
വിശ്വാസങ്ങൾ എന്നും പ്രമാണങ്ങളാണ്. അവയെ ഒരിക്കലും ആർക്കും തിരുത്താനാവില്ല. അഥവാ തിരുത്തപ്പെടാനുളള ശ്രമം ഉണ്ടായാൽ അത് തകർന്നു പോകുന്നു. വിശ്വാസം ജീവവായു പോലെ അമൂല്യമായി നിലകൊള്ളുന്നു. നാമെല്ലാവരും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു. ഈശ്വരനെ കണ്ടെത്താൻ ആരും ശ്രമിക്കാതെ വിശ്വാസത്തിൽ ജീവിതം നയിക്കുന്നു. അത് വേണ്ട ശക്തി പകരുന്നു. ഇത്തരം ശക്തി പരസ്പര വിശ്വാസത്തിന് ദൃഢത മുതൽക്കൂട്ടാകുന്നു. അത് ബന്ധങ്ങളെ ഊട്ടി വളർത്തുന്നു. കുടുംബ ബന്ധങ്ങളായ ഭാര്യ ഭർത്താവ്, അച്ഛനും അമ്മയും മക്കളും, സഹോദരങ്ങൾ, സാമൂഹ്യ ബന്ധങ്ങളായ ഗുരുവും ശിഷ്യനും, വിദ്യാർത്ഥിയും അദ്ധ്യാപകനും, തൊഴിലാളിയും മുതലാളിയും, ഡോക്റ്ററും രോഗിയും, അങ്ങനെ നീളുന്നു ബന്ധങ്ങളുടെ പട്ടിക. എല്ലാ ബന്ധങ്ങളും ഊഷ്മളമായി സൂക്ഷിക്കണമെങ്കിൽ പരസ്പര വിശ്വാസത്തെ വച്ചു പുലർത്തിയിരിക്കണം. അവിടെ ഉണ്ടാകുന്ന ചെറിയ മുറിവു പോലും ആർക്കും സഹിക്കാനാകുന്നില്ല. മുറിവുകൾ സ്നേഹത്തെ വാത്സല്യത്തെ സഹനത്തെ തകർക്കും. ഒരു തവണ തകർച്ചയുടെ ഭാഗമായാൽ പിന്നെ പരാജയമായി. പരാജയത്തിൽ നിന്നും മോചനം ലഭിക്കാതെ തീരാദു:ഖത്തെ അനുഭവിക്കേണ്ടി വരുന്നു. ദു:ഖം മനസ്സിനേയും ശരീരത്തേയും ഒരു പോലെ ബാധിക്കുന്നു. ശരീരത്തിനു രോഗബാധ ഉണ്ടായാൽ ചികത്സിക്കാനാവും. അതേ സമയം മനസ്സ് രോഗാവസ്ഥത്തയിലായാൽ മനുഷ്യൻ്റെ സ്ഥിതി തന്നെ മാറുന്നു. എങ്ങനെ എപ്പോഴൊക്കെ നാം ജീവിതത്തിൽ ചിട്ടയില്ലാതെ ജീവിക്കാൻ തുടങ്ങുന്നുവോ അപ്പോഴെല്ലാം തകർച്ചകളെ അഭിമുഖികരിക്കേണ്ടി വരുന്നു. അതിനു പ്രതിവിധിയത്രെ പരസ്പര വിശ്വാസം. അതിൻ്റെ കെട്ടുറപ്പ് ആത്മവിശ്വാസത്തിനെ ഉയർത്തും. ആത്മവിശ്വാസം ദൃഢമെങ്കിൽ എന്തിനേയും അഭിമുഖീകരിക്കാനുള്ള കഴിവ് ആർജ്ജിക്കാനാവും. സത്യസന്ധതയും നീതി ബോധവും അടിസ്ഥാന ഘടകങ്ങളായി നെഞ്ചിലേറ്റുക. ആരെയും ദ്രോഹിക്കാതെ, ഏവരേയും സ്നേഹിച്ചു കൊണ്ട്, കഴിയുന്ന വിധം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുന്നവർ പരസ്പര വിശ്വാസികളായിരിക്കും. ബഹുമാനത്തോടെ, ത്യാഗ മനസ്ഥിതിയോടെ, നല്ല ചിന്തകളോടെ, പ്രവൃത്തികളിലും വാക്കുകളിലും ധർമ്മം പുലർത്തുക. അവിടെ ജനിക്കുന്ന വിശ്വാസം പരസ്പര ബന്ധങ്ങളെ ധന്യമാക്കുമെന്നതിൽ തർക്കമില്ല. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.