Skip to content

chithrodayamflashnews.com

November 28, 2026 6:54 am

പെണ്‍കുട്ടിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഹാജരാക്കിയത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം; ആദ്യവിവാഹവും വിവാഹമോചനവും മറച്ചുവെച്ച് കൊട്ടാരക്കരയില്‍ രണ്ടാം വിവാഹം

കൊല്ലം കൊട്ടാരക്കര: ആദ്യവിവാഹവും തുടർന്നുണ്ടായ വിവാഹമോചനവും മറച്ചുവെച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലി കായംപിള്ളിയിൽ ഹൗസിൽ ഇന്ദ്രജിത്ത് (32) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. വാളകം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

പെൺകുട്ടിയെയും വീട്ടുകാരെയും വിശ്വസിപ്പിക്കാൻ താൻ അവിവാഹിതനാണെന്ന് തെളിയിക്കുന്നതിനായി കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം ഇയാൾ ഹാജരാക്കിയതായാണ് പോലീസ് കണ്ടെത്തിയത്. യുവാവിനെ വർഷങ്ങളായി അറിയാമെന്നും ഇയാൾ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള തരത്തിലായിരുന്നു സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ.

എന്നാൽ, ഇയാൾ നേരത്തെ വിവാഹം കഴിച്ചിരുന്നതായും ആ ബന്ധം നിയമപരമായി വേർപെടുത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 2023 ജൂലൈ 14-ന് ഇടുക്കി സ്വദേശിനിയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച ഇന്ദ്രജിത്ത്, 2025 ഫെബ്രുവരി ഒന്നിന് എറണാകുളം കുടുംബകോടതിയുടെ ഉത്തരവിനെത്തുടർന്ന് വിവാഹബന്ധം വേർപെടുത്തിയിരുന്നു. ആദ്യവിവാഹത്തിലെ ഭാര്യയുമായി ബന്ധപ്പെട്ട് ഭാര്യാപീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാൽ, ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് വാളകം സ്വദേശിനിയുമായുള്ള വിവാഹാലോചനയുമായി ഇയാൾ മുന്നോട്ടുപോയത്. വിവാഹാലോചനയുടെ ഘട്ടത്തിലോ വിവാഹസമയത്തോ ആദ്യവിവാഹത്തെക്കുറിച്ചോ വിവാഹമോചനത്തെക്കുറിച്ചോ യുവതിയോടോ വീട്ടുകാരോടോ വെളിപ്പെടുത്തിയില്ലെന്നാണ് പരാതി.

വർക്കല ശിവഗിരിയിലും ആറ്റുകാൽ ക്ഷേത്രത്തിലും വിവാഹച്ചടങ്ങുകൾ നടത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി മുൻപ് വിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രമോ, വിവാഹിതനായിരുന്നെങ്കിൽ നിയമപരമായി ബന്ധം വേർപെടുത്തിയതിന്റെ രേഖയോ ആവശ്യമായിരുന്നു. ഇതിന് പകരമായാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം ഹാജരാക്കിയതെന്നാണ് പോലീസ് കണ്ടെത്തൽ.

ഇതിന്റെ അടിസ്ഥാനത്തിൽ ശിവഗിരിയിൽ മാലയിടൽ ചടങ്ങും തുടർന്ന് ജൂലൈ 12-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങും നടന്നു.

എന്നാൽ, പിന്നീട് ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉടലെടുത്തു. ഇതോടെ യുവതിയുടെ വീട്ടുകാർ യുവാവിനും ബന്ധുക്കൾക്കുമെതിരെ സ്ത്രീധനപീഡന ആരോപണവുമായി കൊട്ടാരക്കര പോലീസിൽ പരാതി നൽകി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെയാണ് ഇന്ദ്രജിത്തിന്റെ ആദ്യവിവാഹവും വിവാഹമോചനവും വ്യാജ സത്യവാങ്മൂലത്തിന്റെ വിവരങ്ങളും പുറത്തുവന്നത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും വ്യാജരേഖകൾ തയ്യാറാക്കുന്നതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ. ഹേമന്ത് മോഹൻ അറിയിച്ചു.

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6