
നേരറിവു എന്നു പറഞ്ഞാൽ അത് സത്യമത്രെ. സത്യത്തെ അറിയുക ഈശ്വരനെ അറിയുകയാണ്. ഈശ്വരനെ അറിയണമെങ്കിൽ അറിവും ബോധവും ജ്ഞാനവും വേണം. ഇവയിലൂടെ ഭക്തിയാർജ്ജിക്കണം. ഭക്തിയുളളിടത്തു് ഈശ്വര ചൈതന്യം കാണാനാകും. തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു. ഇവിടെ ശരിയും തെറ്റും വിവേചിച്ച് അറിയുക മനസ്സിൻ്റെ മാനദണ്ഡമത്രെ. ശരിയെ സ്വീകരിച്ചു തെറ്റിനെ പുറന്തള്ളുമ്പോൾ നമ്മൾ ഈശ്വരനിലേക്കു അടുക്കുകയാണ്. അവിടെ നേരറിവിൻ്റെ വിടവ് കാണാറില്ല. നമ്മുടെ ബോധം ഉണർന്നു കഴിഞ്ഞു. ബോധത്തിലൂടെ ലഭിക്കുന്ന ജ്ഞാനം ആത്മജ്ഞാനം നേടാൻ സഹായിക്കുന്നു. ആത്മജ്ഞാനത്തിലൂടെ നമ്മളിൽ ഉളവാകുന്ന നേരറിവ് തൃകാലജ്ഞാനമായി ഭവിക്കുന്നു. അത് നമ്മുടെ പ്രവൃത്തികളെ ശ്രേഷ്ഠമാക്കുന്നു. ഇവിടെ ഋഷി തുല്യമായ അവസ്ഥാന്തരം മനസ്സിൻ്റെ പൂർണ്ണമായ സമർപ്പണമായിരിക്കും. തത്ത്വമസി അഹം ബ്രഹ്മാസ്മി പോലുള്ള തത്വങ്ങളിൽ ഒരുവൻ ചെന്നുചേരുന്നു. അത്തരം വ്യക്തിത്വത്തിന് സഹനം കുടുതലും സ്നേഹം വാത്സല്യം ദയ കരുണ പ്രകടമായ നിലയിൽ ഉൾക്കൊണ്ടിരിക്കും. ഏതെങ്കിലും കാരണവശാൽ നേരറിവിൽ വിടവുകൾ വീണിട്ടുണ്ടെങ്കിൽ അത് ഒരുവൻ്റെ മനസ്സിൻ്റെ അപൂർണ്ണതയായിരിക്കും. അപൂർണ്ണമായ മനസ്സ് ചാഞ്ചാടി കൊണ്ടിരിക്കും. അവിടെ ശ്രേഷ്ഠത കൈവരിക്കാനാകില്ല. അതു കൊണ്ട് ഏകാഗ്രതയോടെ ഈശ്വരവിശ്വാസത്തോടെ ചിന്തകളെ ചിട്ടപ്പെടുത്തി സ്ഥിരോത്സാഹത്തോടെ ഒരോ കർമ്മങ്ങളും നിറവേറ്റിനാകുമെങ്കിൽ നേരറിവിൽ വിടവുകൾ സൃഷ്ടിക്കാതെ സംതൃപ്തി നേടാനാകും . ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്ന് കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.