മലയാള സിനിമയിലെ ശ്രദ്ധേയരായ താരദമ്പതികളായിരുന്നു നടി മഞ്ജു പിള്ളയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും. 2000-ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പിന്നീട് അഭിപ്രായവ്യത്യാസങ്ങളും പൊരുത്തക്കേടുകളും കാരണം 2020 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. 2024 മാർച്ചിൽ നിയമപരമായി വിവാഹമോചനം പൂർത്തിയാക്കിയ വിവരം അതേ വർഷം ഏപ്രിലിലാണ് സുജിത് വാസുദേവ് സ്ഥിരീകരിച്ചത്.
ഇപ്പോഴിതാ മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ച് മകൾ ദയ സുജിത്ത് നടത്തിയ തുറന്നുപറച്ചിലാണ് ശ്രദ്ധ നേടുന്നത്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് മാതാപിതാക്കളുടെ വിവാഹമോചനത്തെ താൻ എങ്ങനെയാണ് കണ്ടതെന്നും ആ തീരുമാനത്തിലേക്ക് അവരെ എത്തിക്കാൻ താൻ നൽകിയ ഉപദേശം എന്തായിരുന്നുവെന്നും ദയ വെളിപ്പെടുത്തിയത്.
മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ തനിക്ക് വലിയ മാനസിക വിഷമമോ ട്രോമയോ ഉണ്ടായിട്ടില്ലെന്നാണ് ദയ പറയുന്നത്. മാത്രമല്ല, ഇരുവരും സന്തോഷമില്ലാത്ത ബന്ധത്തിൽ തുടരുന്നതിനേക്കാൾ വേർപിരിയുന്നതാണ് നല്ലതെന്ന് ഉപദേശിച്ചത് താനാണെന്നും ദയ വ്യക്തമാക്കി.
“അവർ വേർപിരിഞ്ഞപ്പോൾ ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. ഞാനാണ് അവരോട് വേർപിരിയാൻ പറഞ്ഞത്. എനിക്ക് വേണ്ടി ഒരുമിച്ച് നിൽക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അവർ രണ്ടുപേരും അതൃപ്തരായിരുന്നു. സമൂഹം എന്ത് പറയുമെന്നതായിരുന്നു അവരുടെ പ്രധാന ആശങ്ക” എന്നാണ് ദയയുടെ വാക്കുകൾ.
വിവാഹമോചനത്തെക്കുറിച്ച് സമൂഹം കുറച്ചുകാലം മാത്രമേ സംസാരിക്കുകയുള്ളൂവെന്നും പിന്നീട് എല്ലാവരും അത് മറന്നുപോകുമെന്നും ദയ പറഞ്ഞു. എന്നാൽ സമൂഹത്തെ ഭയന്ന് സ്വന്തം സന്തോഷം നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി.
“ഡിവോഴ്സ് ആയാൽ രണ്ടുവർഷം അതേക്കുറിച്ച് പറഞ്ഞുനടക്കും. അതുകഴിഞ്ഞാൽ സമൂഹം അത് മറക്കും. പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത്. കുറച്ചുകൂടി നേരത്തെ ഞാൻ അവരോട് ഇക്കാര്യം പറയണമായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്” എന്നും ദയ കൂട്ടിച്ചേർത്തു.
ഒരു ബന്ധം എന്നുപറയുന്നത് മറ്റൊരാളെ മാത്രം സന്തോഷിപ്പിക്കാനുള്ളതല്ലെന്നും രണ്ടുപേരും ഒരുപോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നുമാണ് ദയയുടെ അഭിപ്രായം. മാതാപിതാക്കൾ ഇരുവരും മാനസികമായി ബുദ്ധിമുട്ടുന്ന സാഹചര്യം താൻ കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് പറഞ്ഞതെന്നും ദയ വ്യക്തമാക്കി.
മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും കരിയറിലും വ്യക്തിജീവിതത്തിലും അവർ കൂടുതൽ മുന്നേറിയെന്നും ദയ പറയുന്നു. അച്ഛന് തന്റെ ഇഷ്ടമേഖലയിൽ കൂടുതൽ ശ്രദ്ധിക്കാനും മുന്നോട്ടുപോകാനും കഴിഞ്ഞു. അമ്മയുടെ കാര്യത്തിലും വലിയ മാറ്റങ്ങളുണ്ടായി. ആരോഗ്യത്തിലും കരിയറിലും മഞ്ജു പിള്ള കൂടുതൽ ശ്രദ്ധ ചെലുത്തിയെന്നും ദയ പറഞ്ഞു.
വിവാഹമോചനത്തിനുശേഷം അച്ഛനേക്കാൾ കൂടുതൽ വിമർശനങ്ങളും വിദ്വേഷ കമന്റുകളും അമ്മയ്ക്ക് നേരിടേണ്ടിവന്നുവെന്ന കാര്യവും ദയ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് സിനിമാ മേഖലയിലെ പുരുഷാധിപത്യ സാഹചര്യത്തിൽ വിവാഹമോചനമെന്ന തീരുമാനം എടുക്കുന്നത് അമ്മയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ലെന്നും ദയ ഓർത്തെടുത്തു.

വിവാഹമോചനത്തിനുശേഷം അമ്മയ്ക്ക് ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നപ്പോൾ അതൊരു താൽക്കാലിക ഘട്ടം മാത്രമാണെന്നും അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനാകുമെന്നും താൻ ആശ്വസിപ്പിച്ചിരുന്നുവെന്നും ദയ പറഞ്ഞു.
മഞ്ജു പിള്ളയുടെ കുടുംബത്തിന് സിനിമാ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും സ്വന്തം പരിശ്രമത്തിലൂടെയാണ് അമ്മ കരിയർ വളർത്തിയെടുത്തതെന്നും സിനിമാ പശ്ചാത്തലമില്ലാതെ ഈ രംഗത്തെത്തിയ അച്ഛന്റെ അധ്വാനത്തെയും നേട്ടങ്ങളെയും താൻ ഏറെ ബഹുമാനിക്കുന്നുവെന്നും ദയ വ്യക്തമാക്കി.
അമ്മയുടെ ജീവിതത്തോടുള്ള സമീപനത്തിലും ഇപ്പോൾ വലിയ മാറ്റമുണ്ടെന്നാണ് ദയയുടെ നിരീക്ഷണം. ജീവിതത്തിൽ സ്വന്തം ലക്ഷ്യങ്ങൾ നേടണമെന്ന വാശിയോടെ അമ്മ മുന്നോട്ടുപോകുകയാണെന്നും എറണാകുളത്തും തിരുവനന്തപുരത്തും ഫ്ലാറ്റുകൾ വാങ്ങിയതടക്കം സ്വന്തം അധ്വാനത്തിലൂടെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയെന്നും ദയ പറഞ്ഞു.
മാതാപിതാക്കളുടെ വേർപിരിയലിനെ ഒരു തകർച്ചയായി കാണാതെ അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള തീരുമാനമായി കണ്ട മകൾ ദയയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സമൂഹം എന്ത് ചിന്തിക്കും എന്നതിനെക്കാൾ വ്യക്തികളുടെ സന്തോഷത്തിനും മാനസിക സമാധാനത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന സന്ദേശവും ദയയുടെ തുറന്നുപറച്ചിൽ മുന്നോട്ടുവെക്കുന്നത്
No Comment.