
പ്രകൃതിയെ അനുഭവിക്കുന്ന ജീവജാലങ്ങളിൽ മനുഷ്യർ മുൻപന്തിയിൽ നിൽക്കുന്നു. അവൻ്റെ ജീവിതം അന്വേഷണാത്മകമാണ്. കണ്ടെത്തുക എന്ന വാസന ജന്മസിദ്ധമത്രെ. അന്വേഷിക്കുന്തോറും അറിവുകൾ ബാക്കിയായി വരുന്ന ലോകത്ത് മനുഷ്യന് ഇന്നും കീറാമുട്ടിയത്രെ സുഖവും സന്തോഷവും. എന്താണ് സുഖം? എന്താണ് സന്തോഷം? ഇവ രണ്ടിൻ്റെയും സ്ഥായിയായ ഭാവമെന്താണ്? ഇങ്ങനെ ചോദ്യങ്ങളുടെ പരമ്പരയാണ് മനുഷ്യർ അന്വേഷിക്കുന്നത്. ഉത്തരമോ സമസ്യ പോലെ കൂട്ടിച്ചേർക്കുവാൻ പൂരിപ്പിക്കുവാൻ പ്രയാസപ്പെടുന്നതു കാണാം. അറിവും ബോധവും ജ്ഞാനവും അനുസരിച്ച് സുഖവും സന്തോഷവും വ്യത്യസ്ഥമാകുന്നു. അനുഭവങ്ങളിൽ എങ്ങനെ ഒരുവൻ ഉൾക്കൊണ്ടോ അതിൽ നിന്ന് ലഭ്യമാകുന്ന അനുഭൂതിയത്രെ സുഖം. സുഖം ശാരീരികമായും മാനസീകമായും നിലകൊള്ളുന്നു. ഇന്ദ്രീയസുഖം താൽക്കാലീകവും ആത്മീയസുഖം സ്ഥിരതയുള്ളതുമാകുന്നു. ജീവിതം കർമ്മങ്ങളുടെ അനുഭവങ്ങളുടെ സുഖദുഃഖാവസ്ഥയാണെങ്കിൽ അതിൻ്റെ പങ്കു സ്വീകരിക്കുന്ന മനുഷ്യർ പൂർണ്ണമായും സുഖദുഃഖങ്ങളിൽ തന്നെ ജീവിതം നയിക്കുന്നു. സുഖത്തിനായി ചെയ്തു കൂട്ടുന്ന വേലകൾ ദുഃഖത്തിൽ കലാശിക്കുന്നതു കാണാം. എന്തുകൊണ്ട്? കർമ്മങ്ങളിൽ പാപം കലരുമ്പോൾ സുഖം വന്നു ചേരില്ല. കർമ്മം അപരനു ദോഷമായി ഭവിക്കരുത്. കർമ്മം കൊണ്ട് ഉയരണമെങ്കിൽ, ആ ഉയർച്ചയിൽ അറിവും ബോധവും ജ്ഞാനവും ഉണ്ടായിരിക്കണം. എങ്കിലെ സുഖാവസ്ഥയെ തിരിച്ചറിയൂ. ഈ തിരിച്ചറിവിലേ സുഖം അനുഭവിക്കാനാകൂ. സുഖാനുഭവത്തിലൂടെ മാത്രമേ സന്തോഷം ലഭ്യമാകു. സന്തോഷം അനുഭൂതിയുടെ പരമോന്നഭാവമത്രെ. ഇതിനെ നാം ആനന്ദം പരമാനന്ദം എന്നൊക്കെ വിളിക്കുന്നു. ആദ്യപടി ആനന്ദവും അതിലൂടെ പരമാനന്ദത്തിലെത്തുന്നു. പരമാനന്ദപ്രാപ്തി അനുഷ്ഠാനത്തിൻ്റെ കർമ്മത്തിൻ്റെ സാക്ഷാത്കാരത്തിൻ്റെ അടിത്തറയാണ്. ആ അടിത്തറയിൽ നിന്നും നമുക്ക് വേണ്ടത് നിർമ്മിക്കാനാവും. എല്ലാവരാലും സാദ്ധ്യമാകുന്ന പ്രക്രിയ അല്ല ഇത്. ഭാരതസംസ്ക്കാരത്തിൽ ആണ്ടു കിടക്കുന്ന രഹസ്യമത്രെ. ഉപാസനയിലൂടെ മനസ്സിൻ്റെ നിർമ്മലാവസ്ഥയിലൂടെ തപസ്യയിലൂടെ നേടിയെടുക്കാനാകും. അവരെ കർമ്മയോഗികളെന്നു വിളിക്കപ്പെടുന്നു. സുഖദുഃഖങ്ങളെ അതിജീവിച്ച് സമ്പൂർണ്ണ പരിത്യാഗ മനസ്സിൻ്റെ ഉടമകളായി പരമാനന്ദത്തെ ലാളിക്കുക. ശ്രേഷ്ഠമായ ചിന്തകളും സമാധാനപരമായ കർമ്മളും ആഴത്തിലുള്ള ജ്ഞാനവും പരമാനന്ദത്തെ പുൽകുന്നതിൽ ഏറെ പ്രസക്തിയുണ്ട്. ഏവർക്കും സുപ്രഭാതവും ആയൂരാരോഗ്യവും നേർന്നുകൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

No Comment.