
ഏതു വിഷയം എടുത്താലും അവിടെ പലപ്പോഴും തർക്കങ്ങൾ വന്നുചേരാം. തർക്കങ്ങൾ ആരോഗ്യപരമായിരിക്കണം. ഒരിക്കലും വാഗ്വാദങ്ങൾ കീറാമുട്ടിയാകരുത്. തർക്കം പരിഹരിക്കാതെ വരുമ്പോളാണ് ചർച്ചയുടെ പ്രധാനം. ചർച്ചകൾ ഊഷ്മളമെങ്കിൽ വഴിയും കണ്ടെത്തും. ഏതു ചർച്ചകളിലും വിട്ടുവീഴ്ചാ മനോഭാവം അത്യന്താപേക്ഷിതമത്രെ. തെറ്റും ശരിയും തിന്മയും നന്മയും എവിടെയും കാണാം. ഒരു ചർച്ചയിൽ ഇവകളെ വേർതിരിക്കാനാകുന്നുവെങ്കിൽ അവിടെ നേട്ടത്തിനു വഴിതുറക്കുന്നു. കൂട്ടായിട്ടുള്ള അഭിപ്രായമാണ് ആഭികാമ്യം. അത് വന്നു ചേരുന്നില്ലായെങ്കിൽ ഭുരിപക്ഷ അഭിപ്രായം നിയമമാക്കി തർക്ക പരിഹാരമാകാം. ഇന്നു കണ്ടുവരുന്നത് ഈ പ്രവണതയത്രെ. സാമൂഹ്യ നന്മയെ ആധാരമാക്കി നീതിന്യായ ചട്ടങ്ങൾ ഏവരും പാലിച്ചിരിക്കണം. മര്യാദകളും സഭ്യതകളും വിട്ടുള്ള സംസാരങ്ങൾ അരുത്. ആരോഗ്യപരമായ ചർച്ചകൾ ഫലപ്രദമായി ഭവിക്കും. വിഷയത്തെ വിലയിരുത്തുമ്പോൾ അതിൻ്റെ നിജസ്ഥിതിയെ നാം മനസ്സിലാക്കിയിരിക്കണം. ഒരിക്കലും ഞാൻ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന പ്രവണത ആകരുത്. തെറ്റ് ഒരിക്കലും ശരിയാകില്ല. അതുപോലെ ശരിയെ തെറ്റാക്കാനും കഴിയില്ല. അതായത് യാഥാർത്ഥ്യങ്ങൾ അധികനാൾ മറച്ചു വയ്ക്കാനാകില്ല. സ്വാധീനവും സ്വാർത്ഥവും പലപ്പോഴും അപരാധങ്ങളെ മറച്ചുവയ്ക്കാനായേക്കാം. അവിടെ അങ്ങനെ രക്ഷപ്രാപിക്കുന്നതെന്തും ശാശ്വത പരിഹാരത്തിലെത്തിയെന്നു പറയാനാകില്ല. ഒരു തരം കണ്ണിൽ പൊടിയിടുന്ന പരിപാടി മാത്രം. അതിനാൽ തന്നെ അധികനാൾ നമുക്ക് പിടിച്ചു നിൽക്കാനാകില്ല. ഒരു നാൾ സത്യം മറ നീക്കി ശക്തമായി മുന്നോട്ട് വരുക തന്നെ ചെയ്യും. കാരണം സത്യം ഈശ്വരൻ ആണ്. ഈശ്വരൻ മനുഷ്യന് മുന്നിൽ നിലകൊള്ളുന്നു. ഈശ്വരാത്മതയോടെ തർക്കങ്ങളെ സമീപിക്കുന്നിടത്ത് വഴിയും ലഭ്യമാകും. നാം അറിഞ്ഞു കൊണ്ട് ദ്രോഹങ്ങൾ ചെയ്യാതിരിക്കുക. നമ്മുടെ പ്രവർത്തികൾ മറ്റൊരാൾക്ക് ദോഷമായി ഭവിക്കരുത്. കാരണം നമ്മളെല്ലാവരും ആത്മാവു കൊണ്ട് സഹോദരങ്ങളത്രെ. ഒരു സഹോദരന് തൻ്റെ സഹോദരങ്ങളെ നോവിക്കാനാകില്ല ദ്രോഹിക്കാനാവില്ല. വഞ്ചിക്കാനാവില്ല. കാരണം മിത്രഭാവം അത്ര അമൂല്യമത്രെ. കോപം വർജ്ജിക്കുക. തർക്കങ്ങളിൽ കോപത്തെ കൂട്ടുപിടിക്കാതിരിക്കുക. പകരം പരസ്പര ബഹുമാനവും സ്നേഹവും പുലർത്തുക. അങ്ങനെ വരുമ്പോൾ ഏതു ചർച്ചകളും ഫലപ്രദമാകുന്ന യാഥാർത്ഥ്യത്തെ കണ്ടെത്താനാകുന്നു. അങ്ങനെ ചർച്ച വിജയപ്രാപ്തി നേടുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.