Skip to content

chithrodayamflashnews.com

November 28, 2026 7:40 am

കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യ ദുരന്തം നടന്നിട്ട് 25 വർഷം.

കൊല്ലം – തിരുവനന്തപുരം ജില്ലകളിലെ കല്ലുവാതുക്കൽ – പള്ളിക്കൽ – പട്ടാഴി – പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് 2000 ഒക്ടോബർ 21 – 22, – 23 തീയതികളിലായി മദ്യദുരന്തം ഉണ്ടായത്. ഈ ദുരന്തത്തിൽ ഔദ്യോഗിക കണക്കിൽ 32 പേരാണ് മരിച്ചത്. ഈ മദ്യ ദുരന്തത്തിൽ 6 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും അഞ്ഞൂറോളം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. മദ്യ വിതരണക്കാരിയായിരുന്ന ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ മരിച്ചു.

1982-ലെ വൈപ്പിൻ വിഷമദ്യ ദുരന്തത്തിന് ശേഷം ഏറ്റവും കൂടുതൽപേർക്ക് ജീവൻ നഷ്ടമായ മറ്റൊരു മദ്യദുരന്തമായിരുന്നു കൊല്ലം ജില്ലയിലെ കല്ലുവാതുക്കലേത്. ചാരായം കുടിച്ചവരുമായി ആശുപത്രികളിലേക്ക് ചീറിപ്പായുന്ന വാഹനങ്ങൾ, ചാരായം കുടിച്ചവരെല്ലാം നിർബന്ധമായും ആശുപത്രിയിൽ പോകണമെന്ന് ഉച്ചഭാഷിണി അറിയിപ്പുമായി പൊലീസ് ജീപ്പുകൾ… 2000 ഒക്ടോബർ 21-നും 22-നും കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലെ ജനങ്ങൾ സാക്ഷ്യംവഹിച്ചത് നടുക്കുന്ന കാഴ്ചകൾക്കായിരുന്നു. കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന താത്തയുടെ വീട്ടിൽനിന്ന് വ്യാജമദ്യം കഴിച്ചവരാണ് രണ്ടു ദിവസങ്ങളിലായി മരിച്ചുവീണത്. പള്ളിക്കൽ അമ്പലംഭാഗത്തുനിന്ന് മദ്യം കഴിച്ചവരും മരിച്ചവരിൽ ഉൾപ്പെടും. വിഷമദ്യം കഴിച്ച് സ്‌കൂൾ ഹെഡ്‌മാസ്റ്റർ അടക്കം 23 പേർ മരിച്ചെന്നായിരുന്നു ആദ്യ ദിവസത്തെ കണക്കുകൾ. പിന്നീട് മരണസംഖ്യ ഉയർന്നു. ആശുപത്രിയിൽ ചികിത്സ തേടി എത്തിയവരുടെ എണ്ണവും കൂടി. ഒരേ കേന്ദ്രത്തിൽനിന്ന് എത്തിച്ച മദ്യമാണ് എല്ലായിടത്തും ദുരന്തം വിതച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. മണിച്ചൻ എന്ന അബ്കാരിയാണ് ഇതിനു പിന്നിലെന്നും ഹയറുന്നീസയ്ക്ക് വിഷമദ്യം എത്തിച്ചു നൽകിയിരുന്നത് ഇയാളാണെന്നും തെളിഞ്ഞു. ചാത്തന്നൂരിൽ ഹോട്ടൽ നടത്തിയാണ് ഹയറുന്നീസ് ഈ കച്ചവട രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹോട്ടലിന് പകരം വ്യാജ മദ്യക്കച്ചവടം ആയെന്ന് മാത്രം. ചാത്തന്നൂരിൽ ആദ്യം തുടങ്ങിയ ഹോട്ടൽ മസ്താന വൈകാതെ അടച്ചുപൂട്ടി. പിന്നീട് പരവൂരിൽ ‘സ്വാഗതം’ എന്ന പേരിൽ പുതിയൊരു ഹോട്ടൽ ആരംഭിച്ചു. പക്ഷേ, അതും പൂട്ടിപ്പോയി. ഒടുവിൽ കയറി കിടക്കാൻ ഒരിടംപോലും ഇല്ലാതായതോടെ ഹയറുന്നീസയും ഭർത്താവ് രാജനും അയാളുടെ സ്വദേശമായ കല്ലുവാതുക്കലിൽ എത്തി. ബന്ധുക്കൾക്കെതിരേ കേസ് നടത്തി അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കി. അതിലൊരു കൊച്ചുവീടും. എന്നാൽ ആ വീട് പിന്നീട് നാട്ടിലെ വ്യാജ മദ്യവിൽപ്പന കേന്ദ്രമായി മാറുകയായിരുന്നു. താത്ത എന്ന പേരിലാണ് ഹയറുന്നീസ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മദ്യകച്ചവടം ആരംഭിച്ച് പലതവണ എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലായെങ്കിലും താത്ത കച്ചവടം നിർത്തിയില്ല. കച്ചവടം കൊഴുത്തതിനൊപ്പം സമ്പത്തും കൂടി. ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടിയെത്തി. കച്ചവടം പൊടിപിടിച്ചു. താത്തയുടെ സമ്പാദ്യവും കുമിഞ്ഞുകൂടി. പണവും സ്വാധീനവുമെല്ലാം വർധിച്ചതോടെയാണ് കല്ലുവാതുക്കൽ മാർക്കറ്റിന് പിന്നിൽ ‘ഷീബ മൻസിൽ’ എന്ന പേരിൽ താത്ത കൂറ്റൻ വീട് പണിതുയർത്തിയത്. ഇവിടെയും പരസ്യമായ രഹസ്യ മദ്യവിൽപ്പന തകൃതിയായി നടന്നു. വീട്ടിലെ കൂറ്റൻ ഗേറ്റും കിളിവാതിലും കടന്നുവേണം അകത്തുചെല്ലാൻ. പ്രവേശനം വിശ്വസ്തരായ കുടിയന്മാർക്ക് മാത്രം. വി.ഐ.പി.കളാണെങ്കിൽ താത്തയുടെ പ്രത്യേക പരിഗണനയും ലഭിക്കും. മാസപ്പടി മുടങ്ങാതെ നൽകി ഉദ്യോഗസ്ഥരെ ‘ഷീബ മൻസിലി’ൽ നിന്ന് അകറ്റിനിർത്താനും താത്ത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബിസിനസ് വർധിച്ചതോടെ നാല് ബസുകളും സമാന്തര സർവീസ് നടത്തുന്ന മറ്റുവാഹനങ്ങളും വാങ്ങി. പല ബാങ്കുകളിൽനിന്നായി ലക്ഷക്കണക്കിന് രൂപ വായ്പയെടുക്കുകയും ചെയ്തു. 1996-ൽ ഹയറുന്നീസയുടെ വീട്ടിൽനിന്ന് മദ്യം കഴിച്ച അപ്പു വൈദ്യർ എന്നയാൾ മരിച്ചിരുന്നു. ഈ കേസിൽ 6 വർഷം കഠിനതടവിനാണ് ഹയറുന്നീസ ശിക്ഷിക്കപ്പെട്ടത്. എന്നാൽ പിന്നീട് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇക്കാലയളവിലാണ് ഒട്ടേറെപേരുടെ ജീവൻ കവർന്ന കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം സംഭവിച്ചത്. കല്ലുവാതുക്കൽ ദുരന്തത്തിൽ മരിച്ചവരിൽ ഹയറുന്നീസയുടെ വീട്ടുജോലിക്കാരിയായ കൗസല്യയും ഉണ്ടായിരുന്നു. ഹയറുന്നീസയുടെ വീട്ടിൽനിന്ന് ചാരായവുമായി വന്ന കൗസല്യ സ്വന്തം വീട്ടിലെത്തിയ ശേഷമാണ് അത് കുടിച്ചത്. പിന്നാലെ തലക്കറക്കവും ഛർദിയുമുണ്ടായി. വൈകാതെ കാഴ്ചയും നഷ്ടപ്പെട്ടു.

കഞ്ഞിക്കച്ചടക്കാരൻ ചന്ദ്രദാസ് മദ്യരാജാവായ മണിച്ചനായ കഥ.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കഞ്ഞിക്കച്ചവടം നടത്തിയിരുന്ന ചന്ദ്രദാസ് എന്ന കൗമാരക്കാരനാണ് പിന്നീട് മണിച്ചനെന്ന മദ്യരാജാവായത്. ഒരുകാലത്ത് അഷ്ടിക്ക് വകയില്ലാതെ ജീവിച്ചിരുന്ന മണിച്ചന്റെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ആ വളർച്ച കണ്ട് പലരും മൂക്കത്തുവിരൽവെച്ചു. മണിച്ചൻ മുതലാളിക്കൊപ്പം ആളും ആരവവുമായി. പക്ഷേ, 2000 ഒക്ടോബർ അവസാന വാരത്തോടെ മണിച്ചൻ മുതലാളി കെട്ടിപ്പൊക്കിയ താര പരിവേഷമെല്ലാം തകർന്നടിഞ്ഞു. അന്നേവരെ തന്റെ ചൊൽപ്പടിക്ക് നിന്നിരുന്ന രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അയാളെ രക്ഷിക്കാനെത്തിയില്ല. ഒടുവിൽ അയാൾക്ക് വിധിച്ചത് ആജീവനാന്ത കഠിനതടവും. ചിറയിൻകീഴ് ആശുപത്രിയിൽ കഞ്ഞിക്കച്ചവടം നടത്തിയിരുന്ന മണിച്ചൻ ഒരു ചാരായഷാപ്പിൽ തൊഴിലാളിയായതോടെയാണ് കാര്യങ്ങൾ മാറിമറയുന്നത്. പതുക്കെ, തൊഴിലാളി ആ ഷാപ്പിന്റെ ഉടമയായി. പിന്നീടങ്ങോട്ട് അതിവേഗമായിരുന്നു മണിച്ചന്റെ വളർച്ച. ഒരിക്കലും അബ്കാരി കരാറുകാരനായിരുന്നില്ല അയാൾ. എന്നാൽ തിരുവനന്തപുരത്തും കൊല്ലത്തും വിൽക്കപ്പെട്ടിരുന്ന ഓരോ തുള്ളി ചാരായത്തിലും മണിച്ചന്റെ നോട്ടമെത്തിയിരുന്നു. ഈ റേഞ്ചിലെ ഷാപ്പുകൾ ആര് ലേലത്തിനെടുക്കണം എന്നതടക്കം മണിച്ചൻ തീരുമാനിച്ച കാലം. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിന്തുണയുമാണ് മണിച്ചനെന്ന മദ്യമുതലാളി തഴച്ചുവളരാൻ കാരണമായതെന്ന് കല്ലുവാതുക്കൽ കേസിന്റെ ശിക്ഷാവിധിയിൽ കോടതി തന്നെ അഭിപ്രായപ്പെട്ടിരുന്നു. വിധിയിൽ ചില ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. കോടതിയുടെ ഈ പരാമർശം ശരിവെയ്ക്കുന്നതായിരുന്നു മണിച്ചന്റെ പൂർവകാലജീവിതം. കൊല്ലം, തിരുവനന്തപുരം മേഖലകളിൽ എക്സൈസ് ഉദ്യോഗസ്ഥരായി ആര് വരണമെന്ന് തീരുമാനിക്കുന്നത് വരെ മണിച്ചനാണെന്നായിരുന്നു കിംവദന്തി. ഇതിനുപുറമേ ഉദ്യോഗസ്ഥർക്ക് നൽകുന്ന മാസപ്പടിയുടെ കണക്കുകൾ അടങ്ങിയ ഡയറിയും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. മദ്യദുരന്തമുണ്ടായെന്ന വാർത്ത പരന്നതിന് പിന്നാലെ മണിച്ചൻ മുങ്ങി. ഒടുവിൽ 35 ദിവസങ്ങൾക്ക് ശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചൻ പൊലീസിന്റെ പിടിയിലായത്. അതൊരു കീഴടങ്ങലായിരുന്നു. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ചൊൽപ്പടിക്ക് നിർത്തി തന്റേതായ സാമ്രാജ്യം വളർത്തിയെടുത്ത സ്പിരിറ്റ് രാജാവിന്റെ കീഴടങ്ങൽ. ഒടുവിൽ രണ്ടുവർഷങ്ങൾക്കപ്പുറം 2002 ജൂണിൽ മണിച്ചൻ, ഹയറുന്നീസ എന്നിവരടക്കം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ 13 പ്രതികളെ കൊല്ലം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഐ.പി.സി. 302-ാം വകുപ്പ് പ്രകാരമാണ് മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും അബ്കാരി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 43 വർഷത്തെ തടവ് കൂടി കോടതി വിധിച്ചിരുന്നു. സർക്കാർ പ്രത്യേകചട്ടം നിർമ്മിച്ച് ഇളവ് അനുവദിക്കുന്നില്ലെങ്കിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലാവധി ആജീവനാന്തമായി കണക്കാക്കണമെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയും മണിച്ചന്റെ ശിക്ഷ ശരിവെച്ചു. സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. ഒടുവിൽ അഴിക്കുള്ളിലായി 22 വർഷത്തിന് ശേഷം 2022 ജൂണിലാണ് മണിച്ചന് ജയിൽ മോചനത്തിനുള്ള വഴിത്തുറക്കുന്നത്. സ്പിരിറ്റൊഴുകിയ ആറ്റിങ്ങലിലെ ‘ഉഷസ്’, ഹൈടെക്ക് സംവിധാനങ്ങൾ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മണിച്ചന്റെ രഹസ്യ കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ. കല്ലുവാതുക്കൽ മദ്യദുരന്തത്തിന് പിന്നാലെ ഈ ഹൈടെക്ക് സംവിധാനങ്ങൾ ഒന്നൊന്നായി പുറംലോകമറിഞ്ഞു. ചാരായ നിരോധനത്തിന് പിന്നാലെയാണ് മണിച്ചന്റെ ബിസിനസ് സാമ്രാജ്യം അതിവേഗം വളർന്നത്. ആറ്റിങ്ങലിലെ ‘ഉഷസ്’ എന്ന വീട് കേന്ദ്രീകരിച്ച് തെക്കൻ കേരളത്തിലെ അങ്ങോളമിങ്ങോളം സ്പിരിറ്റൊഴുകി. വീട്ടിലും ചിറയിൻകീഴിലെ ഹോളോബ്രിക്സ് ഫാക്ടറിയിലുമാണ് വൻതോതിൽ സ്പിരിറ്റ് സംഭരിച്ചിരുന്നത്. ഹോളോബ്രിക്സ് ഫാക്ടറിയിലെ ഭൂഗർഭ അറയിൽനിന്ന് ഏകദേശം 90000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് അന്ന് പിടിച്ചെടുത്തത്. അയൽവാസി അറിയാതെ അദ്ദേഹത്തിന്റെ പുരയിടവും കൈയേറിയായിരുന്നു മണിച്ചൻ ഭൂഗർഭ അറ നിർമ്മിച്ചിരുന്നത്. ഇവിടെ വെള്ളം സൂക്ഷിക്കാൻ നിർമ്മിച്ച വലിയ വാട്ടർടാങ്കുകളിലും സ്പിരിറ്റ് സംഭരിച്ചു. ഇതിനെല്ലാം പുറമേ കടവിളയിലെ മണിച്ചന്റെ ഗോഡൗണിലും അന്ന് ഭൂഗർഭ അറകൾ കണ്ടെത്തിയിരുന്നു. മദ്യമുതലാളിയായി വളർന്നെങ്കിലും മണിച്ചൻ വന്നവഴി മറന്നിരുന്നില്ല. സ്പിരിറ്റ് കടത്തിലൂടെ കോടികൾ സമ്പാദിച്ചിട്ടും ആദ്യം ഉടമസ്ഥത വഹിച്ച ചാരായ ഷാപ്പ് അയാൾ സംരക്ഷിച്ചുപോന്നു. ഇതിനോട് ചേർന്ന് പിന്നീട് ഒരു ക്ഷേത്രവും നിർമ്മിച്ചു. ദാനശീലനായ മണിച്ചൻ മുതലാളി നാട്ടുകാർക്കും പ്രിയപ്പെട്ടവനായി. എന്നാൽ 2002 ജൂണിൽ ശിക്ഷാവിധി കേട്ട് കോടതിയിൽനിന്ന് മടങ്ങുമ്പോൾ തന്റെ കൈയിൽ ഇനി പണമൊന്നും ഇല്ലെന്നായിരുന്നു മണിച്ചന്റെ വാക്കുകൾ.

മണിച്ചന്റെ ഡയറിയില്‍നിന്ന് ചില CPM നേതാക്കള്‍ക്കും പോലിസ് – എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ അന്ന് കണ്ടെത്തിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6