
മനുഷ്യ ജീവിതം വളരെ പ്രാധാന്യമേറിയതാണ്. അവിടെ നിരന്തരം വന്നു ചേരുന്ന തടസങ്ങൾ തട്ടി മാറ്റുക ഏറെ കഠിനവുമായിരിക്കും. നമ്മുടെ മനസ്സും ശരീരവും ഒരു പോലെ തയ്യാറാകുന്നിടത്ത് നമുക്കു് ഏതു പൂട്ടും തുറക്കാനാകുന്ന അവസ്ഥ നമ്മളാർജ്ജിച്ചിരിക്കും. അതിനുള്ള പ്രഥമ മാർഗ്ഗമത്രെ വിദ്യ. വിദ്യയിലൂടെ നേടുന്ന അറിവ് യഥാർത്ഥ ബോധത്തെ ഉണർത്തുകയും ഈ ബോധം ജ്ഞാനസമ്പാദനത്തിനു വഴി മാറുകയും ചെയ്യുന്നു. ജ്ഞാനം കൊണ്ട് ഏതു പൂട്ടും തുറക്കാമെന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് ഏതു പ്രതിസന്ധികളേയും തരണം ചെയ്യാനാകും എന്നാണ്. അറിവും ബോധവും ജ്ഞാനവും കൊണ്ട് വികസിതമാകുന്ന ജീവിതം ഭദ്രമാകുമെന്നതിൽ സംശയമില്ല. ഏതു ക്ലേശങ്ങളും മാറ്റിയെടുക്കാൻ സ്ഥിരോത്സാഹവും കഠിന പ്രയത്നങ്ങളും വേണ്ടിവരുന്നു. ഇവയുള്ളിടത്ത് വിജയം വന്നു ചേരുന്നു. വിജയം സന്തോഷവും പരാജയം ദു:ഖവും പ്രദാനം ചെയ്യുന്നു. വിജയപരാജയങ്ങൾ ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. പരാജയത്തിൽ തളർന്നു പോകരുത്. പരാജയത്തെ ആത്മനിയന്ത്രണം കൊണ്ടു നേരിടണം. അപ്പോഴായിരിക്കും പൂട്ടുകൾ തുറക്കുന്നതു പോലെ പോംവഴികൾ വന്നു ചേരുകയും അത് വീണ്ടും വിജയപ്രാപ്തി നേടുകയും ചെയ്യുന്നു. ജീവിതം ധർമ്മാധിഷ്ഠിതമായിരിക്കണം. തോന്നിയതുപോലെ ജീവിക്കുകയല്ല ജീവിതം. ധർമ്മത്തിൽ നിന്നു കൊണ്ട് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുമ്പോൾ നന്മകളുടെ വിളവാണ് നാം കൊയ്ത് എടുക്കുക. ഇവിടെ ഈശ്വരവിശ്വാസം പ്രധാന ഘടകമായി മാറുന്നു. ഈശ്വരവിശ്വാസം നേരായ മാർഗ്ഗം കാട്ടിത്തരുന്നു. സത്യമാണ് ഈശ്വരൻ. സത്യത്തെ മുറുക്കിപ്പിടിക്കുന്നവൻ തെറ്റായവയിൽ ആസക്തനാകില്ല. അവിടെ അവർക്കു ജീവിത ബോധം ഉണ്ടായിരിക്കും. എന്താണ് ജീവിത ബോധം ? ജീവിതം വെറും തുച്ഛമായ കാലഘട്ടമാണന്നും അതിൽ ജീവിതം നയിക്കുന്ന മനുഷ്യരുടെ ജീവൻ എപ്പോൾ വേണമെങ്കിലും അണയുമെന്നുള്ള ബോധം തന്നെ ജീവിതബോധം. മരണത്തെ അറിയുന്നവൻ അഹങ്കരിക്കില്ല. ഒരു പാതകങ്ങളും ചെയ്യില്ല. കൂട്ടുനിക്കില്ല. സ്വഭാവശുദ്ധിയേറി കർമ്മങ്ങളിൽ സദ്ഗുണങ്ങളേറി സ്നേഹസമ്പന്നരായി ജീവിക്കും അവർ. ഇവിടെയാണ് ഏതു പൂട്ടും തുറക്കാനാവുക എന്ന വാചകത്തിൻ്റെ അർത്ഥപൂർണ്ണത ദർശിക്കാനാവുന്നത്. ഏവർക്കും സുപ്രഭാതവും സുദിനവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

No Comment.