Skip to content

chithrodayamflashnews.com

November 28, 2026 7:32 am

36 വർഷത്തെ പ്രവാസത്തിനിടെ 15 വർഷം നാട്ടിലേക്ക് മടങ്ങാനായില്ല; ഒടുവിൽ അജയകുമാറിന്റെ മൃതദേഹം നാളെ കേരളത്തിലെത്തും

റിയാദ്: സൗദി അറേബ്യയിലെ ദവാദ്മിയിൽ മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാറിന്റെ (56) മൃതദേഹം നാളെ നാട്ടിലെത്തിക്കും. താമസരേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമനടപടികളും കാരണം ഒരുമാസത്തോളം നീണ്ട നടപടികൾക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

36 വർഷമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അജയകുമാർ. എന്നാൽ, ചില നിയമപ്രശ്നങ്ങളും പൊലീസ് കേസുമായി ബന്ധപ്പെട്ട ഭയവും കാരണം കഴിഞ്ഞ 15 വർഷത്തോളമായി നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് നേരത്തെ അറസ്റ്റിലായിരുന്ന അജയകുമാർ, ഒരു സ്വദേശി പൗരന്റെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. പിന്നീട് താമസരേഖകൾ പുതുക്കുന്നതിനോ നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ വർഷങ്ങളോളം കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദവാദ്മി പൊലീസ് കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരമറിയിച്ചു. തുടർന്ന് കേളി പ്രവർത്തകരും ഇന്ത്യൻ എംബസിയും ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

ഗൾഫ് എയർ വിമാനത്തിൽ അൽഖസ്സീം വഴിയാണ് മൃതദേഹം കേരളത്തിലെത്തിക്കുന്നത്. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ തീരുമാനിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6