Skip to content

chithrodayamflashnews.com

Asnap 1409

ആദ്യ പ്രണയം

ആദ്യമായി
പെയ്തിറങ്ങിയ പ്രണയം
കോര്‍ത്തൊരു മാലയുണ്ടാക്കി.
പളുങ്കുമുത്തുകള്‍
ഇടവേളകളിലൊപ്പം
ചേര്‍ത്തിരുന്നു.

നിരന്തരം
വീശിപോകുമൊരിളം
തെന്നലിനെ പിടികൂടി
ഞാനെന്റെ പ്രണയമൊരു
തൂവലില്‍ പൊതിഞ്ഞു.
ഇളം നീല നിറമുള്ള
പിച്ചിപ്പൂവിന്റെ ഗന്ധമുള്ള
ചിറകില്‍ ചേര്‍ത്തുകെട്ടി.

കറുപ്പ് പടര്‍ന്ന
വാനമാകെ കണ്മഷിയെന്ന്
കരുതി പെയ്യാതെ
പിണങ്ങിയൊതുങ്ങി
നിന്നൊരു മഴമുത്ത്,
പെയ്യാന്‍ തിടുക്കം കൂട്ടിയതും
ജാലകം വഴി ഞാന്‍
കണ്ടിരുന്നു.

എങ്ങോ കളഞ്ഞു പോയ
പക്ഷിയുടെ ചിറകൊരെണ്ണം
തേടിയിട്ടും കണ്ടെത്താന്‍
കഴിയാതെ മണല്‍ത്തരികള്‍
നിശ്ശബ്ദമായ്.

പക്ഷിയുടെ
ദുഃഖത്തിനൊരാഴിയുടെ
ദൂരമുണ്ടായിരുന്നു.
തിരകള്‍ അന്നും
തന്റെ ജോലി
ഗൗരവമായി ചെയ്തിരുന്നു.

ചിറകടര്‍ന്നു പോയ
വെണ്‍പ്രാവിന്റെ തൂവലില്‍
നിണമണം പടര്‍ന്നിരുന്നു.
കടലാസുകള്‍ പരുങ്ങി
നിന്നപ്പോഴും
പെന്‍സില്‍ മുനയൊടിഞ്ഞു
തൂങ്ങിയപ്പോഴും
കവിതകളെന്നെ
സ്വീകരിച്ചിരുന്നു.

ഒടുക്കം പ്രണയമെന്ന
വാക്കിനാല്‍ അക്ഷരങ്ങള്‍
പിണങ്ങി പിന്‍വാങ്ങി
ദിശ മാറി പോകാമെന്ന്
കരുതിയിട്ടും കഴിയാതെ
നിശ്ചലമായി മിഴികള്‍
തുളുമ്പുന്നതറിയാതെ
മഴയുടെ ഭാരത്തില്‍
കാലുകള്‍ ഉറയ്ക്കാതെ
കൈകള്‍ വിറച്ചും
മണ്ണിനോടു ചേര്‍ന്നു തുടങ്ങി
ഇളം തെന്നല്‍.

ഇന്നും
ഞാനെന്റെ ഓര്‍മത്തണലില്‍
വിശ്രമിക്കുമ്പോള്‍
ജാലകമില്ലാത്ത
വാതിലുകളില്ലാത്ത
മുറിയുടെ കോണില്‍
ഉറങ്ങുമ്പോഴും കളങ്കമില്ലാത്ത
ഹൃദയപ്പുഴയുടെ ശബ്ദമല്ലാതെ
മറ്റൊന്നും കേള്‍ക്കാന്‍
കഴിയാതെ വിങ്ങാറുണ്ട്.

കാഴ്ച്ച നഷ്ടമായത്
എന്റെ ഹൃദയത്തിനായിരുന്നുവെന്നും
ഞാനും മറന്നുപോയി.
കാറ്റും കവിതയും
പണ്ടേ മറന്നൊരു
മുഖമായിരുന്നു ഞാനെന്ന്
ഇന്നേതോ ഒരു പക്ഷി
പാടിപ്പോയതും
യാദൃച്ഛികം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6