Skip to content

chithrodayamflashnews.com

Asnap 1409

ഡി സി – ഫിലിം റിവ്യൂ(ദൃഢതയില്ലാത്ത തിരക്കഥ, അനിരുദ്ധ് രക്ഷിച്ചെടുക്കുന്ന ‘ഡിസി)

ഡി സി – ഫിലിം റിവ്യൂ

ദൃഢതയില്ലാത്ത തിരക്കഥ, അനിരുദ്ധ് രക്ഷിച്ചെടുക്കുന്ന ‘ഡിസി

 സി.ജെ. സുധി
പ്രണയവും പ്രതികാരവും നായികയുടെ രക്ഷകനായി അവതരിക്കുന്ന നായകനും അമ്മപാസവുമൊക്കെ ചേരുന്ന പതിവ് തമിഴ് മാസ് മസാല സിനിമയുടെ ഫോർമുല തന്നെയാണ് അരുൺ മാതേശ്വരന്റെ ‘ഡിസി’യും പിന്തുടരുന്നത്. നായകനായി അരങ്ങേറ്റം കുറിച്ച ലോകേഷ് കനകരാജിന്റെയും വാമിക ഗബ്ബിയുടെയും മാസ് പ്രകടനങ്ങളും അനിരുദ്ധ് രവിചന്ദ്രന്റെ പശ്ചാത്തല സംഗീതവുമാണ് അവർത്തന വിരസമായി മാറാമായിരുന്ന ഒരു പ്ലോട്ടിന് പുതുജീവൻ നൽകുന്നത്. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ചേർന്നൊരു മികച്ച തിയറ്റർ അനുഭവം ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

വിഖ്യാത ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായുടെ 1917-ൽ പ്രസിദ്ധീകരിച്ച് ദേവദാസ് എന്ന നോവലിനെ ആധാരമാക്കി അര ഡസനോളം സിനിമകൾ ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ പല കാലങ്ങളിലായി പ്രദർശത്തിന് എത്തിയിട്ടുണ്ട്. അരുൺ മാതേശ്വരന്റെ റിവഞ്ച് ആക്‌ഷൻ ത്രില്ലറിന്റെ പ്രചോദനവും ദേവദാസ് നോവൽ തന്നെ. കാലഘട്ടത്തിന് അനുസരിച്ച് സംവിധായകൻ കഥാസന്ദർഭങ്ങളെ മാറ്റിയെഴുത്തിയുട്ടുണ്ടെന്ന് മാത്രം. ദുരന്ത പ്രണയകാവ്യത്തെ ഒരു ഗ്യാങ്സ്റ്റർ റിവഞ്ച് ത്രില്ലറാക്കി സംവിധായകൻ പുനഃരാവിഷ്കരിക്കുന്നു. ദേവദാസ്, ചന്ദ്ര, പാറു(പാർവ്വതി) തുടങ്ങി നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ പേരിൽ പോലും മാറ്റം വരുത്തിയിട്ടില്ല.

ദീർഘമായ ഗാനങ്ങൾക്കു പകരം ഹ്രസ്വമായ പാട്ടുകളെയും സ്വരങ്ങളെയും പശ്ചാത്തല സംഗീതതത്തോടൊപ്പം ലയിപ്പിച്ച് അവതരിപ്പിക്കുന്ന അനിരുദ്ധിന്റെ സംഗീതം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. മാസ് രംഗങ്ങളിൽ പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുന്ന പതിവ് മാസ് ബിജിഎം ശൈലി തന്നെയാണ് അനിരുദ്ധ് ഇവിടെയും പിന്തുടരുന്നത്. വയലൻസും അനിരുദ്ധിന്റെ മാസ് ബിജിഎമ്മും ചേരുന്ന ഡെഡ്ലി കോമ്പിനേഷൻ തിയറ്ററുകളെ പൂരപ്പറമ്പാക്കുന്നുണ്ട്. ഒരു പരിധിയലധികം സിനിമ രക്ഷിച്ചെടുക്കുന്നത് അനിരുദ്ധിന്റെ സംഗീതം തന്നെയാണെന്ന് നിസംശയം പറയാം.

ദേവദാസ് എന്ന നായക കഥാപാത്രമായി ലോകേഷ് കനകരാജ് ലീഡ് റോളിലെ തന്റെ അരങ്ങേറ്റം മികവുറ്റതാക്കുന്നു. മാസ്-ഇമോഷണൽ രംഗങ്ങളിൽ കൃത്യമായ മീറ്റർ പിന്തുടരുന്ന ലോകേഷ് പക്വതായാർന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. പതിവ് മാസ് നായകൻമാരെ പോലെ ലൗഡ് അല്ല ദേവദാസ് എന്ന കഥാപാത്രം. സിനിമയിൽ ഉടനീളം മിതത്വം പാലിക്കുന്ന കഥാപാത്രം എന്നാൽ മാസിൽ ഒട്ടും പിന്നിലല്ല. നായകനൊപ്പം പ്രധാന്യമുള്ള ചന്ദ്രയുടെ വേഷത്തിൽ വാമിഗ ഗബ്ബിയും സ്കോർ ചെയ്യുന്നു. വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ഒരു പോലെ മികവ് പുലർത്താൻ വാമിഗയ്ക്കു കഴിയുന്നുണ്ട്. ഹ്രസ്വമെങ്കിലും പാർവതിയെന്ന ബാർ ഗായികയുടെ വേഷത്തിൽ എത്തുന്ന സഞ്ജന കൃഷ്ണമൂർത്തിയും പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തുന്നു.

ചിത്രത്തിൽ ഉടനീളം ചുവപ്പ്, കാപ്പിപ്പൊടി നിറങ്ങളുടെ നിറഭേദങ്ങൾ ഉപയോഗിച്ചൊരു ലോകം സൃഷ്ടിച്ചെടുക്കുന്നുണ്ട് ഛായാഗ്രാഹകൻ ജി. മുകേഷ്. പ്രണയത്തിനും പ്രതികാരത്തിനും സിനിമയിൽ നിറം ചുവപ്പാണ്. ചുവന്ന വെളിച്ചം, നിയോൺ ബോർഡുകൾ, നിഴലുകൾ, പൊടിപടലങ്ങൾ നിറഞ്ഞ ഭൂപ്രദേശങ്ങൾ, വിന്റേജ് ലുക്കുള്ള അകത്തളങ്ങൾ എന്നിവ ഉപയോഗിച്ച് ഒരേ സമയം സൗന്ദര്യാത്മകവും ഭീതിതവുമായ ഒരു ലോകം സിനിമ സൃഷ്ടിച്ചെടുക്കുന്നു. ജി.കെ. പ്രസന്നയുടെ കട്ടുകളും ഗ്രേഡിങും ‘ഡിസി’ യൂണിവേഴ്സിനൊപ്പം ചേർന്നു നിൽക്കുന്നുണ്ട്.

പൊലീസ് അതിക്രമത്തെയും വ്യവസ്ഥയുമൊക്കെ ചോദ്യം ചെയ്യുന്ന ക്ഷുഭിതനായ പതിവ് ഹീറോയാണ് ദേവദാസും. എന്നാൽ ഇവിടെ നായകന്റെ പല കുറ്റകൃത്യകൾക്കും നീതികരണമില്ലയെന്നതും നിരപരാധികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരെ ഒരു യുക്തിയും ഇല്ലാതെ കൊന്നൊടുക്കുന്നതിലും ഉൾപ്പടെ ഒട്ടേറെ കല്ലുകടികളുണ്ട് തിരക്കഥയിൽ. ഒരു മാസ് സിനിമയ്ക്കുവേണ്ട അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ കഴിയുമ്പോഴും അഭിനേതാക്കളും ടെക്നിഷ്യൻസും അരങ്ങിലും പിന്നണിയും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ‘ഡിസി’ ശരാശരിക്കു മുകളിൽ മാത്രമുള്ള ഒരു ചലച്ചിത്ര അനുഭവമായി മാറുന്നത് ദൃഢതയില്ലാത്ത തിരക്കഥ മൂലമാണ്. വമ്പൻ ട്വിസ്റ്റുകളോ വൗ മൊമന്റുകളെ ചിത്രത്തിൽ ഇല്ലെന്ന് തന്നെ പറയാം. ത്രസിപ്പിക്കുന്ന മാസ് സംഭാഷണകൾ പോലും ചിത്രത്തിൽ ഇല്ല. തിരക്കഥയിൽ അൽപ്പം കൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ ഇതിലും മികച്ച തിയറ്റർ അനുഭവമായി സിനിമ മാറുമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6