ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ജില്ലാ ആശുപത്രി അധികൃതരെത്തി തിരികെ കൊണ്ടുപോയി
ജില്ലാ ആശുപത്രിയിൽ നിന്ന് മരണം ഉറപ്പാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം – മരിച്ചയാളുടെ വീട്ടിൽ പൊതുദർശനം നടക്കെ ആശുപത്രി അധികൃതരെത്തി തിരികെ കൊണ്ടുപോയി.
പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്‍റെ മൃതദേഹമാണ് ആശുപത്രി അധികൃതർ വീട്ടിൽ അന്വേഷിച്ചേത്തി തിരികെ കൊണ്ടുപോയത്.
കഴിഞ്ഞമാസം 25ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സദാശിവൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്കൊണ്ട് ആശുപത്രി അധികൃതർ അത് സ്വാഭാവിക മരണമായിതന്നെ കണക്കാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇവിടം മുതലാണ് മൃതദേഹം തിരിച്ചു വാങ്ങി ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കം തുടങ്ങുന്നത്.
വിഷം കഴിച്ചുള്ള മരണമായതിനാൽ പോസ്റ്റുമോർട്ടം അനിവാര്യമാണെന്ന് ആശുപത്രി അധികൃതർ ഓർത്തതോടെയാണ് സദാശിവന്റെ വീട് തേടി ജീവനക്കാർ എത്തിയത്.
പോലീസിനെ കൂടെക്കൂട്ടിയാണ് ജീവനക്കാർ മരണ വീട്ടിലെത്തിയത്.
സദാശിവന്റെ മൃതദേഹത്തിൽ പൊതുദർശനം നടക്കുന്നതിനിടെ രാത്രി ഒമ്പതോടെ പൊലീസും ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുപോവുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തിലടക്കം പ്രശ്നം നേരിടുമെന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തണമെന്നും ബന്ധുക്കളോട് പറഞ്ഞശേഷമാണ് മൃതദേഹം കൊണ്ടുപോയത്.
തുടര്‍ന്ന് ഇന്ന് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
ജില്ലാ ആശുപത്രിക്ക് അനാസ്ഥ സംഭവിച്ചത് ആളുകള്‍ അറിയിട്ടെയെന്ന് കരുതിയാണ് ഇക്കാര്യം പുറത്ത് പറഞ്ഞതെന്നും പരാതി ഇല്ലെന്നും സദാശിവന്റെ ചില ബന്ധുക്കൾ പ്രതികരിച്ചു.
No Comment.