Skip to content

chithrodayamflashnews.com

November 27, 2026 5:36 am

കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കാനെന്ന് പറഞ്ഞ് കണ്ണീരിൽ കുതിർന്ന തട്ടിപ്പ്; സിനിമാ താരങ്ങളെയും സാധാരണക്കാരെയും വീഴ്ത്തിയ ‘നബീലിന്റെ’ വലയിൽ ആർജെ മിഥുനും;

പണം കൊടുത്ത് സഹായിച്ചവരുടെ സ്ക്രീൻഷോട്ടുകൾ കാട്ടി വീണ്ടും കൊള്ള, മുന്നറിയിപ്പുമായി താരം!
​കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്ന് പറഞ്ഞ് വൈകാരികമായി സമീപിച്ച് തന്നെയും സിനിമാ താരങ്ങളെയും സാധാരണക്കാരെയും ഉൾപ്പെടെ നിരവധി പേരെ നബീൽ എന്നയാൾ സാമ്പത്തികമായി കബളിപ്പിച്ചതായി പ്രശസ്ത അവതാരകൻ ആർജെ മിഥുൻ വെളിപ്പെടുത്തി. ദുബായിൽ വച്ച് നടത്തിയ പ്രതികരണത്തിലാണ് നബീൽ എന്ന പേരിൽ പണം ചോദിച്ച് ആരെങ്കിലും സമീപിച്ചാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മിഥുൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ കുടുംബത്തെയും ഒന്നുമറിയാത്ത ഭാര്യയെയും കുഞ്ഞിനെയും ബാധിക്കുമെന്നതിനാലാണ് പൂർണ്ണമായ പേര് വെളിപ്പെടുത്താത്തതെന്നും, എന്നാൽ ഈ തട്ടിപ്പുകാരൻ കാരണം യഥാർത്ഥത്തിൽ സഹായം അർഹിക്കുന്ന ‘നബീൽ’ എന്ന പേരുള്ള നിരവധി നല്ല മനുഷ്യർക്ക് പോലും സമൂഹത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും മിഥുൻ വ്യക്തമാക്കി.

​തന്റെ കുഞ്ഞിന് സുഖമില്ലെന്നും കരൾ മാറ്റിവയ്ക്കാൻ അല്പം തുകയുടെ കുറവുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ പണം ലഭിച്ചാൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്നും പറഞ്ഞാണ് ഇയാൾ ആളുകളെ സമീപിച്ചിരുന്നത്. വിശ്വാസ്യത നേടിയെടുക്കുന്നതിനായി സമൂഹത്തിൽ അറിയപ്പെടുന്ന പല പ്രമുഖരുടെയും പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. കുഞ്ഞിന്റെ ചികിത്സാ കാര്യമാണല്ലോ എന്ന് കരുതി സത്യസന്ധമായ ഇടപെടലാണെന്ന് വിശ്വസിച്ചാണ് മിഥുൻ പണം നൽകിയത്. എന്നാൽ, പിന്നീട് നടൻ സംഗീത് പ്രതാപ് വിളിച്ചു സംസാരിച്ചപ്പോഴാണ് ഇതൊരു വലിയ തട്ടിപ്പാണെന്ന സത്യം മിഥുൻ തിരിച്ചറിഞ്ഞത്. സംഗീത് പ്രതാപ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

​തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ മിഥുൻ ഇയാൾക്ക് ഒരു വോയിസ് നോട്ട് അയച്ചിരുന്നു. താൻ നൽകിയ പണം നഷ്ടപ്പെട്ടതിൽ വിഷമമില്ലെന്നും അത് എടുത്തോളൂ എന്നും, എന്നാൽ തന്റെ പേരും താൻ പണം അയച്ചതിന്റെ സ്ക്രീൻഷോട്ടുകളും മറ്റുള്ളവരെ പറ്റിക്കാനായി ഉപയോഗിക്കരുതെന്നും മിഥുൻ കർശനമായി താക്കീത് നൽകിയിരുന്നു. അങ്ങനെ ചെയ്താൽ നിയമപരമായി നീങ്ങേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച്, വലിയ സമ്പന്നരിൽ നിന്ന് മാത്രമല്ല, സാധാരണക്കാരായ ആളുകളിൽ നിന്നുപോലും നൂറും ഇരുന്നൂറും ദിർഹം വീതം മിഥുന്റെ സ്ക്രീൻഷോട്ടുകൾ കാണിച്ച് ഇയാൾ തട്ടിയെടുക്കാൻ തുടങ്ങിയതോടെയാണ് സംഭവം പരസ്യമായി വെളിപ്പെടുത്താൻ താരം തീരുമാനിച്ചത്.

​സഹായങ്ങൾ ചെയ്യുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും എന്നാൽ പിഞ്ചുകുട്ടികളുടെ പേരും അസുഖവും പറഞ്ഞ് മനുഷ്യരുടെ നന്മയെ ചൂഷണം ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ പ്രവൃത്തിയാണെന്നും മിഥുൻ അഭിപ്രായപ്പെട്ടു. ഇത്തരം തട്ടിപ്പുകാർ കാരണം നാളെ ശരിക്കും ജീവൻരക്ഷാ ചികിത്സയ്ക്ക് സഹായം തേടി വരുന്ന യഥാർത്ഥ രോഗികളെ പോലും ആരും വിശ്വസിക്കാത്ത സാഹചര്യമുണ്ടാകുമെന്ന വലിയ ആശങ്കയും അദ്ദേഹം പങ്കുവച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6