വർഷങ്ങളായി അനുമോളുടെ വിവാഹം സംബന്ധിച്ച് ആരാധകർ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാൽ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹം ആരാധകർക്ക് അപ്രതീക്ഷിതമായ സർപ്രൈസായി. വിവാഹവിവരം നേരത്തെ പുറത്തുപറയാതിരുന്നത് മനഃപൂർവമാണെന്നും അനുമോൾ വ്യക്തമാക്കി.
ഭുവനേഷ് രാജേന്ദിർ എന്നാണ് അനുമോളുടെ ഭർത്താവിന്റെ പേര്. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് നടനും മോഡലുമാണ്. ഫാഷൻ, ട്രാവൽ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്നസ് തുടങ്ങിയ മേഖലകളിലാണ് അദ്ദേഹത്തിന് താൽപര്യം.
അനുമോളുടെ അടുത്ത ബന്ധുക്കളും വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. എംപിയും നടനുമായ സുരേഷ് ഗോപിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. താലികെട്ടിന് ശേഷം അനുമോളും ഭുവനേഷും സുരേഷ് ഗോപിയുടെ അനുഗ്രഹം വാങ്ങി.
വിവാഹം വലിയ ആഘോഷമാക്കാതിരുന്നതിന്റെ കാരണവും അനുമോൾ പങ്കുവച്ചു. “അധികം ആളുകളെയൊന്നും വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. ഏറ്റവും വേണ്ടപ്പെട്ട വളരെ കുറച്ച് പേർ മാത്രമേയുള്ളൂ. വിളിക്കാനാണെങ്കിൽ ലക്ഷക്കണക്കിന് ആളുകളുണ്ട്,” എന്നാണ് അനുമോൾ പറഞ്ഞത്.

കഴിഞ്ഞ മൂന്ന്-നാല് വർഷമായി എല്ലാവരും ചോദിച്ചുകൊണ്ടിരുന്ന കാര്യമാണ് തന്റെ വിവാഹത്തെക്കുറിച്ചെന്ന് അനുമോൾ പറഞ്ഞു. സ്വകാര്യ സന്തോഷമായതിനാലാണ് വിവാഹം അധികം കൊട്ടിഘോഷിക്കാതിരുന്നതെന്നും ആരോടും നേരത്തെ പറയാതിരുന്നതെന്നും താരം വ്യക്തമാക്കി.
തന്നെ സ്നേഹിക്കുകയും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. അതേസമയം മോശം ആഗ്രഹിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ടുതന്നെ വിവാഹവാർത്ത നേരത്തെ എല്ലാവരോടും പങ്കുവയ്ക്കേണ്ടതില്ലെന്ന് കരുതിയെന്നാണ് അനുമോൾ പറയുന്നത്.
തന്റെ വിവാഹവിശേഷങ്ങൾ ആരാധകർക്കായി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്നും അനുമോൾ അറിയിച്ചു. അപ്രതീക്ഷിതമായി എത്തിയ വിവാഹവാർത്തയുടെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകർ..
No Comment.