
ജീവിതം തളിരിടണമെങ്കിൽ പ്രചോദനം ഏവരിലും വന്നു ചേരണം. ശിശു പ്രായത്തിൽ അമ്മയും ബാല്യത്തിൽ അച്ഛനും വിദ്യാഭ്യാസകാലത്ത് ഗുരുക്കന്മാരും അദ്ധ്യാപകരും പ്രായപൂർത്തിയാകുമ്പോൾ സമൂഹത്തിലെ ആകർഷിക വ്യക്തിത്വങ്ങളും പ്രചോദനം നൽകാറുണ്ട്. വീണ്ടും കല, സാഹിത്യം, കവിത, കഥ, ചരിത്രം, സംഗീതം, കളികൾ, സിനിമ മുതലായവയും പ്രചോദന വസ്തുക്കളായി വന്നു ചേരാറുണ്ട്. അതേ സമയം ഇത്തരം ഘടകങ്ങൾ ഇല്ലാത്ത പ്രചോദനത്തെ കെടുത്തുന്നവയും ഒരുവനെ ബാധിക്കാറുണ്ട്. അത് ഏതൊക്കെയാണെന്നു നോക്കാം. അഹങ്കാരം ഒരുവനെ വഴിതെറ്റിക്കുന്നു. സ്വയം മറന്നുള്ള പ്രവൃത്തിക്ക് അത് വഴിയൊരുക്കും. അഹങ്കാരം വർദ്ധിക്കുന്തോറും ബഹുമാനം നശിക്കുകയും അനുസരിക്കുവാൻ മടിക്കുകയും ചെയ്യുന്നു. അവൻ്റെ ചിന്തകളിൽ, കർമ്മങ്ങളിൽ ദുഷ്ടതകളല്ലാതെ മറ്റൊരു പ്രചോദനവും കാണില്ല. അടുത്തത് സത്യവിരുദ്ധമായി കാര്യങ്ങൾ ചെയ്യുക. അസത്യം പ്രചരിപ്പിച്ചും സത്യവിരുദ്ധമായ കർമ്മങ്ങൾ അനുഷ്ഠിച്ചും ജീവിതം നയിക്കുന്നവരുണ്ട്. അവർക്ക് തിന്മയുടെ സ്വാധീനമല്ലാതെ തിന്മാധിഷ്ഠിത പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും അവരിൽ പച്ച പിടിക്കാറില്ല. അടുത്ത ഘടകങ്ങൾ മോഷണം, ചതി, വഞ്ചന മുതലായ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിൽ തല്പരരായിരിക്കും. മദ്യവും മയക്കുമരുന്നും സ്വയം ഉപയോഗിക്കുകയും അത് വിൽക്കുകയും ചെയ്തു സമൂഹത്തെ നശിപ്പിക്കുന്നതിൽ ശേഷി കാട്ടുന്നവരായിരിക്കും. പണത്തിനോടുള്ള അടങ്ങാത്ത ആർത്തിയും സ്വാധീനവും മറ്റൊരു ഘടകമായി കാണും. സ്നേഹം, വാത്സല്യം, ദയ, കരുണ, ത്യാഗം, സഹനം മുതലായ സദ്ഭാവങ്ങളെ അകറ്റി നിർത്തിയിരിക്കും. സ്വാർത്ഥതയുടെ മൂർത്തീകരണമായി സമൂഹത്തെ നശിപ്പിക്കുന്നതിൽ മിടുക്കരായി അവരെ എന്നും തിരിച്ചറിയാനാകും. ഒരു വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും ഉപദ്രവിക്കരുത് എന്ന വിശ്വാസം പോലും അത്തരക്കാർക്കു ദഹിക്കില്ല. തർക്ക സ്വഭാവവും മാന്യത വിട്ടുള്ള പ്രവൃത്തിയും കാണാനാകും. ഈശ്വര ചിന്തയോ വിശ്വാസമോ സേവയോ ഒന്നും അവർ ഉൾക്കൊള്ളാറില്ല. ജീവിത ലക്ഷ്യം ധന്യത അല്ല പകരം അന്യരെ ദ്രോഹിച്ചും ഉപദ്രവിച്ചും ചതിച്ചും വഞ്ചിച്ചും കവർന്നും കാലം കഴിക്കുക എന്ന വിനോദമായിരിക്കും അവരുടേത്. ഒരുത്തർക്കും രക്ഷപെടുത്താനാകാത്ത ഇത്തരം കൂട്ടരിൽ നിന്നും അകന്നു നിൽക്കുക എന്തുകൊണ്ടും നമുക്ക് ആഭികാമ്യമായിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ,
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.