മകന്‍ ഷിഖിലിനെ ഭാര്യ അഞ്ജന ബോധപൂർവ്വം കുടുക്കിയതാണെന്ന ഗുരുതര ആരോപണവുമായി ഷിഖിലിന്റെ പിതാവ് ഗിരീഷ് കുമാർ രംഗത്ത്. മകന്‍ സ്ഥിരമായി മദ്യപിക്കാറില്ലെന്നും കുട്ടിയെ മർദ്ദിച്ചു കൊന്നുവെന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മകനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്നാണ് ഗിരീഷ് കുമാറിന്റെ വെളിപ്പെടുത്തൽ.
ഭർതൃപിതാവിന്റെ ഗുരുതര ആരോപണങ്ങൾ:
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഷിഖിലും അഞ്ജനയും. എന്നാൽ മരുമകൾ അഞ്ജന കുട്ടിക്ക് കൃത്യമായി പാലോ ആഹാരമോ നൽകാറില്ലായിരുന്നു. ഷിഖിലിനെ അഞ്ജന നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, പരസ്യമായി മർദ്ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഗിരീഷ് കുമാർ പറയുന്നു.
അഞ്ജനയ്ക്ക് രണ്ടാമതൊരു വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും, ഇതിനായി തന്റെ മകനെ കേസിൽ കുടുക്കി രക്ഷപ്പെടാനാണ് അവൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി
നാട്ടുകാരുടെ പ്രതികരണവും സംശയങ്ങളും:
ഷിഖിൽ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നാണ് അയൽവാസിയായ കരുണാകരനും സാക്ഷ്യപ്പെടുത്തുന്നത്. ഷിഖിൽ മദ്യപിച്ച് കുഞ്ഞിനെ മർദ്ദിച്ചുകൊന്നു എന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ കുഞ്ഞിന്റെ മരണത്തിൽ ആദ്യമായി സംശയം പ്രകടിപ്പിച്ച് പൊലീസിനെ വിവരമറിയിച്ചതും കരുണാകരനാണ്.
2025 ഒക്ടോബർ ഒന്നിനാണ് നാടിനെ നടുക്കിയ ഈ സംഭവം നടക്കുന്നത്.
രാത്രിയിൽ കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുവെന്നും പറഞ്ഞ് ആദ്യം പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല.

തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം സ്വാഭാവികമല്ലെന്നും കുഞ്ഞിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നും വ്യക്തമായത്. എന്നാൽ കുട്ടിക്ക് മർദ്ദനമേറ്റ വിവരം അമ്മ അഞ്ജന ആരോടും പുറത്തുപറഞ്ഞിരുന്നില്ല. നാട്ടുകാരുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ ശക്തമായ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. രാത്രി കുട്ടി കരഞ്ഞതിന്റെ ദേഷ്യത്തിൽ അച്ഛൻ ഷിജിൻ മർദ്ദിച്ചതെന്നാണ് അഞ്ജന പൊലീസിന് മൊഴി നൽകിയിരുന്നത്.
എന്തായാലും മാതാപിതാക്കൾ പരസ്പരം പഴിചാരുമ്പോൾ, പിഞ്ചുകുഞ്ഞിന്റെ ദാരുണമായ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണത്തിലാണ് പോലീസ്.
No Comment.