന്‌ അർഹമായ ‘ജോണി’ക്ക്‌ തിരക്കഥയും സംഭാഷണവുമെഴുതി. ഏഷ്യാനെറ്റിൽ സുപ്രഭാതം പരിപാടിയുടെ അവതാരകനായിട്ടായിരുന്നു തുടക്കം. ‘തട്ടുംപുറത്തെ അച്യുതനാ’ണ് പാട്ടെഴുതിയ അവസാനചിത്രം. താരസംഘടന അമ്മ അടുത്തയിടെ ദുബായിൽ അവതരിപ്പിച്ച സ്‌റ്റേജ് ഷോയിൽ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്‌തവതരിപ്പിച്ച തീം സോങ് എഴുതിയതും ബീയാറാണ്. 50 വർഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളിൽ തെരഞ്ഞെടുത്ത 10 പാട്ടുകളിലൊന്ന് ബീയാറിന്റെ കേരനിരകളാടും എന്ന ഗാനമാണ്‌. ഗാനരചയിതാവ് എന്നതിനപ്പുറം നാടകരചയിതാവ്, സംവിധായകൻ, ആട്ടക്കഥ രചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാതി തിരുനാൾ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മങ്കൊമ്പ് വൈഎംപിഎസി അവതരിപ്പിച്ച ഷഡ്കാല ഗോവിന്ദമാരാർ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല രചയിതാവിനും സംവിധായകനുമുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രകലകളെയും ആചാരങ്ങളെയും സംബന്ധിച്ച് ആഴത്തിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനാണ്‌. അഷ്‌ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ്‌ വൃക്ക മാറ്റിവച്ചിരുന്നു. മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്‌ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് പഞ്ചായത്തഗം). മക്കൾ: ഇളപ്രസാദ്, കവിപ്രസാദ്. ബീയാര്‍ പ്രസാദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ബീയാർ പ്രസാദ് വരികൾ എഴുതിയ ‘വെട്ടം’ എന്ന ചിത്രത്തിലെ ഗാനം
ഒരു കാതിലോല ഞാൻ കണ്ടീല…
ചിത്രം : വെട്ടം
വരികൾ : ബീയാർ പ്രസാദ്
സംഗീതം :ബേണി ഇഗ്നെഷ്യസ്
പാടിയത് : എം ജി ശ്രീകുമാർ, സുജാത

പാട്ടെഴുത്തിലൂടെയാണ് ബീയാര്‍ പ്രസാദിന്റെ പേര് മധ്യകേരളത്തിന് പുറത്തേക്ക് തോണി തുഴഞ്ഞത്. വാദ്യകലാകാരന്‍മാരുടെ കുടുംബത്തിലായിരുന്നു ജനനം. കൊട്ടിന്റെ ബാലപാഠങ്ങള്‍ പഠിച്ചെങ്കിലും മുന്നോട്ടുപോയില്ല. പാടാന്‍ കഴിവില്ലെന്ന തോന്നല്‍ സംഗീതത്തെകുറിച്ച് ആഴത്തില്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. രാഗങ്ങളെല്ലാം മനഃപാഠമാക്കി. കുട്ടനാട്ടില്‍ വെള്ളം കയറുമ്പോള്‍ പെട്ടികളിലാക്കി തലയില്‍ചുമന്ന് സൂക്ഷിച്ച പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ് പ്രസാദിന്റെ ജീവിതം വഴിതിരിച്ചുവിട്ടത്. ഇരുപത്തൊന്നാംവയസ്സില്‍ ആട്ടക്കഥയെഴുതി അവതരിപ്പിച്ച് കലാകാരന്‍ വരവറിയിച്ചു. വൃത്തം, നിണമാര്‍ന്ന പഞ്ചാബ് തുടങ്ങിയ ഏകാങ്കനാടകങ്ങളിലൂടെ പ്രസാദ് നാടകലോകത്ത് സഞ്ചരിച്ചു. പുരാണങ്ങളിലും പ്രാചീകൃതികളിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ. കൃഷ്ണനെ പുതിയ കാലത്തെ സാധാരണമനുഷ്യനായി അവതരിപ്പിച്ച കൃഷ്ണഹൃദയത്തിലൂടെ സംഗീതനാടക അക്കാദമി അവാര്‍ഡ് സ്വന്തമാക്കി. സംവിധായകന്‍ ശിവനുമായുള്ള അടുപ്പം ജോണി എന്ന സിനിമയുടെ തിരക്കഥാകൃത്താക്കി. പി.എന്‍.മേനോന്റെ നേര്‍ക്കുനേരെ എന്ന സിനിമയുടെ കഥ പ്രസാദിന്റേതായിരുന്നു. ഭരതന്റെ ഒപ്പമുള്ള യാത്ര ചമയം എന്ന സിനിമയുടെ സഹസംവിധായകനാക്കി. അപ്പോഴും പാട്ടെഴുത്തുവേഷം സ്വപ്നത്തില്‍പോലുമുണ്ടായിരുന്നില്ല. പ്രിയദര്‍ശനോട് കഥ പറയാന്‍ പോയ നേരത്തെ പാട്ടുചര്‍ച്ചകളാണ് ബീയാര്‍ പ്രസാദിനെ ഗാനരചയിതാവാക്കുന്നത്.

കുട്ടനാടും പുസ്തകങ്ങളും നിറച്ച അറിവ്, വാക്കുകള്‍ക്കും ഭാവനയ്ക്കും പഞ്ഞമുണ്ടാക്കിയില്ല. സ്വന്തം നാടിനെകുറിച്ച് ബീയാറെഴുതിയ ഗാനം മലയാള നാടിന്റെ ദേശീയഗാനമായി മലയാളി ഇന്നും ഏറ്റുപാടുന്നു. പഠിച്ചും പഠിച്ചത് വേദികളില്‍ പറഞ്ഞും മുന്നേറിയ ജീവിതത്തിനിടയില്‍ പത്തുവര്‍ഷത്തോളം അധ്യാപകനുമായി. ദേവസ്വം ബോര്‍ഡിലെ ജോലി അധികകാലം തുടര്‍ന്നില്ല. തീര്‍ത്ഥാടനത്തില്‍ ശ്രദ്ധേയവേഷത്തിലെത്തിയത് ബീയാര്‍ പ്രസാദായിരുന്നു. പ്രസാദിലെ പാട്ടെഴുത്തുകാരനെ കണ്ടെത്തുന്നതില്‍ ലാല്‍ജോസിന് വലിയ പങ്കുണ്ട്. ഓണക്കാലത്ത് പിറന്ന ആല്‍ബത്തിനുവേണ്ടി അദ്ദേഹത്തെകൊണ്ട് പാട്ടെഴുതിച്ചത് ലാല്‍ജോസായിരുന്നു. പക്ഷേ, അത് സിനിമയിലേക്കെത്തിയില്ല. നാടകമായി കളിച്ച ഷഡ്കാല ഗോവിന്ദമാരാര്‍, സിനിമയാക്കുക ബീയാര്‍ പ്രസാദിന്റെ വലിയ സ്വപ്നമായിരുന്നു. മോഹന്‍ലാലിനോട് കഥ പറയുകയും ഇഷ്ടപ്പെടുകയും ചെയ്തെങ്കിലും നീണ്ടുപോയി. പുതിയ കാലത്തെ പല സംവിധായകരും അഭിനേതാക്കളും അത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മനസ്സിലും ചുണ്ടിലും മലയാളം നിറച്ച മധുരഗാനങ്ങളിലൂടെ ബീയാര്‍ പ്രസാദിനെ ഇനി മലയാളി ഓര്‍ക്കും.

4 Comments
Rodney1774 April 30, 2025
| |
Gage4634 April 28, 2025
| |
Veronica2530 April 25, 2025
| |
Zoey415 April 23, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6