
മനുഷ്യസഹജമാണ് കഴിവുകൾ. കഴിവുകളില്ലാത്തവരായി ആരും തന്നെ ഇല്ല. പലതരം കഴിവുകൾ മനുഷ്യനിൽ മറഞ്ഞു കിടക്കാറുണ്ട്. അതിനെ ഉണർത്തുക പുറത്തു കൊണ്ടു വരുക പ്രകടമാക്കുക ഇവയൊക്കെ ശ്രമകരമായ പ്രവൃത്തിയത്രെ. ബാല്യത്തിൽ സ്വന്തം മാതാപിതാക്കളും വിദ്യാഭ്യാസ കാലത്ത് അദ്ധ്യാപകരും ഗുരുക്കന്മാർ പ്രായപൂർത്തിയാകുമ്പോൾ സൗഹൃദ ഹൃദയങ്ങളും കഴിവുകൾക്ക് തുണയാകാറുണ്ട്. ജഗദീശ്വരൻ ഏവർക്കും കഴിവുകൾ നൽകിയിട്ടുണ്ട്. അതിനെ കണ്ടെത്തി പ്രകടിപ്പിക്കുമ്പോഴാണ് അവൻ്റെ അവളുടെ വ്യക്തിത്വം പൂർണ്ണമാകുന്നത്. അത് കലയിലാകട്ടെ കായിക രംഗമാകട്ടെ മറ്റു തുറകളാകട്ടെ ശോഭിക്കുക എന്നതായിരിക്കണം ഒരോരുത്തരുടെയും ദൗത്യം. പലരും മടിപിടിച്ചും അലസതയേറിയും കർമ്മ മുഖത്തെ വൃണപ്പെടുത്താറുണ്ട്. അവർ പിൻതള്ളപ്പെടുകയും വ്യക്തിത്വത്തിൽ ആരും അല്ലാതെ അവസാനം ജീവിച്ചു മണ്ണടിയുകയും ചെയ്യുന്നു. ഇവിടെയാണ് നാം നമ്മുടെ ചിന്തകളിൽ ശ്രദ്ധിക്കേണ്ടത്. നമ്മുടെ മനസ്സും ശരീരവും ഉൽബോധാവസ്ഥയിലാണോ. നാം ചിന്തിക്കുന്നത് നന്മയിൽ നിന്നു കൊണ്ടാണോ? തിന്മയിലാണ് നിൽക്കുന്നതെങ്കിൽ എങ്ങനെ അതിനെ വർജ്ജിക്കാനാകും. ഇത്തരം ചോദ്യങ്ങളും ചോദ്യത്തിനെല്ലാം പരിഹാരങ്ങളും കണ്ടെത്തുന്നതോടെ ജീവിതത്തിൽ സൂപ്പർ സ്റ്റാർ പദവി ആർജ്ജിക്കാനാകുന്നു. ഏവരും സൂപ്പർ തന്നെയാണ്. ഒന്നിനും കൊള്ളാത്തവരായി ആരും ഇല്ല. അങ്ങനെ ഒരു സ്ഥിതിവിശേഷം ജനിപ്പിക്കുന്നുവെങ്കിൽ അതിനുത്തരവാദി അവനവൻ തന്നെ. ഏതിനും സമയം ഉണ്ട്. കളിക്കണ്ട സമയത്ത് കളിക്കുക,പഠിക്കണ്ട സമയത്ത് പഠിക്കുക, ജോലി ചെയ്യണ്ട സമയത്ത് ജോലി ചെയ്യുക മുതലായ നിഷ്ഠകൾ പുരോഗതിയുടെ ഭാഗമത്രെ. അവ വേണ്ടവണ്ണം ഉപയോഗിക്കുമ്പോൾ നമ്മൾ വിജയത്തിൽ എത്തപ്പെടുന്നു. ഇവിടെ ജീവിതം കുറച്ചു കാലഘട്ടമേയുള്ളു എന്ന തിരിച്ചറിവ് പ്രോത്സാഹന ജനകമാകാറുണ്ട്. അവിടം കൊണ്ടും ബോധവും അറിവും ജ്ഞാനവും അവസാനിക്കുന്നില്ല. ഏറ്റവും വലിയ അറിവായി നെഞ്ചിലേറ്റണ്ട ഒരു കാര്യം ഉണ്ട്. അത് ഒരു കാറ്റടിച്ചാൽ കെട്ടുപോകുന്ന ദീപം പോലെ സമുദ്രം ക്ഷോഭിച്ചാൽ തകർന്നു പോകുന്ന വള്ളം പോലെയത്രെ നമ്മൾ ധരിച്ചരിക്കുന്ന ജീവൻ. അതു കൊണ്ട് ഈ ഭൂമിയിൽ ഉള്ള കാലത്തോളം സ്നേഹമായിട്ട് വാത്സല്യമായിട്ട് ത്യാഗമായിട്ട് ദയയായിട്ട് സഹനമായിട്ട് ജീവിക്കുക. അവിടെ ഈശ്വര ചൈതന്യം വന്നു ചേരും. ഈശ്വരചൈതന്യം മനസ്സിൽ കുടികൊണ്ടാൽ അത് വ്യക്തിപ്രഭാവമായി. വ്യക്തിപ്രഭാവമുള്ളവർ സൂപ്പർസ്റ്റാറുകൾ തന്നെ. മനസ്സിൻ്റെ ജീവിതത്തൻ്റെ കുടുംബത്തിൻ്റെ ദേശത്തിൻ്റെ രാജ്യത്തിൻ്റെ ലോകത്തിൻ്റെ ഒക്കെ സൂപ്പർ സ്റ്റാറായി അവർക്കു മാറാനാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന:-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.