
സദാചാരവും ദുരാചാരവും ഒരു നാണയത്തിൻ്റെ ഇരുവശമത്രെ. നന്മയും തിന്മയും പോലെ ഒന്നു ശ്രേഷ്ഠവും മറ്റൊന്നു നികൃഷ്ഠവുമാകുന്നു. വെളിച്ചവും ഇരുട്ടും പോലെ ജീവിതത്തെ സ്വാധീനിക്കുന്നു. സദാചാരം പാലിക്കുക ഏവരുടെയും കർത്തവ്യമത്രെ. സദാചരങ്ങൾക്കു നിയമ സാധ്യതയുണ്ട്. പരിരക്ഷയുണ്ട്. സദാചാര വിരുദ്ധത സ്വഭാവത്തെ വികലമാക്കും. സമൂഹത്തെ മലിനമാക്കും. ദുരാചാര പ്രവൃത്തികളും ചിന്തകളും ഒരുത്തർക്കും ഭൂഷണമല്ല. അതേ സമയം സദാചാരത്തിൽ നിന്നു കൊണ്ടുള്ള ചിന്തകളും പ്രവൃത്തികളും മനുഷ്യനു ഗുണപ്രദമായിരിക്കും. ദൈവഹിതവും സദാചാരാധിഷ്ഠിതമത്രെ. അവിടെ സത്യവും നീതിയും പുലർത്തുന്നതു കാണാൻ കഴിയും. നാം അഭ്യസ്ഥവിദ്യരാണെങ്കിൽ കൂടി സദാചാരം പാലിക്കപ്പെടുന്നില്ലങ്കിൽ ജീവിതം നിഷ്ഫലമാകുന്നു. സദാചാരത്തിലൂടെ ജനിക്കുന്ന അറിവും ബോധവും ജ്ഞാനവും ഒരുവൻ്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരിക്കും. ജീവിതം ഹ്രസ്വമായ കാലഘട്ടമത്രെ. ജീവനോ ഏതു നിമിഷവും അണയാവുന്നതും. അങ്ങനെയാകുമ്പോൾ എന്തിന് കിടമത്സരം? കുശുമ്പും അസൂയയും ചതിയും വഞ്ചനയും കുതികാൽ വെട്ടും എന്തിനു വേണ്ടി? ധർമ്മം പുലർത്തി സദാചാരം പാലിച്ച് ജീവിതം നയിക്കുന്നിടത്ത് ഈശ്വരസാന്നിദ്ധ്യം വന്നു ചേരും. ഈശ്വരൻ ഉള്ളിടത്ത് സത്യവും നീതിയും കാണും, സത്യവും നീതിയും ഉള്ളിടത്ത് നിയമങ്ങളെ ബഹുമാനിക്കും. നിയമങ്ങളെ ബഹുമാനിക്കുന്നിടത്ത് തെറ്റ് ചെയ്യുന്ന പ്രവണതയ്ക്ക് അന്ത്യമുണ്ടാകും. തെറ്റ് ചെയ്യാതിരിക്കുമ്പോൾ നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കും. ആത്മവിശ്വാസം ഉള്ളിടത്ത് കർമ്മങ്ങൾ എല്ലാം വിജയപ്രാപ്തിയിൽ കൊണ്ടെത്തിക്കും. വിജയത്തിൽ അവസാനിക്കുമ്പോൾ സംതൃപ്തിയും സന്തോഷവും വന്നു ചേരുന്നു. സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആനന്ദം ഒഴുകും. മനസ്സ് ആനന്ദത്തിലാകുമ്പോൾ ലഭിക്കുന്ന നിർവൃതി അവാച്യമത്രെ. നിർവൃതി ആത്മനിർവൃതിയായും ആത്മനിർവൃതിയിലൂടെ ഈശ്വരസാക്ഷാത്കാരത്തിലും ചെന്നുചേരുന്നു. ജീവിതോദ്ദേശം തന്നെ ഈശ്വരസാക്ഷാത്കരമാണ്. ഈശ്വരസാക്ഷാത്കാരത്തിൽ മോക്ഷപ്രാപ്തി ഉണ്ട്. മോക്ഷപ്രാപ്തി കൈവരിക്കുന്നതോടെ സായൂജ്യമടയുന്നു. സായൂജ്യമടയുന്നതു വരെ എത്തിച്ചേരണമെങ്കിൽ സദാചാര സംഹിതകളെ മുറിക്കിപ്പിടിക്കുകയും നിയമ സാദ്ധ്യതകളെ ഉപയോഗിക്കുകയും ചെയ്യണം. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന:-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.