കൊല്ലം: അന്താരാഷ്ട്ര സൗന്ദര്യമത്സര വേദിയിൽ ചരിത്രനേട്ടം സ്വന്തമാക്കി കൊല്ലം ഇരവിപുരം സ്വദേശിനി നഹാമിയ റൂത്ത് (Nahamia Rooth). പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ അക്രയിൽ (Accra) നടന്ന ‘ക്ലാസിക് ക്വീൻ ഇന്റർനാഷണൽ 2026’ (Classic Queen International 2026) മത്സരത്തിലാണ് നഹാമിയ ഒന്നാം സ്ഥാനവും കിരീടവും സ്വന്തമാക്കിയത്. ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മത്സരാർത്ഥിയും കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയും എന്ന ചരിത്രനേട്ടമാണ് നഹാമിയ സ്വന്തമാക്കിയത്.

നവംബർ 11 മുതൽ 18 വരെ അക്രയിലെ നാഷണൽ തിയേറ്ററിൽ “ക്വീൻസ് ബിയോണ്ട് ബ്യൂട്ടി” (Queens Beyond Beauty) എന്ന പ്രമേയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയ നഹാമിയ, ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി നടന്ന പബ്ലിക് പോളിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയിരുന്നു.
ഗ്ലോറിഫിക് അലയൻസ് എൽ.എൽ.പി (Glorifique Alliance LLP) സംഘടിപ്പിക്കുന്ന ‘മിസ് ഗ്ലോറിഫിക് ഇന്ത്യ’ വഴിയാണ് നഹാമിയയ്ക്ക് അന്താരാഷ്ട്ര വേദിയിലേക്ക് അവസരം ലഭിച്ചത്. ആദ്യം പ്രാദേശിക തലത്തിൽ മത്സരിച്ച് ‘മിസ് ഗ്ലോറിഫിക് കേരള’ കിരീടം നേടിയ നഹാമിയ, തുടർന്ന് ദേശീയ തലത്തിൽ ‘മിസ് ക്ലാസിക് ക്വീൻ ഇന്റർനാഷണൽ ഇന്ത്യ 2026’ പട്ടവും സ്വന്തമാക്കിയാണ് ഘാനയിലേക്ക് യോഗ്യത നേടിയത്. കൊല്ലം ഇരവിപുരം സ്വദേശികളായ ക്രോണിൻ സി. ഫെർണാണ്ടസിന്റെയും ഷൈനി റാണിയുടെയും മകളാണ് നഹാമിയ റൂത്ത്.
No Comment.