Skip to content

chithrodayamflashnews.com

November 28, 2026 9:29 am

കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റ സംഭവത്തിൽ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

കോഴിക്കോട്: കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത പാത്രങ്ങൾ ആക്രിക്കടയിൽ മറിച്ചുവിറ്റ സംഭവത്തിൽ യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

താമരശ്ശേരി പരപ്പൻപൊയിലിലെ ഒകെ സൗണ്ട്‌സ് എന്ന വാടക സ്റ്റോറിൽനിന്ന് എടുത്ത ബിരിയാണി ചെമ്പുകൾ ഉൾപ്പെടെയുള്ള പാത്രങ്ങളാണ് പൂനൂരിലെ ആക്രിക്കടയിൽ വിറ്റഴിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് യുവാവ് വീട്ടിലെ കല്യാണത്തിന് എന്നുപറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്‌ക്കെടുത്തത്. പിന്നീട് പരപ്പൻപൊയിലിൽനിന്ന് ഒരു ഗുഡ്‌സ് ഓട്ടോ വിളിച്ച് പാത്രങ്ങൾ കയറ്റി താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്ക് എന്നുപറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. സാധനങ്ങൾ എടുക്കുന്ന സമയത്ത് സൽമാൻ എന്ന പേരിൽ ഫോൺ നമ്പറും വിലാസവും നൽകിയിരുന്നു.

ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ചയും പാത്രങ്ങൾ തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് നൽകിയ വിലാസം വ്യാജമാണെന്ന് സ്റ്റോർ ഉടമ റഫീഖ് മനസ്സിലാക്കിയത്. വിളിച്ചപ്പോൾ യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവറിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് പാത്രങ്ങൾ അണ്ടോണയിലല്ല, പൂനൂരിലെ ഒരു ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.

വീടിനടുത്തേക്ക് വണ്ടി പോകാത്തതുകൊണ്ട് പാത്രങ്ങൾ അവിടെ ഇറക്കിയാൽ മതിയെന്നാണ് യുവാവ് ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നത്. ഈ വിവരപ്രകാരം കടയുടമ തിങ്കളാഴ്ച പൂനൂരിലെ ആക്രിക്കടയിൽ എത്തിയപ്പോൾ പാത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രിക്കട ഉടമയോട് വിവരങ്ങൾ പറഞ്ഞശേഷം വാടക സ്റ്റോർ ഉടമ റഫീഖ് താമരശ്ശേരി പോലീസിൽ പരാതി നൽകി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ, പാത്രങ്ങൾക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ യുവാവ് വിറ്റിരുന്നില്ല. മോഷ്ടാവിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6