Skip to content

chithrodayamflashnews.com

കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ എടിസി ടവർ വരുന്നു; ഉയരം 18 മീറ്ററിൽനിന്ന് 45 മീറ്ററാക്കും

കരിപ്പൂർ വിമാനത്താവളത്തിൽ റീകാർപറ്റിങ് നടത്തി റൺവേ ബലപ്പെടുത്തിയതിനു പിന്നാലെ, വ്യോമയാന നിരീക്ഷണത്തിനു പുതിയതും കൂടുതൽ ഉയരമുള്ളതുമായ എടിസി (എയർ ട്രാഫിക് കൺട്രോൾ) ടവർ വരുന്നു. കൺട്രോൾ ടവറിന്റെ ഉയരം 18 മീറ്ററിൽനിന്ന് 45 മീറ്ററാകും.

അനുബന്ധ സൗകര്യങ്ങളും ഓഫിസുകളും ഉൾപ്പെടുന്ന ബഹുനില ടെക്നിക്കൽ കെട്ടിടമാണ് ഉദ്ദേശിക്കുന്നത്. വിമാനങ്ങളുടെ പോക്കുവരവുകൾ നിയന്ത്രിക്കുന്ന വിമാനത്താവളത്തിലെ അതിപ്രധാന കേന്ദ്രമാണ് എടിസി. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിലേക്കുള്ള വഴി കൂടിയാണ് ഉയരം കൂടിയ ആധുനിക കൺട്രോൾ ടവർ.

പുതിയ ടവർ നിർമാണം വർഷങ്ങൾ മുൻപുള്ള നിർദേശമാണ്. 2020ലെ വിമാനാപകടത്തെത്തുടർന്നാണു ടവർ വീണ്ടും ചർച്ചയായത്. കാർഗോ കോംപ്ലക്സിനു സമീപം എയർപോർട്ട് അതോറിറ്റിയുടെ കൈവശമുള്ള പഴയ ലാൻഡ് അക്വിസിഷൻ ഓഫിസിന്റെ ഭാഗത്താണു പുതിയ ടവർ ഉദ്ദേശിക്കുന്നത്. ഒരേക്കറിലേറെ സ്ഥലമുണ്ടിവിടെ. അപകടത്തിൽപെട്ട വിമാനഭാഗങ്ങൾ ഇവിടെയാണു കൂട്ടിയിട്ടിട്ടുള്ളത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.

പ്രപ്പോസൽ തയാറാക്കി അയച്ചു. ഇനി ഡിജിസിഎ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കിട്ടിയാൽ നിർമാണം തുടങ്ങും. ഇവിടെ ടവർ വരുന്നതോടെ, വിമാനത്താവളത്തിനുള്ളിലെ പഴയ കൺട്രോൾ ടവർ കെട്ടിടം നീക്കി അവിടെ വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും.

അതോടെ കരിപ്പൂർ വിമാനത്താവളത്തിൽ കൂടുതൽ വലിയ വിമാന പാർക്കിങ്ങിനു സൗകര്യമൊരുങ്ങും. കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരണ പട്ടികയിലുള്ളതിനാൽ, വിമാനത്താവളം സ്വകാര്യ സംഘങ്ങൾക്കു നൽകുമ്പോൾ കൺട്രോൾ യൂണിറ്റ് സ്വതന്ത്രമായിരിക്കണം എന്ന ഉദ്ദേശവും ടവർ മാറ്റത്തിനു പിന്നിലുണ്ടെന്നാണു വിലയിരുത്തൽ.

രാജ്യാന്തര നിലവാരമുള്ള ടവർ ആണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് 35 വർഷത്തെ പഴക്കമുണ്ട്. പഴയ ടവർ ഉയരം കൂട്ടുക പ്രയാസമാണ്. മാത്രമല്ല, ചോർച്ചയും മറ്റുമായി ശോച്യാവസ്ഥയിലുമാണ്. കൺട്രോൾ ടവറും അനുബന്ധ ഓഫിസുകളും വിമാനത്താവള സമുച്ചയത്തിനു പുറത്തേക്കു മാറുന്നത് ഉദ്യോഗസ്ഥർക്കും സൗകര്യപ്രദമാകും.

ഓപ്പറേഷൻ ഏരിയയിലാണു കൺട്രോൾ ടവർ എന്നതിനാൽ, സിഐഎസ്എഫ് പരിശോധനകളും മറ്റും കഴിഞ്ഞു വേണം അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ. താഴെ ഓഫിസുകളും മുകളിൽ ടവറും എന്ന രീതിയിലുള്ള ടെക്നിക്കൽ കോംപ്ലക്സ് ആണ് ഉദ്ദേശിക്കുന്നത്.എയർ ട്രാഫിക് കൺട്രോൾ, കമ്യൂണിക്കേഷൻ നാവിഗേഷൻ സർവൈലൻസ് എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന പ്രധാന വിഭാഗങ്ങൾ.

അനുബന്ധമായി ടെക്നിക്കൽ ഓഫിസ്, എക്യുപ്മെന്റ്സ് റൂം, അപ്രോച്ച് കൺട്രോൾ ഓഫിസ്, കമ്യൂണിക്കേഷൻ കാബിനുകൾ, റഡാർ റൂം, ഉദ്യോഗസ്ഥർക്കുള്ള ഓഫിസുകൾ, എയർപോർട്ട് ഇൻചാർജ് ഓഫിസ്, അഡ്മിനിസ്ട്രേഷൻ ഓഫിസ്, ട്രെയിനിങ് വിഭാഗം തുടങ്ങിയവയും ഇവിടെയുണ്ടാകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6