മൂന്നര പതിറ്റാണ്ടുകളായി ഈ ചേട്ടൻ കൊല്ലത്ത് ചിന്നക്കടയിൽ നില്ക്കാൻ തുടങ്ങിയിട്ട്.
ചിന്നക്കടയിലെ ഗ്രാൻഡ് & പ്രിൻസ് തിയേറ്ററിനോട് ചേർന്നുള്ള മുസലിയാർ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന മമ്മി ഡാഡി ടെക്സ്റ്റയിൽസിലായിരുന്നു ഈ ചേട്ടൻ ആദ്യ കാലങ്ങളിൽ ജോലി ചെയ്തിരുന്നത്. ഫുട്ട്പാത്തിലൂടെ നടന്നു പോകുന്നവരെ പരിചയക്കാരെപ്പോലെ കൈപിടിച്ച് കടയിലേക്ക് കയറ്റാൻ ശ്രെമിക്കുന്നതാണ് ചേട്ടന്റെ പതിവ് രീതി.
ഈ കടയുടെ മുന്നിൽ കൂടി നടന്നു പോകുന്നവർ കടയുടെ മുന്നിൽ തൂക്കിയിട്ടിരിക്കുന്ന പല മോഡലിലുള്ള ഷർട്ടുകളും പാന്റ്സുകളും കാണുമ്പോൾ അറിയാതെ ഒന്ന് നിന്ന് പോകും. ഷർട്ട് നോക്കുന്നത് കണ്ടാൽ ഈ ചേട്ടൻ കയ്യിൽ പിടിച്ച് ഇതിനേക്കാൾ നല്ല മോഡലുകൾ അകത്തുണ്ട് മോനെ എന്ന് പറഞ്ഞു അകത്തേക്ക് വലിച്ചു കേറ്റും. അതോടെ പെട്ടു. പിന്നെ എന്തെങ്കിലും എടുക്കേണ്ടിവരുമെന്നു അനുഭവസ്ഥർ പറയുന്നു. ജോലിയോടുള്ള ആത്മാർത്ഥതയാണ് അദ്ദേഹം ചെയ്യുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടുതന്നെ അൽപ്പം അസ്വസ്ഥത തോന്നിയാലും ആരും ഒന്നും പറയാറില്ല.
വീട്ടിൽ നിന്നും വണ്ടികൂലി മാത്രമായി വരുന്ന നമ്മുടെ കൈയിൽ എവിടെയാണ് തുണി മേടിക്കാൻ കാശ്. അതുകൊണ്ട് അകത്തോട്ട് കയറുന്ന വഴിയുടെ ഇടതുവശത്തെ വാതിലിൽ കൂടെ പുറത്തുകടന്ന് തീയേറ്ററിനകത്തുകൂടെ പുറത്തു പോകേണ്ട ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഈ ചേട്ടനെ കുറിച്ച് ആദ്യമായി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകനായ മൺഡ്രോതുരുത്ത് സ്വദേശി ശ്യാംദേവ് ശ്രവണം തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
വർഷം കുറേയായില്ലെ മമ്മി ഡാഡി ഇപ്പോഴില്ല, കൊല്ലം ആകെ മാറി രൂപത്തിലും ഭാവത്തിലും…. പക്ഷേ ഇദ്ദേഹത്തിന് മാറ്റമൊന്നുമില്ല മറ്റൊരു കടയിൽ അതേ ജോലിയുമായി ഇന്നും ഉണ്ട്. ആളിന് നല്ല ക്ഷീണമൊക്കെ ആയിട്ടുണ്ട്. തമിഴ്നാട് സ്വദേശി ആണ് ഹബീബ്. വർഷങ്ങൾക്ക് മുൻപേ കൊല്ലത്തേക്ക് വന്നതാണ്.
No Comment.