സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ചില വാർത്തകൾ നമ്മുടെ മനസ്സിനെ വല്ലാതെ സ്പർശിക്കും. അത്തരത്തിൽ ഏതൊരു മനുഷ്യന്റെയും ഹൃദയം നിറയ്ക്കുന്ന ഒരു വാർത്തയാണിത്. വെറും 15 മാസം മാത്രം പ്രായമുള്ള, ജന്മനാ കാഴ്ചശക്തിയില്ലാത്ത ഒരു കുഞ്ഞിനെ സ്വന്തം മകളായി ദത്തെടുത്തിരിക്കുകയാണ് ജാസ്പറും ഭാര്യ തെരേസയും.
ഒരു കുഞ്ഞിന്റെ കളിചിരികൾ നിറയുന്ന കുടുംബജീവിതത്തിനായി ഒരുപാട് നാളായി ആഗ്രഹിച്ചവരായിരുന്നു ഇരുവരും. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാകാൻ കാത്തിരുന്നിട്ടും അവർക്ക് സ്വന്തം കുഞ്ഞിനെ ലഭിച്ചില്ല. ഒടുവിൽ മറ്റൊരു കുഞ്ഞിന് അച്ഛനും അമ്മയുമായി ജീവിതം നൽകാമെന്ന തീരുമാനത്തിലാണ് ഇരുവരും എത്തിയത്.
അങ്ങനെ ഒരുപാട് നാളത്തെ അന്വേഷണങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ആദയെ അവർ കണ്ടെത്തുന്നത്. അവളെ ആദ്യമായി കാണാൻ എത്തിയപ്പോഴാണ് ജന്മനാ കാഴ്ചശക്തിയില്ലാത്ത കുഞ്ഞാണ് ആദയെന്ന് ഇരുവരും മനസ്സിലാക്കുന്നത്. ജീവിതകാലം മുഴുവൻ കാഴ്ച ലഭിക്കാനുള്ള സാധ്യതയില്ലാത്ത അവസ്ഥയിലായിരുന്നു ആ കുഞ്ഞ്.

ഒരുപക്ഷേ, ഇക്കാര്യം അറിഞ്ഞപ്പോൾ പലരും ഒരു നിമിഷമെങ്കിലും ചിന്തിച്ചേക്കാം. എന്നാൽ ജാസ്പറിനും തെരേസയ്ക്കും അതൊന്നും ഒരു തടസ്സമായിരുന്നില്ല. അവൾക്ക് കാഴ്ചയുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല അവർക്ക് പ്രധാനം. അവൾക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും ഒരു അച്ഛനും അമ്മയും വേണമെന്നത് മാത്രമായിരുന്നു അവരുടെ മനസ്സിൽ. അങ്ങനെ ആദയെ ഇരുവരും ചേർത്തുപിടിച്ചു. സ്വന്തം മകളായി ആ കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടി.
ഇന്നവൾക്ക് ലോകം കാണാൻ കണ്ണുകളില്ലെങ്കിലും ആ ലോകത്തെക്കാൾ മനോഹരമായൊരു സ്നേഹലോകമുണ്ട്. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് അവൾ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നു. അവളുടെ ഇരുണ്ട ലോകത്ത് സ്നേഹത്തിന്റെ വെളിച്ചമായി ജാസ്പറും തെരേസയും എന്നും കൂടെയുണ്ട്.
No Comment.