
ജീവിതം കെട്ടുപിണഞ്ഞ ബന്ധങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കൾ, അവരുടെ ബന്ധുക്കൾ ഭാര്യഭർത്താക്കന്മാർ, അവരുടെ ബന്ധുക്കൾ, മക്കൾ, സുഹൃത്തുക്കൾ മുതലായവ താനെ വന്നു ചേരും. ഇവിടെ ബന്ധങ്ങളുടെ വേലിയേറ്റം ജീവിതത്തെ പച്ചപ്പിടിപ്പിക്കാൻ സഹായിക്കുന്നു. ചിലപ്പോൾ മറിച്ചും സംഭവിക്കാം. നാം ചിരിച്ചു കളിച്ച് നടക്കുമ്പോൾ ഒട്ടനവധി സൗഹൃദങ്ങൾ നമ്മെ തേടിവരും. അവർ തന്നെ നമ്മുടെ കഷ്ടകാലങ്ങളിൽ തിരിഞ്ഞു പോലും നോക്കില്ല. ഇവിടെയാണ് പഴഞ്ചൊല്ലിൻ്റെ പ്രാധാന്യം. ആപത്തുകാലത്ത് കൂടെ നിൽക്കുന്നവരായിരിക്കും നല്ല സുഹൃത്തുക്കൾ. നമ്മുടെ കീശയിലെ കനം കണ്ടും സുഖസൗകര്യങ്ങളിൽ സൗജന്യം കണ്ടും അടുത്തുകൂടുന്ന സമൂഹമാണ് കൂടുതലും. അത്തരക്കാരെ അകറ്റി നിർത്തക. സുഹൃത്ത് ബന്ധങ്ങൾ ഒരുവൻ്റെ ആനന്ദത്തെ ധന്യമാക്കുന്നു. അതിനു കാരണങ്ങളുണ്ട്. ഒരുവൻ്റെ അഭിരുചികൾ അനുഭവങ്ങൾ മുതലായവ പങ്കുവയ്ക്കുന്നത് സുഹൃത്തുബന്ധങ്ങളിലാണ്. ഒരു നല്ല സുഹൃത്ത് നമ്മുടെ നല്ല കാലത്തും കെട്ട കാലത്തും കൂടെ നിൽക്കും. അത്തരമാൾക്കാരെ ലഭിക്കുകയോ തേടി കണ്ടെത്തുകയോ ചെയ്യുക ജീവിത നേട്ടമത്രെ. അത്രയധികം പ്രാധാന്യത സുഹൃത്തുക്കളിൽ സുഹൃത്തുബന്ധങ്ങളിൽ കാണാനാവുന്നു. ചിലർ ബന്ധങ്ങളെ തേടി നടന്നും ചിലർക്ക് അവിചാരിതമായും ലഭിക്കുന്നു. വ്യത്യസ്തമായ കാരണങ്ങൾ വന്നു ചേരാം. ചേരാതെയുമിരിക്കാം. മനുഷ്യത്വമുള്ളവർ സുഹൃത്തുക്കളായി വന്നു ചേരണം. അവരുടെ മനസ്സുകളിൽ കളങ്കം കാണില്ല. തികഞ്ഞ ആത്മാർത്ഥത കൊണ്ട് നമ്മളെ സാന്ത്വനിപ്പിക്കുമ്പോഴാണ് യഥാർത്ഥ സുഹൃത്തിൻ്റെ സാമിപ്യം എത്രയോ അമൂല്യമായി ഭവിക്കുന്നത്. ഈശ്വരവിശ്വാസവും പ്രതിബദ്ധതയും നീതിയും സത്യസന്ധതയും പുലർത്തുന്നിടത്ത് സുഹൃത്ത്ബന്ധങ്ങൾ ആഴത്തിൽ വേരുപിടിക്കും. വേരുകൾ ആഴത്തിൽ ആകുമ്പോൾ മരത്തിൻ്റെ നിലനിൽപ്പ് കാലങ്ങളോളം നീളുന്നതായിരിക്കും. ആ മരങ്ങൾ നൽകുന്ന പൂക്കൾക്കും പഴങ്ങൾക്കും സുഗന്ധവും മധുരവും യഥാക്രമം ഏറിയിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.