Skip to content

chithrodayamflashnews.com

November 28, 2026 9:36 am

അഞ്ജലിയുടെ കുണ്ഠിതം മാപ്പിലൊതുങ്ങില്ല; ജോലിയിൽ നിന്നും പിരിച്ചുവിടണമെന്ന് നെറ്റിസൺസ്; പിരിച്ചുവിട്ടെന്നും പ്രചാരണം

ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോൾ വലിയ വിവാദമായിരുന്നു. മെഹന്തി ആർട്ടിസ്റ്റിനെ ഫോണിൽ വിളിച്ച് സ്വകാര്യ ഭാ​ഗത്ത് മെഹന്തി ഇടുന്നതിന് എത്രയാണ് റേറ്റ് എന്നായിരുന്നു അഞ്ജലി ചോദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് യുവതികൾക്കെതിരെ ഉയർന്നത്. ഇതിനു പിന്നാലെ മാപ്പപേക്ഷയുമായി അഞ്ജലി സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, നെറ്റിസൺസിന്റെ കലി ഇനിയും അടങ്ങിയിട്ടില്ല. റേഡിയോ ജോക്കിയായ അഞ്ജലിയെ ജോലിയിൽ നിന്നും പിരിച്ചുവിടണം എന്നാണ് സൈബർ ലോകത്ത് ഒരു വിഭാ​ഗം ആളുകൾ ആവശ്യപ്പെടുന്നത്. അതേസമയം, അഞ്ജലിയെ വിവാ​ദ പ്രാങ്ക് കോളിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

വിവാദം ഇങ്ങനെ:

ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോൾ ആണ് വലിയ വിവാദമായിരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്.

തന്റെ വിവാഹത്തിന് മെഹന്തി ഇടണം എന്ന് പറഞ്ഞാണ് ഈ വീഡിയോയിലെ സംഭാഷണം തുടങ്ങിയത്. ആരു പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് മെഹന്തി ആർട്ടിസ്റ്റ് ചോദിക്കുന്നുണ്ട്. ഫ്രണ്ടാണ് നമ്പർ നൽകിയതെന്നാണ് അഞ്ജലിയുടെ മറുപടി. വിവരം ചോദിക്കാൻ വിളിക്കുന്ന സാധാരണ കോൾ പോലെയാണ് സംസാരം പുരോഗമിക്കുന്നത്. കൈകളിൽ മെഹന്തി ഇടുന്നതിന്റെ റേറ്റാണ് ആദ്യം ചോദിച്ചത്. പിന്നീട് കാലുകളിൽ മെഹന്തി ഇടുന്നതിന് എത്രയെന്നും അഞ്ജലി ചോദിക്കുന്നു. പെട്ടെന്നാണ് അമ്പരപ്പിക്കുന്ന ആവശ്യം നിരഞ്ജന പറഞ്ഞത്. സംസാരം ഭാവി വരനെ അമ്പരപ്പിക്കാൻ സ്വകാര്യ ഭാഗത്ത് മെഹന്തി ഇട്ട് തരുമോ എന്നായിരുന്നു ചോദ്യം. ഈ സമയത്ത് പൊട്ടിച്ചിരിക്കുകയാണ് അഞ്ജലി ചെയ്തത്. ഇരുവരും ആലോചിച്ച് ഉറപ്പിച്ച് ആ സ്ത്രീയെ അപമാനിച്ചു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെ വിമർശിച്ച് ആദ്യം വന്ന കമന്റുകൾക്ക് അജ്ഞലി നൽകിയ മറുപടികൾ കൂടുതൽ പ്രകോപനമായി. ഇതും പ്രതിഷേധത്തിന് കാരണമായതോടെ കമന്റ് ബോക്‌സ് തന്നെ പൂട്ടിക്കെട്ടി. ഇതോടെ പേജ് അൺഫോളോ ചെയ്യാനുളള ആഹ്വാനവും ചിലർ നടത്തി. ഇതിന് നല്ല പ്രതികരണം ഉണ്ടായി. ഇങ്ങനെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അജ്ഞലി ക്ഷമാപണവുമായി എത്തിയത്.

അഞ്ജലിയുടെ ക്ഷമാപണം ഇങ്ങനെ

സംഭവം വിവാദമായതിന് പിന്നാലെ ആർജെ അഞ്ജലി ക്ഷമ ചോദിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. ‘ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വൽസിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങൾ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാൽ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും മാത്രമാണ് പ്രാങ്ക് കോൾ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകൾ എന്റെ ഭാഗത്ത് നിന്ന് ഇനി മേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നൽകുകയാണ് ’

ജോലി പോയെന്ന പ്രചാരണത്തിനും മറുപടി:

തൻറെ ജോലി പോയെന്നു പറഞ്ഞ് കമൻറ് ഇടുന്നവരോട് വിശദീകരണവുമായി ആർജെ അഞ്ജലി വീണ്ടും രം​ഗത്തെത്തി. താൻ കഴിഞ്ഞ മാർച്ചിൽ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് രാജിവച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. തൻറെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി വിശദീകരണ വിഡിയോയിൽ പറയുന്നുണ്ട്. ഏതായാലും അഞ്ജലിയുടെ മാപ്പു പറച്ചിലിൽ ഈ വിവാദം കെട്ടടങ്ങില്ല എന്നുതന്നെയാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6